2019 February 18 Monday
എന്റെ കാലിന്റെ ഗതിനിയന്ത്രിക്കുന്നത് ഒരു വിളക്കാണ്. അത് എന്താണെന്നോ? അനുഭവദീപം! -പാട്രിക് ഹെന്റി

കളിച്ചുവളരാന്‍ താരങ്ങളുണ്ട്; വലിയപറമ്പില്‍ കളിപഠിക്കാന്‍ മൈതാനങ്ങളില്ല

തൃക്കരിപ്പൂര്‍: വലിയപറമ്പ ദ്വീപ് പഞ്ചായത്തില്‍ ഫുട്‌ബോള്‍ കളിയില്‍ കഴിവു തെളിയിച്ച ഒട്ടേറെ പ്രതിഭകളുണ്ടെങ്കിലു കളിച്ചുമുന്നേറാന്‍ ഇവിടെ കളിമൈതാനങ്ങളില്ല. മുന്‍ ടൈറ്റാനിയം താരം എം.ടി അഷ്‌റഫ്, ഐ.എസ്.എല്‍ താരം ആസിഫ് കോട്ടയില്‍ തുടങ്ങി കണ്ണൂര്‍ സര്‍വകലാശാല, ഗോകുലം എഫ്.സി എന്നീ ടീമുകള്‍ക്കു വരെ നിലവില്‍ ബൂട്ടണിയുന്ന താരങ്ങള്‍ വലിയപറമ്പ ദ്വീപിന്റെ സംഭാവനകളാണ്. ഇവരെല്ലാം തന്നെ പരിമിതമായ സ്ഥലത്ത് പന്തുതട്ടിയാണ് വിവിധ ടീമുകളിലെത്തിയത്. ഇവരില്‍ എം.ടി അഷ്‌റഫ് പലപ്പോഴായി തൃക്കരിപ്പൂരിലെത്തിയാണ് കളിപരിശീലിച്ചത്.
വലിയപറമ്പില്‍ ആകെയുള്ളത് പടന്നക്കടപ്പുറം ഗവ. ഫിഷറിസ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ മൈതാനമാണ്. പഞ്ചായത്തിലെ മുഴുവന്‍ ക്ലബുകളും ഈ സ്‌കൂള്‍ മൈതാനത്തെയാണ് ആശ്രയിക്കുന്നത്. വലിയപറമ്പ ദ്വീപിന്റെ തെക്കേ അറ്റം മുതല്‍ വടക്കെ അറ്റമായ മാവിലാടം വരെ നിരവധി ക്ലബുകളുണ്ട്. വൈകുന്നേരമാകുന്നതോടെ വലിയപറമ്പ പഞ്ചായത്തിന്റെ 24 കിലോമീറ്റര്‍ കടലോരത്ത് 20 ക്ലബുകളാണ് കളിക്കാനെത്തുന്നത്. ചാംപ്യന്‍ഷിപ്പില്‍ മത്സരിക്കാന്‍ കടലോരം വിട്ട് ഉറപ്പുള്ള മൈതാനങ്ങളില്‍ ഇവര്‍ നല്ല പ്രകടനം കാഴ്ചവെക്കാനുളള അവസരം നഷ്ടമാകുന്ന സ്ഥിതിയാണ്. പലരും ഇപ്പോഴും കളിപരിശിലിക്കാനും കളിക്കാനും കായല്‍ കടന്ന് തൃക്കരിപ്പൂരിലെത്തേണ്ട അവസ്ഥയിലാണ് നിലവിലുള്ളത്. പഞ്ചായത്ത് മുന്നിട്ടിറങ്ങി എം.എല്‍.എ, എം.പി എന്നിവരുടെ ഫണ്ട് ഉപയോഗപ്പെടുത്തി കളിമൈതാനത്തിനു വേണ്ടുന്ന ശ്രമങ്ങള്‍ നടത്തണമെന്നാണ് കളികമ്പക്കാരുടെ ആവശ്യം.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.