2020 June 04 Thursday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

കളിപ്പന്തുത്സവത്തിന് ഖത്തര്‍ കാത്തിരിക്കുന്നു

ആരിഫ് തോടന്നൂര്‍

 

2019ലെ ലോക അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പിന് ഖലീഫാ അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ തിരശ്ശീല വീണപ്പോള്‍ ലോകം വിലയിരുത്തിയത് കായിക താരങ്ങളുടെ പ്രകടനം മാത്രമായിരുന്നില്ല, ഏറ്റവും മികച്ച അടിസ്ഥാന സൗകര്യങ്ങളൊരുക്കിയ ഖത്തര്‍ രാജ്യത്തെ കൂടിയായിരുന്നു. ഇങ്ങനെ പോയാല്‍ 2020ലെ ലോകകപ്പിന് ആതിഥേയത്വം വഹിക്കാനൊരുങ്ങുന്ന ഈ രാജ്യം, 2018 വരെ കളിപ്പന്തുത്സവം വിരുന്നൊരുക്കിയ മറ്റു രാജ്യങ്ങളേയും പിന്നിലാക്കുമെന്നതില്‍ ഒരു സംശയവുമില്ല.
സംഘാടനത്തില്‍ 100ല്‍ 100 മാര്‍ക്കും നേടിയാണ് ഖത്തര്‍ ആസ്വാദകരുടെ മനസ് കീഴടക്കിയത്. പുറത്തെ താപനില 37 ഡിഗ്രി ആയിരിക്കുമ്പോഴും സ്റ്റേഡിയത്തിലെ താപനില 23 ആയി നിലനിര്‍ത്താന്‍ ഡിസ്ട്രിക്ട് കൂളിങ് സംവിധാനമാണ് ഇതില്‍ ഏറെ ശ്രദ്ധേയം. സ്റ്റേഡിയത്തിന് പുറത്തെ ട്രെയിനിങ് ഗ്രൗണ്ടുകളിലുള്ള സൗകര്യം പോലും ഇന്ത്യയിലെ ഒരു സ്റ്റേഡിയത്തിലും ഇല്ല എന്നതാണ് വാസ്തവം. ചാംപ്യന്‍ഷിപ്പിനോട് ഐ.എ.എ.എഫ് ആവശ്യപ്പെട്ടതിലും കൂടുതല്‍ സംവിധാനം ഒരുക്കിയാണ് ഖത്തര്‍ നന്ദി പ്രകടിപ്പിച്ചത്. മാരത്തോണ്‍ മത്സരങ്ങള്‍ നടന്ന കോര്‍ണീഷില്‍ രാത്രിയെ പകലാക്കുന്ന വെളിച്ചം ഒരുക്കിയും മികച്ചുനിന്നു.
209 രാജ്യങ്ങളില്‍ നിന്നുള്ള 2000ലധികം അത്‌ലറ്റുകളാണ് ദോഹയില്‍ മത്സരിച്ചത്. മത്സരത്തിനിടെ രാജകുടുംബാംഗങ്ങളുടെ സാന്നിധ്യവും മേളയ്ക്ക് കൊഴുപ്പു കൂട്ടി. ജി.സി.സിയില്‍ തന്നെയുള്ള കുവൈത്ത്, ബഹ്‌റൈന്‍, സൗദി അറേബ്യ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള അത്‌ലറ്റുകളും ഖത്തറിന്റെ ആതിഥ്യ മര്യാദ കണ്ട് അന്ധാളിച്ചിട്ടുണ്ടാവണം. പുരുഷ ഹൈജംപ് ചാംപ്യന്‍ ഖത്തറുകാരനായ മുഅ്തസ് ഈസ ബാര്‍ഷിമാണ് സ്റ്റേഡിയത്തിലിരുന്ന സ്വന്തം ആരാധകരെ കൈയിലെടുത്തത്. താരത്തിന്റെ ഓരോ പ്രകടനത്തിനു പിന്നിലും സ്വന്തം കായിക ആരാധകരേക്കാള്‍ അറബ് രാജാക്കന്‍മാരുടെ കൈയടിയുടെ പിന്തുണയുണ്ടായിരുന്നു. ഖത്തറുകാരനായ ആദം സാംബയുടെ മികച്ച പ്രകടനവും വേറിട്ടു നിന്നു. പക്ഷേ, 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ താരത്തിന് മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.
ഖത്തര്‍ റെഡ് ക്രസന്റ്, ഐ.എ.എ.എഫ് മെഡിക്കല്‍ ടീം, എന്നിവരുടെ നേതൃത്വത്തില്‍ മികച്ച മെഡിക്കല്‍ സേവനവും മേളയുടെ മുഴുവന്‍ സമയത്തുമുണ്ടായി. ഖത്തര്‍ പൊലിസിന്റെ വിവിധ വിഭാഗങ്ങളില്‍ നിന്നുള്ള ആയിരത്തോളം പൊലിസ് സേനാംഗങ്ങള്‍ മികച്ച സുരക്ഷയൊരുക്കി. സുരക്ഷാ പരിശോധന കഴിഞ്ഞ ശേഷം കാണികളെ സ്റ്റേഡിയത്തിനുള്ളിലേക്ക് കടത്തിവിട്ടത് പൊലിസുദ്യോഗസ്ഥര്‍ക്ക് ജോലി എളുപ്പമാക്കി. കാണികളുടെ കുത്തൊഴുക്കുണ്ടായപ്പോഴും തിരക്ക് നിയന്ത്രിക്കുന്നതില്‍ വളണ്ടിയര്‍മാരുടെ സേവനം പ്രശംസനീയമായിരുന്നു. അവിടെയും മലയാളിത്തിളക്കമായിരുന്നു. മലയാലികളുള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള വളണ്ടിയര്‍മാരാണ് വിവിധ വിഭാഗങ്ങളിലായി സേവനം ചെയ്തത്. 4,500 മലയാളികളാണ് ചാംപ്യന്‍ഷിപ്പില്‍ വളണ്ടിയറായി സേവനമനുഷ്ഠിച്ചത്. ഐ.എ.എ.എഫിന്റെ ചരിത്രത്തിലെ മികച്ച വളണ്ടിയര്‍ സേവനമാണ് ദോഹയില്‍ കണ്ടതെന്ന് മേളയുടെ ഫോട്ടോ ചീഫ് കൂടിയായ പിയറി ഡ്യൂറന്റ് അഭിപ്രായപ്പെട്ടു. മേളയുടെ ഭാഗമായി പ്രത്യേക യൂനിഫോമും അവര്‍ക്കായി വിതരണം ചെയ്തു.
കായിക താരങ്ങള്‍ക്കും മീഡിയക്കാര്‍ക്കുമായി താമസിക്കുന്ന ഹോട്ടലില്‍നിന്ന് ഖലീഫാ സ്റ്റേഡിയത്തിലേക്ക് വാഹനസൗകര്യം ഒരുക്കിയിരുന്നു. മീഡിയാ അക്രെഡിറ്റേഷന്‍ മുന്‍കൂട്ടി പൂര്‍ത്തിയാക്കിയത് മാധ്യമ പ്രവര്‍ത്തകര്‍ക്ക് കാര്യങ്ങള്‍ എളുപ്പമാക്കി. അഞ്ച് പ്രധാനപ്പെട്ട സ്ഥലങ്ങളിലേക്കാണ് മാധ്യമങ്ങള്‍ക്ക് പ്രത്യേക സൗകര്യമൊരുക്കിയത്. മുഴുവന്‍ മാധ്യമ പ്രവര്‍ത്തകരേയും ഒരുമിപ്പിക്കുന്ന മെയിന്‍ മീഡിയാ സെന്റര്‍, പ്രത്യേകം സജ്ജമാക്കിയ ബ്രോഡ്കാസ്റ്റിങ് സ്റ്റേജ്, ഫോട്ടോ ബാഡിഷന്‍സ് എന്നിവ മേളയുടെ മികച്ച സംഘാടനം വിളിച്ചോതി. മേളയുടെ തിരശ്ശീല താഴുമ്പോള്‍ എല്ലാ മേഖലയിലും മികച്ച സൗകര്യം ഏര്‍പ്പാട് ചെയ്ത സംഘാടകരും മാധ്യമ പ്രവര്‍ത്തകരും മത്സരാര്‍ഥികളും 100 ശതമാനം സംതൃപ്തരാണ്.
2022ലെ ലോകകപ്പ് ഫുട്‌ബോളിന് ആതിഥ്യമരുളുന്ന ഖത്തറിന് ഇത് വലിയ മുതല്‍ക്കൂട്ടായിരിക്കും. ലോകകപ്പിനു വേണ്ടി ഒരുക്കിയ ഖലീഫാ സ്റ്റേഡിയം, അല്‍ വക്കാറ സ്റ്റേഡിയം, അടുത്ത് ഉദ്ഘാടനം ചെയ്യാനിരിക്കുന്ന അല്‍ഖോറിലെ അല്‍ബെയ്ത്ത് സ്റ്റേഡിയം എന്നിവ ആകാരഭംഗി കൊണ്ടും അടിസ്ഥാന സൗകര്യം കൊണ്ടും ലോകത്ത് ഒന്നാം സ്ഥാനത്ത് നില്‍ക്കാന്‍ കെല്‍പ്പുള്ളവ തന്നെയാണ്. 2022 ആകുമ്പോഴേക്കും ലോക കായിക വസന്തത്തിന്റെ തറവാടായി ഖത്തര്‍ മാറുമെന്നതില്‍ സംശയമില്ല. ഏറ്റവും പുതിയ വിവരപ്രകാരം 2030ല്‍ നടക്കുന്ന ഏഷ്യന്‍ ഗെയിംസിന് ആതിഥ്യമരുളാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഖത്തര്‍ തുടക്കം കുറിച്ചു കഴിഞ്ഞു. ഇനി ഒളിംപിക്‌സ്, അതും കൂടി വൈകാതെ എത്തുമ്പോള്‍ ഖത്തറിന് ലോകത്തിന് മുന്നില്‍ ഞെളിഞ്ഞു തന്നെ നില്‍ക്കാം.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News