2019 April 25 Thursday
ഒരു പ്രഭുവിന്റെ രക്തത്തെക്കാള്‍ വില കൂടിയതത്രെ ഒരു പിച്ചക്കാരന്റെ കൈയിലുള്ള പുസ്തകം -വില്യം ഷേക്‌സ്പിയര്‍

കവിതയുടെ വരവും റില്‍ക്കെയും

കവിത വരുന്നത് എപ്പോള്‍, എവിടെനിന്നൊക്കെയാണെന്ന ചര്‍ച്ച തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. വെറുതെ ചിന്തിച്ചുനില്‍ക്കുന്നതും താമസിക്കുന്ന വീടും വീടിനു ചുറ്റുമുള്ള തൊടിയും വരെ കവിതയ്ക്കു വരാനുള്ള വഴികളാകും പലപ്പോഴും. ഓസ്ട്രിയന്‍ കവി റെയ്‌നര്‍ മറിയ റില്‍ക്കെയുടെ എഴുത്തിനെ മുന്‍നിര്‍ത്തിയൊരു ആലോചന

സുജീഷ്

സിംബലിസത്തിന്റെയും മിസ്റ്റിസിസത്തിന്റെയും കാവ്യാത്മകത വഴിഞ്ഞൊഴുകുന്ന ഭാഷയിലുള്ള ഒരു മിശ്രിതമായിരുന്നു റെയ്‌നര്‍ മറിയ റില്‍ക്കെയുടെ ആദ്യകാല കവിതകള്‍. പിന്നീട് ഫ്രഞ്ചുശില്‍പിയായ റോദാങ്ങുമായുള്ള (അൗഴൗേെ ഞീറശി) ബന്ധം റില്‍ക്കേയുടെ ജീവിതത്തെയും കാവ്യജീവിതത്തെയും ആകെ മാറ്റിമറിയ്ക്കുകയായിരുന്നു. കലാകാരന്‍ പ്രചോദനത്തിനുവേണ്ടി കാത്തിരിക്കുക എന്ന സാമ്പ്രദായികപാഠത്തിനു പകരം, നിരന്തരം പ്രവൃത്തി ചെയ്യുക, കലയെ ഒരു പ്രവൃത്തിയായി കാണുക എന്ന സ്വന്തം രീതിയാണു റോദാങ്ങ് റില്‍ക്കെയെ പഠിപ്പിച്ചത്.
എഴുത്തില്‍ താന്‍ നേരിടുന്ന പ്രതിസന്ധികളെക്കുറിച്ചു കവി പറയവേ റോദാങ്ങ് ചോദിച്ചു: ‘തനിക്കെന്തുകൊണ്ടു പുറത്തുപോയി എന്തിനെയെങ്കിലും വെറുതേ നോക്കിനിന്നുകൂടാ-ഉദാഹരണത്തിന്, മൃഗശാലയില്‍ പോയി ഒരു ജീവിയെ നിരീക്ഷിക്കുക, അതില്‍നിന്നൊരു കവിതയുണ്ടാകുന്നതുവരെ അതിനെ നിരീക്ഷിക്കുക.’ റോദാങ്ങിന്റെ ഈ ഉപദേശത്തില്‍നിന്നാണ് ഒരുപറ്റം വസ്തുക്കളെ ആധാരമാക്കിയുള്ള കവിതകള്‍ റില്‍ക്കെ എഴുതാനാരംഭിച്ചത്. വിശദാംശങ്ങള്‍ക്കും അര്‍ഥച്ഛായകള്‍ക്കും പ്രാധാന്യം കൊടുക്കുക, മറ്റെന്തിലുമുപരി വിഷയത്തിന്റെ രൂപത്തെ തേടിപ്പോവുക, പ്രമേയത്തിനു തൊട്ടറിയാവുന്ന ഒരു രൂപംനല്‍കുക എന്നിങ്ങനെയുള്ള അദ്ദേഹത്തിന്റെ നിര്‍ദേശങ്ങളിലൂടെ റില്‍ക്കെ, മറ്റൊരുതരം കവിതയിലേക്കുള്ള വഴി കണ്ടെത്തി. അങ്ങനെയുള്ളവയാണ് 1902 മുതല്‍ 1908 വരെ എഴുതിയ കവിതകളുടെ സമാഹാരമായ ചലൗല ഏലഴലറശരവലേ (പുതിയ കവിതകള്‍).
ഇതേ റില്‍ക്കെ, മാള്‍റ്റെ ലൗറിഡ്‌സ് ബ്രിഗ്ഗെയുടെ നോട്ടുബുക്കില്‍ ഇങ്ങനെ എഴുതി:
ചെറുപ്പത്തിലേ എഴുതാനാണെങ്കില്‍ കവിതകള്‍ എത്ര തുച്ഛമായിപ്പോകുന്നു. ഒരായുസ്, കഴിയുമെങ്കില്‍ ദീര്‍ഘമായ ഒരായുസുമുഴുവന്‍ കാത്തിരുന്ന് അര്‍ഥവും മാധുര്യവും സഞ്ചയിച്ചതിനൊടുവില്‍ കൊള്ളാവുന്ന പത്തുവരി നിങ്ങള്‍ക്കെഴുതാനായെങ്കിലായി. കവിതകള്‍, ആളുകള്‍ കരുതുമ്പോലെ, വെറും വികാരങ്ങളല്ലല്ലോ (വികാരങ്ങള്‍ നേരത്തേ തന്നെ നിങ്ങള്‍ക്കുള്ളതുമാണ്)-അനുഭവങ്ങളാണവ. ഒരേയൊരു കവിതയ്ക്കായി നിരവധി നഗരങ്ങള്‍ നിങ്ങള്‍ കാണണം, നിരവധി മനുഷ്യരെ കാണണം, വസ്തുക്കള്‍ കാണണം, മൃഗങ്ങളുടെ ഗ്രഹിതങ്ങള്‍ നിങ്ങളറിയണം, പക്ഷികള്‍ പറക്കുന്നതറിയണം, പ്രഭാതത്തില്‍ വിടരുമ്പോള്‍ ചെറുപൂക്കളുടെ ചേഷ്ടകളും നിങ്ങളറിയണം. പരിചയമില്ലാത്തിടങ്ങളിലെ തെരുവുകള്‍ ഓര്‍ത്തെടുക്കാന്‍ നിങ്ങള്‍ക്കാവണം; പ്രതീക്ഷിക്കാത്ത സമാഗമങ്ങളും പണ്ടേ പ്രതീക്ഷിച്ചിരുന്ന വേര്‍പാടുകളും; നിഗൂഢതയുടെ ചുരുളഴിഞ്ഞുതീരാത്ത ബാല്യത്തിന്റെ നാളുകള്‍, ഒരാഹ്ലാദവും കൊണ്ടുവരുമ്പോള്‍ അതു കൈനീട്ടിവാങ്ങാതെ (അത് മറ്റാര്‍ക്കോ വേണ്ടിയുള്ളതായിരുന്നു) നിങ്ങള്‍ നോവിച്ചുവിട്ട അച്ഛനമ്മമാര്‍; വളരെ വിചിത്രമായി തുടങ്ങി ഒടുവില്‍ ഗഹനവും ദുഷ്‌കരവുമായ നിരവധി പരിണാമങ്ങളിലേക്കു പോയ ബാലാരിഷ്ടതകള്‍; ഒച്ചയനക്കമില്ലാതെ മുറികളില്‍ ഒറ്റയ്ക്കടച്ചിരുന്ന നാളുകള്‍; കടല്‍ക്കരയിലെ പുലരികള്‍; തലയ്ക്കുമേല്‍ കൂടി പാഞ്ഞുപോവുകയും നക്ഷത്രങ്ങള്‍ക്കൊപ്പം പറക്കുകയും ചെയ്ത യാത്രകളുടെ നാളുകള്‍-ഇതൊക്കെയും ഓര്‍ത്തെടുക്കാന്‍ കഴിഞ്ഞതുകൊണ്ടുമായില്ല.
പ്രണയനിര്‍ഭരമായ രാത്രികളുടെ (ഒന്നിനൊന്നവ വ്യത്യസ്തവുമായിരുന്നു) ഓര്‍മകള്‍ നിങ്ങള്‍ക്കുണ്ടാവണം; പ്രസവവേദനയെടുത്തു നിലവിളിയ്ക്കുന്ന സ്ത്രീകളെ, പിറവി കൊടുത്തുകഴിഞ്ഞു വീണ്ടുമടയുന്ന മെലിഞ്ഞുവിളറിയ സ്ത്രീകളെ നിങ്ങള്‍ക്കോര്‍മയുണ്ടായിരിക്കണം. മരിക്കാന്‍ കിടക്കുന്നവര്‍ക്കരികിലും നിങ്ങള്‍ പോയിരിക്കണം. തുറന്നിട്ട ജനാലയും ഒറ്റപ്പെട്ട ശബ്ദങ്ങളുമുള്ള മുറിയില്‍ മരിച്ചുകിടക്കുന്നവര്‍ക്കൊപ്പം നിങ്ങളുണ്ടായിരിക്കണം; ഓര്‍മകള്‍ ഉണ്ടായതുകൊണ്ടുമായില്ല; അത്രയധികമാവുമ്പോള്‍ മറക്കാന്‍ നിങ്ങള്‍ക്കു കഴിയണം; പിന്നൊരിക്കല്‍ അവ മടങ്ങിവരുന്നതുവരെ കാത്തിരിക്കാനുള്ള വിപുലമായ സഹനശക്തിയും നിങ്ങള്‍ കാണിക്കണം. ഓര്‍മകള്‍ക്കു മാത്രമായിട്ടൊരു പ്രാധാന്യവുമില്ല. അവ നമ്മുടെ ചോരയായി, നോട്ടവും ചേഷ്ടയുമായി മാറിയതിനു ശേഷം മാത്രമാണ്, പേരില്ലാതായി, നമ്മില്‍നിന്നു വേറിട്ടറിയാതായതിനുശേഷം മാത്രമാണ്-അതിനുശേഷം മാത്രമാണ് ഒരത്യപൂര്‍വ മുഹൂര്‍ത്തത്തില്‍ കവിതയുടെ ആദ്യത്തെ പദം അവയ്ക്കിടയില്‍നിന്നുദിക്കുകയും പുറത്തേക്കുവരികയും ചെയ്യുക എന്നതുണ്ടാവുന്നുള്ളൂ.
ഇവിടെയൊരു വൈരുദ്ധ്യം നമുക്ക് അനുഭവപ്പെടാനിടയുണ്ട്. എന്തിനെയെങ്കിലും കുറിച്ച് എഴുതിയിരിക്കണമെന്ന നിര്‍ബന്ധത്തില്‍ നിരന്തരം എഴുതിയ റില്‍ക്കെ തന്നെ ഒരായുസ്, കഴിയുമെങ്കില്‍ ദീര്‍ഘമായ ഒരായുസുമുഴുവന്‍ കാത്തിരുന്ന് അര്‍ഥവും മാധുര്യവും സഞ്ചയിച്ചതിനൊടുവില്‍ കൊള്ളാവുന്ന പത്തുവരി നിങ്ങള്‍ക്കെഴുതാനായെങ്കിലായി എന്നു പറയുന്നു. നിരന്തരം എഴുതുക, നല്ല കവിത എഴുതാനുള്ള അനുഭവമുണ്ടാകുക-ഈ രണ്ടു കാര്യങ്ങളാണു നമുക്കു മുന്നിലുള്ളതെങ്കില്‍ രണ്ടും ഒരേപോലെ പ്രാധാന്യമര്‍ഹിക്കുന്ന കാര്യമാണെന്നാണു തോന്നുന്നത്. നിരന്തരം എഴുതുന്നതു വഴിയുണ്ടാകുന്ന (അതു നല്ലതോ മോശമോ എന്നതല്ല) വഴക്കം എന്നെങ്കിലും കവി തന്റെ ഏറ്റവും മികച്ച കവിത എഴുതുമെങ്കില്‍ അതിന്റെ എഴുത്തുപ്രക്രിയയില്‍ ഗുണം ചെയ്യുമെന്നുറപ്പാണ്.
നിരന്തരം എഴുതുകയെന്ന ശീലം എഴുതിത്തുടങ്ങിയ കവികള്‍ക്കായിരിക്കും ഏറ്റവും ഗുണപ്രദമാകുക. ഇതോടൊപ്പം എഴുതപ്പെടുന്ന ഓരോ കവിതയും എവിടെനിന്നു വരുന്നെന്ന ചിന്തകൂടിയാകാം. ഇത്തരത്തിലുള്ള കവിയുടെ ചിന്ത മിക്കപ്പോഴും ചെന്നെത്തുക വിദൂരമോ മറവിയില്‍ മറഞ്ഞതോ ആയ അനുഭവത്തിലാകും. ഇതുപക്ഷേ അനുഭവങ്ങളെ ഓര്‍മയാക്കി എഴുതുന്ന കാര്യമല്ല, മറിച്ചു കവിയുടെ പില്‍ക്കാലാനുഭവങ്ങള്‍, എഴുതുന്ന കവിതയില്‍ നടത്തുന്ന ഇടപെടലുകളാണ്.
എഴുത്തിന്റെ കാര്യത്തില്‍ വരുമ്പോള്‍ ഓര്‍മയെന്നതു മറ്റൊരുതരം ഭാവനയാണ്. നമ്മുടെ അനുഭവം ഓര്‍മയാകുന്നത് ഒരു തെരഞ്ഞെടുപ്പ് പ്രക്രിയയ്ക്കു ശേഷമാണ്. ഏതെങ്കിലും തരത്തില്‍ നമ്മെ ബാധിക്കാത്ത ഒന്നും നമുക്ക് ഓര്‍മയാകേണ്ടതില്ല. ഇതേ ഓര്‍മയില്‍പ്പോലും കാലംപോകെ നമ്മള്‍ പലതും കൂട്ടിച്ചേര്‍ക്കുന്നു.
ഇത്തരത്തില്‍ നമുക്കുള്ളില്‍ ഓര്‍മയെന്ന തോന്നലില്‍ നില്‍ക്കുന്നവ നമ്മളില്‍നിന്നു കുറേക്കൂടി അകലം പാലിച്ചായിരിക്കാം കവിതയാകുക. സാഹിത്യത്തെയും നോണ്‍ഫിക്ഷനെയും വേര്‍തിരിക്കുന്ന കാര്യവും ഇതുതന്നെയാകണം. അതുകൊണ്ടു കൂടിയാകണം നമ്മില്‍നിന്നു വേറിട്ടറിയാതായതിനുശേഷം മാത്രമാണ് ഒരത്യപൂര്‍വ മുഹൂര്‍ത്തത്തില്‍ കവിതയുടെ ആദ്യത്തെ പദം അനുഭവത്തില്‍നിന്നുദിക്കുകയും പുറത്തേക്കു വരികയും ചെയ്യുന്നതെന്ന് റില്‍ക്കെയും പറഞ്ഞത്.
ദിവസവും നടക്കുന്ന വഴിയില്‍, താമസിക്കുന്ന വീട്ടില്‍, വീടിനു ചുറ്റുമുള്ള തൊടിയില്‍, കണ്ടൊഴിവാക്കുന്നവയില്‍, വായിച്ചൊഴിവാക്കുന്ന പുസ്തകങ്ങളില്‍വാര്‍ത്തയില്‍ നിന്നെല്ലാം കവിത വരുന്നു. വലിയ കാര്യമൊന്നുമല്ലെന്ന് ഒരുകാലത്തു നാം കരുതിയവ പോലും കവിതയ്ക്കു കാരണമാകുന്നു. എല്ലാത്തിനും ഹേതുവാകുന്നതോ അവയെപ്പറ്റിയുള്ള നമ്മുടെ ആലോചനകളും. ഏതെങ്കിലും ഒന്നിനെപ്പറ്റിയുള്ള ആലോചന അതുമായി ബന്ധപ്പെട്ട നമ്മുടെ അനുഭവത്തെ ഓര്‍മയാക്കി വിളിച്ചുവരുത്തുന്നു. ആ ഓര്‍മയില്‍ ഭാവനയുടെ ഇടപെടല്‍ നമ്മള്‍ അറിഞ്ഞോ അറിയാതെയോ നടന്നിരിക്കുന്നു. അതിനാല്‍ വെറുതെ ഓരോന്നു ചിന്തിച്ചു നാം നഷ്ടപ്പെടുത്തുന്നെന്നു പരാതിപ്പെടുന്ന സമയം ചുരുങ്ങിയപക്ഷം കവികളെ സംബന്ധിച്ചിടത്തോളം മൂല്യമുള്ളതാകുന്നു.
കടപ്പാട്: വി. രവികുമാര്‍ പരിഭാഷപ്പെടുത്തി, ഐറിസ് ബുക്ക്‌സ് പ്രസിദ്ധീകരിച്ച ‘റില്‍ക്കെ’ എന്ന പുസ്തകം വായിച്ചതില്‍പ്പിന്നെ എഴുതിയത്. റില്‍ക്കെയെക്കുറിച്ചുള്ള വിവരങ്ങളും മാള്‍റ്റെ ലൗറിഡ്‌സ് ബ്രിഗ്ഗെയുടെ നോട്ടുബുക്കില്‍നിന്നെടുത്ത ഭാഗവും പ്രസ്തുത പുസ്തകത്തില്‍നിന്ന് എടുത്തതാണ്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.