
‘കുഴിമാടത്തില്‍ കിടക്കുന്ന നിന്നോട് ‘ എന്ന ശീര്‍ഷകത്തില്‍ ഹംസ ആലുങ്ങല്‍ എഴുതിയ ഫീച്ചര്‍ വായിച്ചു. വളരെ മനോഹരമായ എഴുത്തായിരുന്നു അത്. ലോകകപ്പ് മാമാങ്കത്തിനു പിറകെ സ്വബോധം നഷ്ടപ്പെട്ട് അലയുന്ന യുവതലമുറയുടെ ചിന്തയെ ഉണര്‍ത്താന്‍ പോന്നതായിരുന്നു കുറിപ്പ്.
‘നീ മരിച്ച വാര്‍ത്തയറിഞ്ഞ് മെസ്സിയും മറഡോണയും കണ്ണീര് വാര്‍ത്തില്ല. പക്ഷെ നിനക്കുവേണ്ടി കരഞ്ഞതും കണ്ണീര് വാര്‍ത്തതും നീ ഒരിക്കലും ഓര്‍ക്കാതെ പോയ നിന്റെ അമ്മയാണ്.’ ലേഖനത്തിനു പറയാനുള്ളതെല്ലാം ഈ ചെറുവാചകം സമ്പൂര്‍ണമായി പറഞ്ഞുവയ്ക്കുന്നുണ്ട്. ലോകത്തിന്റെ ഏതോ കോണില്‍ ജീവിക്കുന്ന ആളുകളെ പരിധിക്കുമപ്പുറം മനസേറ്റിയതിന്റെയും, എത്രയോ അകലങ്ങളില്‍ നടക്കുന്ന കായിക മാമാങ്കം യുക്തിബോധങ്ങള്ക്കുമപ്പുറം തലയില്‍ കൊണ്ടുനടക്കുകയും ചെയ്യുന്നതിന്റെ പരിണിതഫലമാണ് ആഴ്ചകള്‍ക്കു മുന്‍പ് ദീനു അലക്സ് എന്ന യുവാവിന്റെ ദൗര്‍ഭാഗ്യകരമായ മരണത്തിലൂടെ നാം കണ്ടത്. ഇനിയും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടാതെ നോക്കാന്‍ ബന്ധപ്പെട്ട എല്ലാവര്ക്കും ബാധ്യതയുണ്ട്. കളിഭ്രാന്തന്മാരുടെ അപകടലോകത്തെ ഹൃദയസ്പൃക്കായ ഭാഷയില്‍ അവതരിപ്പിച്ച എഴുത്താകാരന് അഭിനന്ദനങ്ങള്‍.