2018 September 25 Tuesday
ലോകത്തെ മാറ്റിമറിക്കാന്‍ ഇറങ്ങുന്നവര്‍ ആദ്യം സ്വയം മാറ്റിമറിക്കട്ടെ
സോക്രട്ടീസ്

Editorial

കളി ബീഫ്‌കൊണ്ടല്ല, തീകൊണ്ടാണ്


മാട്ടിറച്ചിയുടെ പേരിലുള്ള അക്രമങ്ങളെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞത് മുഖം രക്ഷിക്കാനുള്ള പച്ചക്കള്ളം മാത്രമാണെന്നു തെളിയിച്ചുകൊണ്ട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സമാനമായ അക്രമങ്ങള്‍ തുടരുകയാണ്. സംഘ്പരിവാര്‍ വളരെ ആലോചിച്ചുറപ്പിച്ചു നടപ്പാക്കുന്ന രാഷ്ട്രീയ അജണ്ടയാണ് ഇതെന്നു തന്നെയാണ് കഴിഞ്ഞ ദിവസങ്ങളിലെ ചില സംഭവവികാസങ്ങള്‍ വ്യക്തമാക്കുന്നത്. ഹിംസാത്മകമായ ഈ അജണ്ടയുമായി അവര്‍ മുന്നോട്ടുപോകുമെന്നു തന്നെയാണ് ഇതു നല്‍കുന്ന സൂചന.
സംഘ്പരിവാറിന്റെ മാട്ടിറച്ചി രാഷ്ട്രീയ തേര്‍വാഴ്ചയില്‍ രാജ്യത്ത് ഏറ്റവുമധികം കോളിളക്കം സൃഷ്ടിച്ച സംഭവമാണ് ഉത്തര്‍പ്രദേശിലെ മുഹമ്മദ് അഖ്‌ലാഖ് വധം. മാട്ടിറച്ചി കൈവശം വച്ചെന്ന് ആരോപിച്ചാണ് കഴിഞ്ഞ വര്‍ഷം പെരുന്നാള്‍ ദിനത്തില്‍ ഒരു വ്യോമസേനാ ഉദ്യോഗസ്ഥന്റെ പിതാവു കൂടിയായ അഖ്‌ലാഖിനെ സംഘ്പരിവാര്‍ ഗുണ്ടകള്‍ തല്ലിക്കൊന്നത്. ഈ കേസിലെ 15 പ്രതികള്‍ക്ക് ഉത്തര്‍പ്രദേശിലെ ബി.ജെ.പി സര്‍ക്കാര്‍ കഴിഞ്ഞ ദിവസം എന്‍.ടി.പി.സിയുടെ ദാദ്രി ഓഫിസില്‍ ജോലി നല്‍കി. ഈ വാര്‍ത്ത പുറത്തുവന്ന ദിവസം തന്നെയാണ് ഡല്‍ഹി- ഹരിയാന അതിര്‍ത്തിയിലെ ഫരീദാബാദില്‍ മാട്ടിറച്ചി കൈവശം വച്ചെന്ന് ആരോപിച്ച് അഞ്ചു പേരെ നൂറോളം വരുന്ന സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ ക്രൂരമായി തല്ലിച്ചതച്ചത്. അവിടെയും തീര്‍ന്നില്ല. രാജസ്ഥാനിലെ ആള്‍വാര്‍ ജില്ലയില്‍ ഒരു മുസ്‌ലിം കുടുംബം വളര്‍ത്തുന്ന 51 പശുക്കളെ സംഘ്പരിവാറിന്റെ ഗോസംരക്ഷണ സേനയും പൊലിസും ചേര്‍ന്ന് പിടിച്ചെടുത്ത് ഗോശാലയ്ക്കു കൈമാറി. കാലികളെ വളര്‍ത്തി ഉപജീവനം കഴിക്കുന്ന ഒരു കുടുംബത്തിന്റെ അന്നമാണ് ഈ മഹാപാപികള്‍ മുടക്കിയത്.
ഇതെല്ലാം ചേര്‍ത്തുവായിക്കുമ്പോള്‍ ഒരു കാര്യം വ്യക്തമാണ്. ബീഫിന്റെ പേരിലുള്ള ഹിംസകളും അതുവഴിയുള്ള വര്‍ഗീയ വിഭജനവും തുടര്‍ന്നുകൊണ്ടുപോകാന്‍ കച്ചകെട്ടി ഇറങ്ങിയിരിക്കയാണ് സംഘ്പരിവാര്‍ നേതൃത്വം. ബീഫിന്റെ പേരില്‍ മനുഷ്യരെ തല്ലിക്കൊല്ലുന്നവരെ നല്ല രീതിയില്‍ തന്നെ സംരക്ഷിക്കുമെന്ന വ്യക്തമായ സന്ദേശമാണ് രാജ്യത്ത് വര്‍ഗീയ വിഷം വിതയ്ക്കുന്നവരില്‍ മുന്‍നിരക്കാരനായ യോഗി ആദിത്യനാഥ് നയിക്കുന്ന യു.പി സര്‍ക്കാര്‍ നല്‍കുന്നത്. ഒരു ഭരണകൂടത്തില്‍ നിന്നുണ്ടാകുന്ന തീര്‍ത്തും നിയമവിരുദ്ധമായ ഈ നടപടി കൊലയാളികള്‍ക്കും അക്രമികള്‍ക്കുമൊക്കെ പ്രോത്സാഹനമാകുമെന്ന് ഉറപ്പാണ്.
ബീഫ് അതിക്രമങ്ങള്‍ വലിയ ചര്‍ച്ചയായിട്ടും ഈ വിഷയത്തില്‍ ഏറെക്കാലം മൗനം പാലിക്കുകയായിരുന്നു പ്രധാനമന്ത്രി. പിന്നീട് അന്താരാഷ്ട്ര സമൂഹത്തിനു മുന്നില്‍ ഇന്ത്യയുടെ ശിരസ് വല്ലാതെ കുനിഞ്ഞുപോയൊരു ഘട്ടത്തില്‍ ഗത്യന്തരമില്ലാതെയാണ് അദ്ദേഹം അതിനെ തള്ളിപ്പറഞ്ഞത്. ഗോസംരക്ഷണത്തിന്റെ പേരിലുള്ള അതിക്രമങ്ങളെ അംഗീകരിക്കാനാവില്ലെന്നും അത് അനുവദിക്കുകയില്ലെന്നുമൊക്കെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. എന്നാല്‍, അതു ലോകത്തിന്റെ കണ്ണില്‍ പൊടിയിടാന്‍ നടത്തിയ ശുദ്ധ അസത്യഭാഷണമാണെന്ന് ദിനംപ്രതി തെളിയിച്ചുകൊണ്ടിരിക്കുകയാണ് സംഘ്പരിവാര്‍. ഒരു തെളിവുമില്ലാതെ ബീഫ് കൈവശം വച്ചെന്ന ആരോപണം ഉന്നയിച്ചാല്‍ ആരെയും സംഘം ചേര്‍ന്ന് തല്ലിക്കൊല്ലാമെന്ന ഭീതിജനകമായ അവസ്ഥയിലൂടെയാണ് ഇന്ത്യ കടന്നുപോകുന്നത്.
ഗോസംരക്ഷണത്തിന്റെ പേരുപറഞ്ഞ് നടത്തിയ അതിക്രമങ്ങള്‍ക്ക് ഇരകളായവരില്‍ ബഹുഭൂരിഭാഗവും മുസ്‌ലിം സമുദായക്കാരാണ്. ബാക്കിയുള്ളവര്‍ ദലിതരും. മതന്യൂനപക്ഷ വിരുദ്ധവും ദലിത് വിരുദ്ധവുമായ സംഘ്പരിവാര്‍ രാഷ്ട്രീയം തന്നെയാണ് രാജ്യത്ത് ആയുധമെടുത്ത് അഴിഞ്ഞാടുന്നത്. അതിനു ഗോസംരക്ഷണം ഒരു മറയാകുന്നെന്നു മാത്രം. ന്യൂനപക്ഷ, ദലിത് ജീവിതങ്ങള്‍ കൂടുതല്‍ അരക്ഷിതമായിക്കൊണ്ടിരിക്കുന്നു എന്ന ആപല്‍ക്കരമായ സൂചനയാണ് ഇതു നല്‍കുന്നത്. ഇത്തരം അരക്ഷിതബോധങ്ങളെ മുതലെടുക്കാന്‍ ഇറങ്ങിത്തിരിച്ച വിധ്വംസക ശക്തികളും രാജ്യത്തു പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഓര്‍ക്കേണ്ടതുണ്ട്. അവര്‍ക്കു വളമിട്ടു കൊടുക്കുകയാണ് ഓരോ ബീഫ് അതിക്രമവും. അത് രാജ്യത്തിന്റെ ഭദ്രതയ്ക്കു തന്നെ കടുത്ത ഭീഷണിയുയര്‍ത്തുമെന്നതില്‍ രണ്ടില്ല പക്ഷം. ചുരുക്കിപ്പറഞ്ഞാല്‍ രാഷ്ട്രത്തിന്റെ ഇടനെഞ്ചിലാണ് സംഘ്പരിവാര്‍ കത്തി കയറ്റുന്നത്. അവര്‍ രാഷ്ട്രീയം കളിക്കുന്നത് ബീഫ് കൊണ്ടല്ല, തീ കൊണ്ടാണ്.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.