2018 December 12 Wednesday
ഏറ്റവും വലിയ ഇരുമ്പുമറ സ്വന്തം മനസിനു ചുറ്റും നാം പണിയുന്നതാണ്-ജവഹര്‍ലാല്‍ നെഹ്‌റു

കശുവണ്ടി-മത്സ്യമേഖലകളില്‍ സര്‍ക്കാര്‍ യു.എന്‍ വിമന്റെ സഹകരണം തേടി

കൊല്ലം: കശുവണ്ടി-മത്സ്യമേഖലകളില്‍ ജോലിചെയ്യുന്ന സ്ത്രീകളുടെ ക്ഷേമത്തിന് യു.എന്‍ വിമന്റെ സഹകരണം തേടി സംസ്ഥാന സര്‍ക്കാര്‍. ഐക്യരാഷ്ട്ര സഭയുടെ സംഘടനയായ യു.എന്‍ വിമന്റെ ഉന്നതതല ഉദ്യോഗസ്ഥരുമായി ഇതുസംബന്ധിച്ച് ന്യൂയോര്‍ക്കിലെ ആസ്ഥാനത്ത് ഫിഷറീസ് – കശുവണ്ടി വ്യവസായ മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ കൂടിക്കാഴ്ച നടത്തി.
ആഫ്രിക്കയില്‍ യു.എന്‍ വിമന്‍ ശാക്തീകരണ പദ്ധതികളുടെ ഭാഗമായി നിലവില്‍ പ്രവര്‍ത്തിക്കുന്ന വനിതാ ഗ്രുപ്പുകളെയും സ്വയം സഹായസംഘങ്ങളെയും തോട്ടണ്ടി സംഭരണ സംരംഭങ്ങളിലേക്ക് ആകര്‍ഷിക്കുകയെന്ന നിര്‍ദേശം ചര്‍ച്ചയില്‍ ഉയര്‍ന്നു. തിരുവനന്തപുരത്ത് 2017ല്‍ ആഫ്രിക്കന്‍ രാഷ്ട്രങ്ങളിലെ സ്ഥാനപതിമാരെ പങ്കെടുപ്പിച്ച് നടന്ന കാഷ്യു കോണ്‍ക്ലേവിലെ തീരുമാനങ്ങള്‍ നടപ്പാക്കുന്നതിന് ഇത് സഹായകമാകുമെന്നാണ് വിലയിരുത്തല്‍.
വര്‍ഷത്തില്‍ പരമാവധി തൊഴില്‍ ദിനങ്ങളും മെച്ചപ്പെട്ട ആനുകൂല്യങ്ങളും ഉറപ്പാക്കുന്നതിനാണ് പരിശ്രമമെന്ന് മന്ത്രി യു.എന്‍ പ്രതിനിധികളെ അറിയിച്ചു. കേരളത്തിലെ 222 മത്സ്യ ഗ്രാമങ്ങളിലെ സാഫ് വനിതാ സംഘങ്ങളുടെ എണ്ണം 17,482 ആയി ഉയര്‍ത്തുകയാണ് ലക്ഷ്യം. നിലവില്‍ 924 സ്വയംസഹായസംഘങ്ങളാണ് പ്രവര്‍ത്തിക്കുന്നത്.
മത്സ്യ വില്‍പ്പനയിലും അനുബന്ധ പ്രവൃത്തികളിലും ഏര്‍പ്പെടുന്ന സ്ത്രീ തൊഴിലാളികളുടെ വരുമാനത്തില്‍ കൂട്ടായ്മകളിലൂടെ വര്‍ധനവ് സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. കശുവണ്ടി, മത്സ്യ മേഖലകളെ സംബന്ധിച്ച പദ്ധതി നിര്‍ദേശങ്ങള്‍ കൊല്ലം കലക്ടര്‍ ഡോ. എസ്. കാര്‍ത്തികേയന്‍ അവതരിപ്പിച്ചു. 80 രാജ്യങ്ങളിലായി 64 ദശലക്ഷം യു.എസ് ഡോളറിന്റെ വനിതാ ശാക്തീകരണ പദ്ധതികള്‍ യു.എന്‍ വിമന്‍ ഏറ്റെടുത്തിട്ടുള്ളതായി സംഘടനയുടെ ഏഷ്യാ പസഫിക് സീനിയര്‍ പ്രോഗ്രാം അഡൈ്വസര്‍ എ.എച്ച് മോംജുറല്‍ കബീര്‍ പറഞ്ഞു. യു.എന്‍ വിമന്‍ ജെന്‍ഡര്‍ ഇക്വാലിറ്റി ഫണ്ട് മാനേജര്‍ നാന്‍സി കീവിസ് വിവിധ രാഷ്ട്രങ്ങളിലെ പദ്ധതികള്‍ വിശദീകരിച്ചു.യു.എന്‍ വിമന്‍ ഇന്ത്യ കണ്‍ട്രി ഓഫിസിന് വിശദമായ പദ്ധതി രേഖ സമര്‍പ്പിക്കുമെന്ന് മന്ത്രി അറിയിച്ചു. യു.എന്‍.ഡി.പി, യുനിഡോ എന്നീ സംവിധാനങ്ങളെക്കൂടി പദ്ധതിയുടെ ഭാഗമാക്കുന്നതിന് ശ്രമിക്കും. കുടിക്കാഴ്ചയില്‍ യു.എന്‍ പ്രതിനിധി സജി തോമസ്, മന്ത്രിയുടെ അഡിഷനല്‍ പ്രൈവറ്റ് സെക്രട്ടറി റോയ് ടോം ലാല്‍, കൊല്ലം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ സി. അജോയ്, എ.ഡി.സി (ജനറല്‍) വി. സുദേശന്‍ എന്നിവരും പങ്കെടുത്തു.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.