2019 December 13 Friday
ഐക്യാഹ്വാനം ചെയ്ത് റിയാദിൽ ഗൾഫ് ഉച്ചകോടി

കവളപ്പാറയില്‍ അഞ്ച് മൃതദേഹം കൂടി കണ്ടെടുത്തു

 

മലപ്പുറം: നിലമ്പൂരിലെ കവളപ്പാറയില്‍ ഉരള്‍പൊട്ടലില്‍ കാണാതായവരില്‍ അഞ്ച് പേരുടെ മൃതദേഹം കൂടി കണ്ടെടുത്തു. ഭൂതാനി അബ്ദുല്‍ കരീമിന്റെ ഭാര്യ സക്കീന(45), സൂത്രത്തില്‍ വിജയന്‍ (60), സഹോദരന്‍ നാരായണന്‍ (50), കവളപ്പാറ ശ്രീധരന്റെ ഭാര്യ അനിത (50) എന്നിവരുടെ മൃതദേഹങ്ങളാണ് ഇന്നലെ കണ്ടെത്താനായത്. ഒരാളെ തിരിച്ചറിഞ്ഞിട്ടില്ല.
ഉരുള്‍പൊട്ടലില്‍ കാണാതായ 34 പേരെ കൂടി ഇനി ഈ പ്രദേശത്തുനിന്ന് കണ്ടെത്താനുണ്ട്. ഇവര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. 12 ഹിറ്റാച്ചികള്‍ ഉപയോഗിച്ചാണ് ഇപ്പോള്‍ തിരച്ചില്‍ തുടരുന്നത്. തുടരെ തിരച്ചില്‍ നടത്തുന്നതിനാല്‍ വാഹനങ്ങള്‍ കേടാകുന്നതും ചളിയില്‍ താഴ്ന്നുപോവുന്നതും മൂലം തിരച്ചില്‍ നടത്തുന്നതിന് തടസമാവുകയാണ്. റോഡ് വീതി കുറവായതിനാല്‍ ചെറിയ ഹിറ്റാച്ചികള്‍ മാത്രമാണ് പ്രദേശത്തേക്ക് കടന്നുവരുന്നത്. അതേസമയം കവളപ്പാറയില്‍ കാണാതായവരുടെ പട്ടികയിലുണ്ടായിരുന്ന നാലുപേര്‍ സുരക്ഷിതരാണെന്ന് കഴിഞ്ഞദിവസം സ്ഥിരീകരിച്ചു.
കാണാതായ ചീരോളി പ്രകാശനും കുടുംബവും എടക്കരയിലെ ബന്ധുവീട്ടിലാണുള്ളത്. ഇതോടെ മണ്ണിനടിയില്‍ പെട്ടത് 59 പേരാണെന്ന് വ്യക്തമായി. തിങ്കളാഴ്ച നടത്തിയ തിരച്ചിലില്‍ ആറ് മൃതദേഹങ്ങള്‍ കണ്ടെത്തിയിരുന്നു. പ്ലാന്തോട്ടത്തില്‍ സുബ്രഹ്മണ്യന്റെ ഭാര്യ സുധ(33), പള്ളത്ത് ശങ്കരന്‍(70), പള്ളത്ത് ശിവന്റെ ഭാര്യ രാജി(35), കവളപ്പാറ കോളനിയിലെ രാധിക(45), താന്നിയില്‍ പ്രിയദര്‍ശന്‍(32)എന്നിവരുടെ മൃതദേഹങ്ങളാണ് തിങ്കളാഴ്ച്ച കണ്ടെടുത്തത്. ഒരാളെ തിരിച്ചറിഞ്ഞിട്ടില്ല. ഭൂദാനം-കവളപ്പാറ റോഡിന് തെക്കുഭാഗത്തെ മുത്തപ്പന്‍മല വ്യാഴാഴ്ച രാത്രി എട്ടോടെയാണ് ഇടിഞ്ഞത്. 500 മീറ്ററോളം ഉയരത്തില്‍ ഉരുള്‍പൊട്ടി അടര്‍ന്ന മല മൂന്നുഭാഗങ്ങളായി അടിവാരത്തെ വീടുകളുടെ മുകളിലേക്ക് വീഴുകയായിരുന്നു.
40 അടിവരെ ഉയരത്തില്‍ വീടുകള്‍ക്ക് മുകളില്‍ മണ്ണുമൂടി. 41 വീടുകളും അതിനടിയിലാണ്. സമീപത്തെ ടാറിട്ട റോഡ് കാണാനില്ല. വലിയ ഭാഗം അടര്‍ന്ന കിഴക്കുവശത്ത് ഒരു വീട് മാത്രമാണ് ബാക്കിയായത്. കൂറ്റന്‍ കല്ലുകളും മരങ്ങളും ചെളിയില്‍ പുതഞ്ഞ് കിടക്കുന്നതിനാല്‍ മുകളിലേക്ക് കയറുക പ്രയാസം. അന്‍പതോളം ഏക്കര്‍ സ്ഥലത്ത് കൃഷിചെയ്ത തെങ്ങും കവുങ്ങും മറ്റ് മരങ്ങളും മണ്ണില്‍ പുതഞ്ഞനിലയിലാണ്. മഴ കുറഞ്ഞതോടെ തിരച്ചില്‍ ഊര്‍ജിതമാക്കിയെങ്കിലും ആഴത്തിലുള്ള മണ്ണ് നീക്കാന്‍ പ്രയാസം നേരിടുന്നുണ്ട്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.