2019 July 17 Wednesday
മടിയന്മാരുടെയും മൂഢന്മാരുടെയും പ്രവൃത്തി ദിവസം എന്നും നാളെയായിരിക്കും

കഴിഞ്ഞ വര്‍ഷം മാത്രം ഒരു കോടി തൊഴിലവസരങ്ങള്‍ മോദി ഇല്ലാതാക്കി: രാഹുല്‍

ഇംഫാല്‍: പ്രധാനമന്ത്രി മോദിക്കും ബി.ജെ.പിക്കുമെതിരേ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മണിപ്പൂരിലെ ഇംഫാലില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ വര്‍ഷം മാത്രം ഒരു കോടി തൊഴിലവസരങ്ങളാണ് മോദി ഇല്ലാതാക്കിയത്. 2014ല്‍ അധികാരത്തിലേറുമ്പോള്‍ പ്രതിവര്‍ഷം രണ്ട് കോടി തൊഴിലവസരം സൃഷ്ടിക്കുമെന്നായിരുന്നു വാഗ്ദാനം. എന്നാല്‍ അഞ്ചുവര്‍ഷത്തെ ഭരണത്തില്‍ കേന്ദ്ര സര്‍ക്കാര്‍ രാജ്യത്തെ തൊഴിലവസരങ്ങള്‍ ഇല്ലാതാക്കുകയാണ് ചെയ്തതെന്നും അദ്ദേഹം ആരോപിച്ചു.

ഭരണരംഗത്ത് മോദി കഴിവുകെട്ടവനാണെന്ന് അദ്ദേഹം തന്നെ തെളിയിച്ചിരിക്കുകയാണ്. നോട്ട് നിരോധനം വഴി രാജ്യത്തെ ജനങ്ങളുടെ ജീവിതം താറുമാറാക്കുകയാണ് മോദി ചെയ്തതെന്നും രാഹുല്‍ കുറ്റപ്പെടുത്തി. ഒരു സുപ്രഭാതത്തില്‍ അദ്ദേഹത്തിനു തോന്നിയതാണ് നോട്ട് നിരോധിക്കണമെന്നത്. ജനങ്ങളുടെ ജീവിതം തകര്‍ത്തെറിഞ്ഞപ്പോള്‍ മോദി അതില്‍ ആനന്ദം കണ്ടെത്തുകയായിരുന്നുവെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ ആരോപിച്ചു.

എപ്പോഴൊക്കെ മോദി വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ എത്തിയിട്ടുണ്ടോ അപ്പോഴെല്ലാം ഇവിടത്തെ ജനങ്ങളെയും അവരുടെ സംസ്‌കാരത്തെയും അവഹേളിക്കുകയാണ് ചെയ്തത്. ദേശീയ പൗരത്വ ഭേദഗതി ബില്‍ നടപ്പാക്കുമെന്ന് ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ ആവര്‍ത്തിക്കുകയാണ്. മോദിയും അമിത് ഷായും ചേര്‍ന്ന് വടക്കു കിഴക്കന്‍ സംസ്ഥാനത്തെ ജനങ്ങളുടെ സംസ്‌കാരത്തെയും പാരമ്പര്യത്തെയും ആക്രമിക്കാനാണ് ശ്രമിക്കുന്നത്. ആരുടെ സമ്മര്‍ദ്ദങ്ങളുണ്ടായാലും ദേശീയ പൗരത്വ ഭേദഗതി ബില്‍ രാജ്യസഭയില്‍ പാസാക്കാന്‍ അനുവദിക്കില്ലെന്നും രാഹുല്‍ പറഞ്ഞു.

ഇംഫാലില്‍ മണിപ്പൂര്‍ സംസ്ഥാന ഫിലിം ഡെവലപ്‌മെന്റ് സൊസൈറ്റിയിലെ വിദ്യാര്‍ഥികളുമായും രാഹുല്‍ ഗാന്ധി സംവദിച്ചു. കേവലം പബ്ലിസിറ്റിക്കുവേണ്ടി മാത്രം നിലകൊള്ളുന്ന വ്യക്തിയായി മോദി മാറിയിരിക്കുകയാണ്. പ്രധാനമന്ത്രിയുടെ ഓഫിസ് ‘പബ്ലിസിറ്റി മിനിസ്റ്ററുടെ ഓഫിസ് ‘ആയിരിക്കുകയാണ്. സാംസ്‌കാരിക ആധിപത്യം എന്നതില്‍ ഒരിക്കല്‍പോലും കോണ്‍ഗ്രസ് വിശ്വസിക്കുന്നില്ല. രാജ്യത്തിന്റെ ഒരുഭാഗത്തുള്ളവര്‍ മറ്റ് ഭാഗത്തുള്ളവരെ ഭരിക്കുന്ന ഒരു നയമാണ് ഇപ്പോഴുള്ളത്. എന്നാല്‍ എല്ലാവരുടെയും ശബ്ദം എല്ലാവരും അംഗീകരിക്കുകയെന്നതാവണം നയം. മോദിയും കേന്ദ്ര സര്‍ക്കാരും സ്വീകരിക്കുന്നത് ഇതല്ല. രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും അവരുടേതായ അഭിപ്രായ പ്രകടനത്തിന് അനുവദിക്കണം. എന്നാല്‍ ബി.ജെ.പിയും ആര്‍.എസ്.എസും അവരുടെ ആശയങ്ങള്‍ രാജ്യത്താകമാനം അടിച്ചേല്‍പ്പിക്കുകയാണ് ചെയ്യുന്നത്. പ്രതിഷേധത്തെ അടിച്ചമര്‍ത്തുന്ന നയമാണ് കേന്ദ്ര സര്‍ക്കാരിന്റെ രീതിയെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.