2019 March 26 Tuesday
നീതി ലഭ്യമാക്കാനുള്ള എളുപ്പമാര്‍ഗം മറ്റുള്ളവര്‍ക്കു നീതി വാങ്ങിക്കൊടുക്കലാണ്. -മഹാത്മജി

കല്‍പ്പറ്റ മത്സ്യ-മാംസ മാര്‍ക്കറ്റ് വിവാദം: ചര്‍ച്ചക്ക് പ്രത്യേക കമ്മിറ്റിയെ ചുമതലപ്പെടുത്തി വ്യാപാരികള്‍

കല്‍പ്പറ്റ: നഗരസഭക്ക് കീഴിലെ മത്സ്യ-മാംസ മാര്‍ക്കറ്റ് മാറ്റിസ്ഥാപിക്കാനുള്ള നടപടിയെ ചൊല്ലിയുണ്ടായ വിവാദങ്ങള്‍ അവസാനിക്കുന്നില്ല.
ഇന്നലെ മാര്‍ക്കറ്റ് അടച്ചുപൂട്ടുമെന്നായിരുന്നു നഗരസഭാ അധികൃതരുടെ പ്രഖ്യാപനം. എന്നാല്‍ ഇന്നലെയും മാര്‍ക്കറ്റ് പതിവുപോലെ പ്രവര്‍ത്തിച്ചു. മാര്‍ക്കറ്റിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നത് സാധാരണയായി നഗരസഭയായിരുന്നു. എന്നാല്‍ ഇന്നലെ മുതല്‍ നഗരസഭ മാലിന്യമെടുക്കാന്‍ തയാറായില്ല. ഇത്രയും ദിവസം നഗരസഭക്ക് മാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍ തങ്ങള്‍ പണം നല്‍കിയിരുന്നു.
എന്നാല്‍ ഇന്നലെ ഒരറിയിപ്പും നല്‍കാതെ ജീവനക്കാര്‍ മാലിന്യം ശേഖരിക്കാതെ മടങ്ങുകയായിരുന്നുവെന്ന് വ്യാപാരികള്‍ ആരോപിച്ചു. വിഷയം വിവാദമായതോടെ ഇന്നലെ മത്സ്യ-മാംസ കച്ചവടക്കാരുടെയും തൊഴിലാളികളുടെയും നേതൃത്വത്തില്‍ വ്യാപാരി വ്യവസായി ഏകോപന സമിതി അംഗങ്ങള്‍, ട്രേഡ് യൂനിയന്‍ നേതാക്കള്‍, വിവിധ രാഷട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവരെ യോഗം വിളിച്ചുചേര്‍ത്തു. യോഗം വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ഇ. ഹൈദ്രു ഉദ്ഘാടനം ചെയ്തു.
പി. മുഹമ്മദ്കുട്ടി അധ്യക്ഷനായി. കല്‍പ്പറ്റയിലെ മത്സ്യ-മാംസ മാര്‍ക്കറ്റ് പൂട്ടുന്നതുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹാരം കാണുന്നതിന് ഇ. ഹൈദ്രു ചെയര്‍മാനും പി മുഹമ്മദ്കുട്ടി കണ്‍വീനറും സി. മൊയ്തീന്‍കുട്ടി, പി.പി ആലി, കെ. സുഗതന്‍, കെ.കെ രാജേന്ദ്രന്‍, പി. ബീരാന്‍കോയ, രഞ്ജിത്ത് മുണ്ടേരി, കെ. അബ്ദുല്‍ഖാദര്‍ എന്നിവരെ ചുമതലപ്പെടുത്തി. ഷാഫി എടഗുനി, എ.പി ഹമീദ്, എം. കമറുദ്ദീന്‍, മൈതാനി ഇബ്രാഹിം, പി.പി അസീസ്, സി. അലി, സിദ്ദീഖ് മൈതാനി സംസാരിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.