2019 July 18 Thursday
നിങ്ങളുടെ അമ്മയോട് സംസാരത്തില്‍ മൂര്‍ച്ചയുള്ള വാക്കുകള്‍ ഉപയോഗിക്കരുത്. നിങ്ങളെ സംസാരിക്കാന്‍ പഠിപ്പിച്ചത് ആ അമ്മയാണെന്ന് മറക്കരുത്.

കള്ളന്‍മാരുടെ സംവരണത്തിന് ഇനി എത്രകാലം കാത്തിരിക്കണം?

രാജ്യം മറന്നുപോകുന്ന ഒരു വിഭാഗമുണ്ട് നമ്മുടെ നാട്ടില്‍. ഗ്രാമങ്ങളിലെ പഴക്കം ചെന്ന കള്ളന്‍മാരാണവര്‍. പഴയ കാലത്ത് അവര്‍ ഗ്രാമങ്ങളുടെ ഉള്‍ത്തുടിപ്പുകളായിരുന്നു.

പി. ഖാലിദ് – 8589984479

രാജ്യം മറന്നുപോകുന്ന ഒരു വിഭാഗമുണ്ട് നമ്മുടെ നാട്ടില്‍. ഗ്രാമങ്ങളിലെ പഴക്കം ചെന്ന കള്ളന്‍മാരാണവര്‍. പഴയ കാലത്ത് അവര്‍ ഗ്രാമങ്ങളുടെ ഉള്‍ത്തുടിപ്പുകളായിരുന്നു. ഇന്ന് വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു വര്‍ഗമായി നമ്മുടെ ഗ്രാമങ്ങളിലെ പരമ്പരാഗത കള്ളന്‍മാര്‍ മാറിയിരിക്കുന്നു. പണ്ട് ഓരോ ഗ്രാമങ്ങള്‍ക്കും ഓരോ കള്ളന്‍മാരുണ്ടായിരുന്നു. പരമു കള്ളന്‍, കോമു കള്ളന്‍ എന്നൊക്കെ നാം പറഞ്ഞുപോന്ന കള്ളന്‍മാര്‍. ഇന്നവരെ കാണ്‍മാനില്ല. കക്കുക എന്നത് അക്കാലത്ത് ഒരു ആത്മാവിഷ്‌കാരമായിരുന്നു. മോഷണം എന്ന വാക്ക് വന്നപ്പോഴാണ് കക്കുന്നതിന്റെ വാച്യാര്‍ഥത്തിന് ഹാനി സംഭവിച്ചത്. കവിത എഴുന്നതുപോലെ, കഥയെഴുതുന്നതുപോലെ അദമ്യമായ ആഗ്രഹമുണ്ടാകുമ്പോള്‍ മാത്രമായിരുന്നു പണ്ടുകാലത്തെ കള്ളന്‍മാര്‍ ആത്മാവിഷ്‌കാരം സാധിക്കാനായി കക്കാനിറങ്ങിയിരുന്നത്. പുതിയ കാലത്ത് ന്യൂജെന്‍ ഡയറക്ടര്‍മാര്‍ ഇംഗ്ലീഷ് മൂവികള്‍ കണ്ട് അടിച്ചുമാറ്റി അതിന് പ്രചോദനം എന്നു പറയുന്നത് പോലുള്ള ഏര്‍പ്പാടായിരുന്നില്ല. അന്നത് എഴുതാതിരിക്കാന്‍ പറ്റുകയില്ല എന്ന ഘട്ടമെത്തുമ്പോഴാണല്ലോ എഴുത്തുകാര്‍ എഴുതാനിരിക്കുക. അതേപോലെ കക്കാതിരിക്കാനാവില്ല എന്ന പരുവത്തിലെത്തുമ്പോള്‍ മാത്രമായിരുന്നു പണ്ടുകാലത്തെ കള്ളന്‍മാര്‍ കക്കുവാന്‍ ഇറങ്ങിയിരുന്നത്. പണ്ടുകാലത്ത് ഗ്രാമങ്ങള്‍ക്ക് ഒരു ക്ഷുരകന്‍, ഒരു കൊല്ലപ്പണിക്കാരന്‍, സ്വര്‍ണപ്പണിക്കാരന്‍, ഒരു ഭ്രാന്തന്‍, എന്നൊക്കെ ഉണ്ടായിരുന്നത് പോലെ ഓരോ കള്ളന്‍മാരും ഉണ്ടായിരുന്നു. കള്ളന്‍മാരില്‍ ആധുനികരും ഉത്തരാധുനികരും ഉണ്ടായപ്പോള്‍ അവരൊക്കെ മോഷ്ടാക്കളായി രൂപാന്തരം പ്രാപിച്ചു. പണ്ടുകാലത്തെ ഗ്രാമരാത്രികളുടെ രോമാഞ്ചമായിരുന്ന കള്ളന്‍മാര്‍ ഇന്ന് അവഗണിക്കപ്പെട്ടവരും അവശതയനുഭവിക്കുന്നവരുമായി മാറി. നാട്ടിലെ പല പ്രശ്‌നപരിഹാരങ്ങള്‍ക്കും മുന്നിട്ടിറങ്ങിയത് ഗ്രാമങ്ങളുടെ സ്വന്തം കള്ളന്‍മാരായിരുന്നു. മതസൗഹാര്‍ദ്ദങ്ങള്‍ക്ക് തങ്ങളാലാവുംവിധം അവര്‍ സംഭാവനകള്‍ അര്‍പ്പിച്ചിട്ടുണ്ട്. ജാതീയതയോ മതവിദ്വേഷമോ കക്കാന്‍ പോകുന്ന പ്രാചീന കള്ളന്‍മാരെ തൊട്ടുതീണ്ടിയിരുന്നില്ല.
തൊഴിലുറപ്പു പദ്ധതിയിലുണ്ടാകുന്ന ഒരു പാകപ്പിഴവ് മൂലം പൊലിസ് പിടിയില്‍പ്പെട്ടാല്‍ അടുത്ത ദിവസത്തെ പത്രങ്ങളില്‍ മതസൗഹാര്‍ദ്ദം വിളംബരം ചെയ്യുന്ന മട്ടില്‍ അയമദ് അരവിന്ദന്‍ അബ്രഹാം എന്ന മട്ടില്‍ കള്ളന്‍മാരുടെ ചിത്രങ്ങള്‍ വരുമായിരുന്നു. അവര്‍ ഏകോദര സഹോദരങ്ങളെപ്പോലെയായിരുന്നു ഫോട്ടോകള്‍ക്ക് പോസ് ചെയ്തിരുന്നതും. ഇന്നത്തെ പോലെ നാട്ടില്‍ വാഹനഗാതാഗത തടസ്സം ഉണ്ടാക്കിയായിരുന്നില്ല അവര്‍ മതസൗഹാര്‍ദ്ദം ഊട്ടിയുറപ്പിച്ചിരുന്നത്.
അയമുട്ടിയും അജയനും അവറാച്ചനും ഒരു മനസ്സോടെ കക്കുവാന്‍ പോയ ഒരു സുന്ദരകാലം ഇനി നമ്മുടെ ഗ്രാമങ്ങളില്‍ ഉണ്ടാകുമെന്ന് തോന്നുന്നില്ല. അസഹിഷ്ണുത കള്ളന്‍മാരില്‍ പടര്‍ന്നു പിടിച്ചത് കൊണ്ടല്ല ന്യൂജെന്‍ കള്ളന്‍മാര്‍ അതൊന്നും പാലിക്കുന്നില്ല എന്നതു കൊണ്ടാണ്. ക്ഷേത്രനടയില്‍ കക്കുവാനെത്തുമ്പോള്‍ ബോര്‍ഡില്‍ അഹിന്ദുക്കള്‍ക്ക് പ്രവേശനമില്ല എന്ന മുന്നറിയിപ്പു കണ്ടാല്‍ അയമുട്ടിയും അവറാച്ചനും ഭയഭക്തിയോടെ മാറി നില്‍ക്കുമായിരുന്നു. അരവിന്ദന്‍ മാത്രം ക്ഷേത്രത്തിനകത്ത് കയറി ദേവിയുടെയോ ദേവന്റെയോ തങ്കവിഗ്രഹം ആദരപൂര്‍വം ഇളക്കിയെടുത്ത് പുറത്തെത്തിക്കുമായിരുന്നു. ആ കാലമെല്ലാം പോയി മറഞ്ഞു. കള്ളന്മാരില്‍ വപ്ലവകാരികളും അന്നുണ്ടായിരുന്നു.
കര്‍ത്താവിനെന്തിനാ പൊന്‍കുരിശ് എന്ന് ധീരതയോടെ പ്രഖ്യാപിച്ചുകൊണ്ട് തോമ പള്ളിമേടയില്‍ കയറി പൊന്‍കുരിശ് ഇളക്കിയെടുത്ത ചരിത്രം ബഷീര്‍ പറഞ്ഞുവെച്ചിട്ടുണ്ട്. ഒരു നിലക്ക് ആലോചിച്ചാല്‍ കള്ളന്‍മാരുടെ ജോലി വളരെ അപകടം പിടിച്ചതാണ്. മോഹന്‍ലാലിനെപ്പോലെ മകരമഞ്ഞില്‍ മൂടിപ്പുതച്ചുറങ്ങുമ്പോള്‍ ജോലിചെയ്യാന്‍ നിര്‍ബന്ധിക്കപ്പെട്ടവരാണ് പാവം കള്ളന്‍മാര്‍. നിശയുടെ നിശബ്ദതയില്‍ വളരെ കരുതലോടെ ഓരോ കാല്‍വെപ്പും അടിവെച്ചടിവെച്ച് വീടുകളുടെ മുറികളില്‍ കയറിപ്പറ്റുകയെന്നത് വളരെ ദുഷ്‌ക്കരം തന്നെയാണ്. ഒന്നു പിഴച്ചാല്‍ മതി മരണം തന്നെ വീട്ടുടമസ്ഥനില്‍ നിന്നും ഏറ്റുവാങ്ങേണ്ടിവരും. അല്ലെങ്കില്‍ മുതുകത്ത് വീഴുന്ന കനത്ത പ്രഹരത്തില്‍ ബോധം കെട്ടുപോയേക്കും. നന്മ നിറഞ്ഞ എത്രയോ കള്ളന്‍മാര്‍ കാലയവനികക്കുള്ളില്‍ ഇങ്ങനെ മറഞ്ഞുപോയിട്ടുണ്ട്.
പുതിയ കാലത്ത് പുതിയ മോഷ്ടാക്കള്‍ രംഗം പിടിച്ചടക്കിയപ്പോള്‍ പഴയ കള്ളന്‍മാര്‍ വിസ്മൃതിയിലായി. വെള്ളക്കുപ്പായവും വെള്ളത്തുണിയുമുടുത്ത് കൈയില്‍ പരന്ന മൊബൈല്‍ ഫോണുകളുമായി വെളുക്കെ ചിരിച്ചുകൊണ്ട് സൗമ്യമായി നമ്മോട് സംസാരിക്കുവാന്‍ വരുന്നവരെ കാണുമ്പോള്‍ കള്ളന്‍മാരാണെന്ന് തോന്നുകയേ ഇല്ല. അപ്പോള്‍ പഴയ കള്ളന്‍മാരെ ആരോര്‍ക്കാന്‍.
മാത്രമല്ല, കക്കുന്നതില്‍ പുതിയ സാങ്കേതിക പരിജ്ഞാനവും കൈവന്നു. ആധുനിക കള്ളന്‍മാര്‍ കലാസാഹിത്യ രംഗങ്ങളിലും സജീവമായതിനാല്‍ തിരിച്ചറിയുവാനും കഴിയുന്നില്ല. എല്ലാവരും ഹൃദ്യമായി ചിരിക്കും, പുറത്ത് തലോടും, വേദനിക്കുകയാണെങ്കില്‍ ആശ്വസിപ്പിക്കും.
സല്‍ക്കരിക്കും. പിന്നെയെങ്ങിനെ തിരിച്ചറിയാനാ? രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളിലെല്ലാം തന്നെ ആധുനിക കള്ളന്‍മാര്‍ അവരുടേതായ പങ്ക് നിര്‍വഹിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. ഇത്തരമൊരു കാലത്ത് നമ്മുടെ പരമ്പരാഗത കള്ളന്‍മാര്‍ കുറുന്തോട്ടിയും കൂവയും കുറ്റിയറ്റുപോകുന്നത് പോലെ നാടുനീങ്ങുന്നതില്‍ എന്തത്ഭുതം? അവരില്‍ പലരും പ്രായാധിക്യവും രോഗവും മൂലം അവശരായി പുറത്തിറങ്ങാന്‍ പോലും പറ്റാത്ത സ്ഥിതിയിലാണുള്ളത്. അതിനാല്‍ ഇത്തരം കള്ളന്‍മാര്‍ക്ക് സംവരണം നല്‍കുന്നത് സര്‍ക്കാര്‍ ആലോചിക്കേണ്ടതാണ്.
മാത്രമല്ല, ഇതുവഴി പിന്നോക്കക്കാരന്റെ സംവരണം അട്ടിമറിക്കാന്‍ ബി.ജെ.പി സര്‍ക്കാരിന് കിട്ടുന്ന ഒരവസരവുമായിരിക്കും. പട്ടേലുമാര്‍ക്കും ജാട്ടുമാര്‍ക്കും കൊടുത്താലും ബാക്കിയുണ്ടാകും. അത് നമ്മുടെ പരമ്പരാഗത കള്ളന്‍മാര്‍ക്ക് നല്‍കരുതോ?
പഴയകാല കള്ളന്‍മാര്‍ സംഘടിച്ച് ശക്തരാകേണ്ട സമയമാണിത്. അവശതകളും ആവലാതികളും അക്കമിട്ട് നിരത്തി നിവേദനമായി മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കാവുന്നതാണ്. ഏത് നടുക്കടലിലാണെങ്കില്‍ പോലും അദ്ദേഹം നിവേദനത്തിന്റെ പുറത്ത് സംവരണം അനുവദിക്കാവുന്നതാണെന്ന് കുറിപ്പെഴുതും. ഉറപ്പ്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.