2018 September 21 Friday
പതിനായിരം ബന്ധുക്കള്‍ക്ക് പകരം നില്‍ക്കാന്‍ ഒരേയൊരു ആത്മാര്‍ഥ സുഹൃത്ത് മതി.
യൂറിപ്പിഡിസ്

കള്ളക്കടത്തും ഇറക്കുമതിയും; കുരുമുളക് വിപണി തകര്‍ച്ചയിലേക്ക്

ചെറുതോണി: കുരുമുളകിന്റെ ഇറക്കുമതിയും കള്ളക്കടത്തുമാണ് വിപണിയെ തകിടം മറിക്കുന്നത്. കുരുമുളകിന് തറവില 500 രൂപയാക്കി നിശ്ചയിച്ചശേഷവും ഇന്ത്യന്‍ വിപണിയില്‍ കാര്യമായ ചലനങ്ങള്‍ ഉണ്ടായില്ല. അതിനിടെ കുരുമുളക് കള്ളക്കടത്ത് വര്‍ധിച്ചത് ഏറെ ദോഷകരമായി മാറി.
വിയറ്റ്‌നാമില്‍ നിന്നുള്ള കുരുമുളക് ബംഗ്ലദേശ് വഴി ബിഹാറിലേക്ക് കള്ളക്കടത്തായി എത്തുന്നതായാണ് വിവരം. അതിനൊപ്പം കര്‍ണാടകയില്‍ നിന്നുള്ള കുരുമുളകും കേരളത്തിലെ വിപണിയിലേക്ക് എത്തിത്തുടങ്ങിയിട്ടുണ്ട്.

കര്‍ണാടകയില്‍ നിന്നുള്ള വലുപ്പം കൂടിയ കുരുമുളകിന് വിപണികളില്‍ പ്രിയമേറിയതോടെയാണ് കേരളത്തിലെ കുരുമുളകിനു തിരിച്ചടിയായത്. മുംബൈ, കൊല്‍ക്കത്ത, ഡല്‍ഹി തുടങ്ങിയ നഗരങ്ങളാണ് കുരുമുളകിന്റെ പ്രധാന ആഭ്യന്തര വിപണികള്‍. കള്ളക്കടത്ത് വര്‍ധിച്ചതോടെ ഉത്തരേന്ത്യയിലെ കുരുമുളകിന്റെ വിലയില്‍ ഇടിവുണ്ടായി. കൂടിയ അളവില്‍ ഉല്‍പന്നം എത്തിത്തുടങ്ങിയതാണ് ഇതിനു കാരണം. കഴിഞ്ഞ സീസണില്‍ കേരളത്തിലടക്കം ഉല്‍പാദനം കുറഞ്ഞതിനാല്‍ ഇറക്കുമതി വര്‍ധിച്ചതാണ് വിലത്തകര്‍ച്ചയ്ക്കു വഴിയൊരുക്കിയത്.
ഗുണനിലവാരം കുറഞ്ഞ കുരുമുളക് വില കുറച്ച് ലഭ്യമായിത്തുടങ്ങിയതോടെ മികച്ച ഗുണനിലവാരം ഉണ്ടായിട്ടും കേരളത്തില്‍ നിന്നുള്ള കുരുമുളകിനു വിലയിടിവ് ഉണ്ടായി. വിയറ്റ്‌നാം, ശ്രീലങ്ക എന്നിവിടങ്ങളില്‍ നിന്നെല്ലാമാണ് രാജ്യത്തേക്ക് കുരുമുളക് ഇറക്കുമതി ചെയ്യുന്നത്.

രാജ്യത്തുള്ളതിനേക്കാള്‍ കുറഞ്ഞ നിരക്കില്‍ കുരുമുളക് ലഭ്യമാക്കാന്‍ മറ്റ് രാജ്യങ്ങള്‍ മത്സരിക്കുന്നതിനാല്‍ കയറ്റുമതി നടത്താനാകാത്ത സ്ഥിതിപോലുമുണ്ടായി. കൊളംബോയില്‍ നിന്ന് കുറഞ്ഞ നികുതി നല്‍കി കുരുമുളക് ഇറക്കുമതി ചെയ്യാനാകുമെന്നതും വെല്ലുവിളിയാണ്. ഇന്ത്യയില്‍ കുരുമുളകിന് 60,000 ടണ്‍ ആഭ്യന്തര ഉപഭോഗം ഉണ്ടെങ്കിലും മുന്‍വര്‍ഷങ്ങളിലെ കേരളത്തിലെ ഉല്‍പാദനം 40,000 ടണ്‍ ആണ്.  കര്‍ണാടക ഒഴികെയുള്ള ഇതര സംസ്ഥാനങ്ങളില്‍ കാര്യമായ ഉല്‍പാദനമില്ല. കേരളത്തിലെ ഉല്‍പാദനം കുറയുന്നത് മുന്‍പ് വിപണിയില്‍ പ്രതിഫലിച്ചിരുന്നെങ്കിലും ഇറക്കുമതി വര്‍ധിച്ചതോടെ അത് ഇല്ലാതാകുകയും വിലയില്‍ കാര്യമായ മുന്നേറ്റം ഉണ്ടാകാതെ വരികയുമായിരുന്നു.


 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.