2020 August 13 Thursday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

കളരിപ്പയറ്റിനായി സമര്‍പ്പിച്ച് ഒരു ജീവിതം

അഷറഫ് ചേരാപുരം

കോഴിക്കോട്: കേരളത്തിന്റെ സ്വന്തം ആയോധനകലയായ കളരിപ്പയറ്റിന്റെ പോരിശ വാനോളമുയര്‍ത്തി തലമുറകളുടെ ഗുരുക്കളാകുകയാണ് മൂസഹാജി. കളരിയോടൊപ്പം ചേര്‍ത്തു വായിക്കാറുണ്ട് ചൂരക്കൊടി കളരിസംഘത്തിലെ മൂസഹാജിയുടെ നാമവും. 

1943ല്‍ ചെലവൂരില്‍ ജനിച്ച മൂസയ്ക്ക് ചെലവൂര്‍ ശാഫി ദവാഖാന ജീവിത വഴിയാവുകയായിരുന്നു. 1964ല്‍ മലബാര്‍ ക്രിസ്ത്യന്‍ കോളജില്‍ നിന്നും പ്രീ യൂനിവേഴ്‌സിറ്റി കഴിഞ്ഞ് പിതാവിന്റെ കോണ്‍ട്രാക്റ്റ് പ്രവൃത്തികളുമായി ബന്ധപ്പെട്ട് പ്രവൃത്തിക്കുന്നതിനിടെയാണ് കളരി രംഗത്തെത്തുന്നത്.
ശാഫി ദവാഖാനയുടെ സ്ഥാപകനും ഗുരുക്കളുമായ സി.മാമു മൗലവിയുടെ ശിഷ്യനായാണ് ചുവടുവയ്ക്കുന്നത്.
1975ല്‍ ചൂരക്കൊടി കളരിസംഘത്തിന്റെ ജനറല്‍ സെക്രട്ടറിയായി. വെറുമൊരു യുദ്ധമുറയായിരുന്ന കളരിയെ ഇന്ന് അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധിക്കപ്പെടുന്ന മത്സര ഇനം വരെയാക്കി മാറ്റുന്നതില്‍ പ്രധാന പങ്കു വഹിച്ച കോഴിക്കോട് ജില്ലാ കളരിപ്പയറ്റ് അസോസിയേഷന്റെ അമരക്കാരനാണ് ഇദ്ദേഹം. 92 അംഗീകൃത കളരിസംഘങ്ങളാണ് ജില്ലയിലുള്ളത്. സംസ്ഥാന തലത്തില്‍ ഏഴു തവണ തുടര്‍ച്ചയായി ചാംപ്യന്‍മാരാണ് ഹാജിയുടെ നേതൃത്വത്തിലുള്ള ജില്ലാ ടീം.

റഷ്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലേക്ക് പോയ കളരിസംഘത്തില്‍ ഹാജിയുടെ ശിഷ്യന്‍മാരുണ്ട്. കളരി രംഗത്തെ ഏറ്റവും നല്ല സംഘാടകനുള്ള സംസ്ഥാന അവാര്‍ഡ് അദ്ദേഹം നേടിയിട്ടുണ്ട്. 2013ലാണ് ദേശീയ കായിക ഇനമായി കളരി മാറിയത്. മൂസഹാജിയുടെ നേതൃത്വത്തിലുള്ള പ്രവര്‍ത്തനങ്ങളുടെ ഫലമായി രാജ്യത്തെ 12 സംസ്ഥാനങ്ങളില്‍ കളരി അസോസിയേഷനുകളും രൂപീകരിക്കാനായി.
നാടിന്റെ സ്വന്തം ആയോധന കലയെ പാഠ്യേതരപദ്ധതിയുടെ ഭാഗമാക്കാനുള്ള ശ്രമങ്ങള്‍ നടക്കണമെന്നാണ് ഹാജി പറയുന്നത്. തത്വത്തില്‍ അംഗീകാരമായെങ്കിലും സര്‍ക്കാര്‍ തീരുമാനം വന്നിട്ടില്ല.
ഇതിനായി പ്രത്യേകം സിലബസ് തയാറാക്കി പരിശീലനം നല്‍കിയ 750 ഓളം ഗുരുക്കന്‍മാര്‍ ഒരുങ്ങിനില്‍പ്പുണ്ട്. കളരി ഇപ്പോള്‍ സ്‌പോര്‍ട്‌സിന്റെ ഭാഗമായി.
ചിരപുരാതനമായ ഈ ആയോധന കലയെ ഒളിമ്പിക് വേദിയിലെത്തിക്കാനുള്ള ശ്രമത്തിലാണ് അര നൂറ്റാണ്ടിലേറെയായി കളരിയെ മാറോടു ചേര്‍ത്ത ഇദ്ദേഹമിപ്പോള്‍.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.