2019 April 23 Tuesday
പുറമെ നിന്ന് അടിച്ചേല്‍പിക്കാവുന്ന ഒന്നല്ല ജനാധിപത്യം എന്നത്. അത് ഉള്ളില്‍ നിന്നുതന്നെ വരേണ്ടതാണ് -മഹാത്മാഗാന്ധി

കള്ളപ്പണ രേഖകളില്‍ കേരളത്തിലെ പത്തോളം വിലാസങ്ങള്‍

തിരുവനന്തപുരം: പനാമയില്‍ കുടുങ്ങി കേരളവും. ഇന്നലെ പനാമ പുറത്തുവിട്ട രേഖകളില്‍ കേരളത്തില്‍നിന്നുള്ള പത്തോളം വിലാസങ്ങള്‍. ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, കോഴിക്കോട്, തൃശൂര്‍, തിരുവനന്തപുരം, എറണാകുളം, കാസര്‍കോട് എന്നിവിടങ്ങളിലെ വിലാസങ്ങളാണുള്ളത്.

പല കമ്പനികളിലും ഓഹരിയുടമകളായ വിദേശികളുടെ റജിസ്‌ട്രേഡ് ഓഫിസ് മേല്‍വിലാസങ്ങളാണ് കേരളത്തിന്റേതായുള്ളത്. മൂന്നരലക്ഷത്തിലേറെ പേരുടെ രഹസ്യനിക്ഷേപങ്ങളെക്കുറിച്ചുള്ള വിവരങ്ങളാണ് ഓണ്‍ലൈനിലൂടെ പനാമ പുറത്തുവിട്ടത്.
ബഹാമസില്‍ റജിസ്റ്റര്‍ചെയ്ത വിന്‍സ്പാര്‍ക്കിള്‍ ഇന്റര്‍നാഷനല്‍ കോര്‍പറേഷന്‍ ലിമിറ്റഡ് എന്ന കമ്പനിയുടെ ഓഹരിയുടമയായ ഹ്യുവാങ് സ്യുവാന്‍ എന്ന ചൈനക്കാരന്റെ റജിസ്‌ട്രേഡ് ഓഫിസ് മേല്‍വിലാസം ആലപ്പുഴ ജില്ലയിലാണ്. ബ്രിട്ടിഷ് വിര്‍ജിന്‍ ഐലന്‍ഡില്‍ രജിസ്റ്റര്‍ചെയ്ത മാര്‍ക്കറ്റ് ലിങ്കേജ് ട്രേഡിങ് ലിമിറ്റഡ് എന്ന കമ്പനിയുടെ ഓഹരിയുടമകളായ മൂന്നു വിദേശികളും പത്തനംതിട്ടയിലെ വിലാസമാണ് നല്‍കിയിരിക്കുന്നത്.
ബ്രിട്ടിഷ് വിര്‍ജിന്‍ ഐലന്‍ഡില്‍ തന്നെ റജിസ്റ്റര്‍ ചെയ്ത എ പ്ലസ് ഡിസ്ട്രിബ്യൂഷന്‍ ലിമിറ്റഡ് എന്ന കമ്പനിയുടെ ഓഹരിയുടമയായ അഹമ്മദ് സൈദ് മുഹമ്മദ് സൈദിന്റെ റജിസ്‌ട്രേഡ് വിലാസം കൊല്ലം ജില്ലയിലാണ്. ബഹാമസില്‍ റജിസ്റ്റര്‍ ചെയ്ത ലാന്‍ഡെ എസ്റ്റേറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ ഓഹരിയുടമയായ എസ്.എ ഹൈന്‍ നല്‍കിയിരിക്കുന്നത് തിരുവനന്തപുരം മണക്കാട്ടെ വിലാസമാണ്. ബ്രിട്ടിഷ് വിര്‍ജിന്‍ ഐലന്‍ഡില്‍ റജിസ്റ്റര്‍ ചെയ്ത ഇലക്‌സണ്‍ ന്യൂ എനര്‍ജി കമ്പനിയുടെ ഓഹരിയുടമകളായ പമേല കാമ്പില്‍, നെവിന്‍ പ്രദീപ് കാമ്പില്‍ എന്നിവരുടെ വിലാസം കോഴിക്കോടാണ്.
ബ്രിട്ടിഷ് വിര്‍ജിന്‍ ഐലന്‍ഡില്‍ റജിസ്റ്റര്‍ ചെയ്ത പ്രസിഡന്റ് റസ്റ്റൊറന്റ്‌സ് ഹോള്‍ഡിങ്‌സ് എന്ന കമ്പനിയുടെ ഓഹരിയുടമയായ ഫാന്‍ സ്യു പാങിന്റെ വിലാസം ആലപ്പുഴ ജില്ലയിലുള്ളതാണ്. ബ്രിട്ടിഷ് വിര്‍ജിന്‍ ഐലന്‍ഡില്‍ റജിസ്റ്റര്‍ ചെയ്ത ഐറീഷ്് കോര്‍പറേഷന്‍ ഓഹരിയുടമ ഫൂ കോക്ക് സിങ് നല്‍കിയിരിക്കുന്നത് തൃശൂര്‍ വിലാസമാണ്. സമോവയില്‍ റജിസ്റ്റര്‍ ചെയ്ത ഗുഡ്‌ഗോള്‍ഡ് ലിമിറ്റഡ് എന്ന കമ്പനിയുടെ ഡയരക്ടറായ ജയപ്രകാശ് കമ്പറിന്റെ വിലാസം കാസര്‍കോട് ജില്ലയിലാണ്. ബ്രിട്ടിഷ് വിര്‍ജിന്‍ ഐലന്‍ഡില്‍ റജിസ്റ്റര്‍ ചെയ്ത എറ്റോസ് ഫുഡ്‌സ് കമ്പനിയുടെ ഡയരക്ടര്‍മാരായ തരുണ്‍ തോമസ്, അന്ന സന്ധ്യ എന്നിവരാണ് കൊച്ചി വിലാസത്തിലുള്ളത്. ബ്രിട്ടിഷ് വിര്‍ജിന്‍ ഐലന്‍ഡില്‍ റജിസ്റ്റര്‍ ചെയ്ത കേരളാ ഇന്‍വെസ്റ്റ്‌മെന്റ്‌സ് പ്രോപ്പര്‍ട്ടീസ് എന്ന കമ്പനിയുടെ വിവരങ്ങളും ഓണ്‍ലൈന്‍ രേഖകളിലുണ്ട്. നേരത്തേ പനാമ പുറത്തുവിട്ട രേഖകളിലും ഇന്ത്യക്കാരായ പല പ്രമുഖരുടെയും പേരുകള്‍ ഉള്‍പ്പെട്ടിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.