2018 November 14 Wednesday
യഥാര്‍ഥ സൗഹൃദത്തേക്കാള്‍ വില നല്‍കാവുന്ന ഒന്നും തന്നെ ഈ ലോകത്തിലില്ല.

കല്ലേറ് കര്‍മം സമയക്രമം പാലിക്കണമെന്ന് ഹജ്ജ് മന്ത്രാലയം

നിസാര്‍ കലയത്ത്

ജിദ്ദ: കല്ലേറ് കര്‍മം നിര്‍വഹിക്കുന്നതിന് തീര്‍ത്ഥാടകരെ ഗ്രൂപ്പുകളായി തിരിച്ച് ജംറയിലെത്തിക്കുന്നതിന് നിശ്ചയിച്ച സമയക്രമം ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് സേവനം നല്‍കുന്ന ത്വവാഫ എസ്റ്റാബ്ലിഷ്‌മെന്റുകള്‍ പാലിക്കണമെന്ന് ഹജ്ജ് മന്ത്രാലയത്തിന്റെ കര്‍ശന നിര്‍ദേശം. മൂന്നു ദിവസങ്ങളില്‍ നിശ്ചിത സമയങ്ങളില്‍ കല്ലേറ് കര്‍മം നിര്‍വഹിക്കുന്നതിനാണ് വിലക്ക്.

ദുല്‍ഹജ്ജ് പത്തിന് രാവിലെ ആറു മുതല്‍ 10.30 വരെയും 11ന് ഉച്ചയ്ക്ക് രണ്ടു മുതല്‍ വൈകുന്നേരം ആറു വരെയും 12ന് രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക് രണ്ടു വരെയും ജംറകളിലേക്ക് തീര്‍ത്ഥാടകര്‍ പോവാന്‍ പാടില്ല. ഈ സമയങ്ങളില്‍ തീര്‍ത്ഥാടകരെ അയക്കരുതെന്ന് ഹജ്ജ് മന്ത്രാലയത്തിന്റെ പ്രത്യേക നിര്‍ദേശമുണ്ട്്. കല്ലെറിയാന്‍ പോവുന്ന നടപ്പാതകളില്‍ ഒരു മണിക്കൂറില്‍ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന തീര്‍ത്ഥാടകരുടെ എണ്ണം ഏകദേശം മൂന്നു ലക്ഷമാണ്. ജംറകളിലേക്കുള്ള തീര്‍ത്ഥാടരുടെ പോക്കുവരവുകള്‍ക്ക് ഓരോ മുത്വവ്വഫുകള്‍ക്ക് ട്രാക്കുകള്‍ നിശ്ചയിക്കുന്നതടക്കമുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.
ലഗേജുകളും വില്‍ചെയറുകളും കുട്ടികളെയും വൃദ്ധന്മാരെയും വഹിക്കാന്‍ തീര്‍ഥാടകരെ അനുവദിക്കരുതെന്നും എസ്റ്റാബ്ലിഷ്‌മെന്റ് ആവശ്യപ്പെട്ടു. ജംറയിലേക്ക് തീര്‍ഥാടകരെ സംഘങ്ങളായി അയക്കുന്നതിന്റെ ചുമതലയുള്ള ജീവനക്കാര്‍ക്ക്, അറബേതര ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള തീര്‍ഥാടകര്‍ക്ക് സേവനം നല്‍കുന്ന ത്വവാഫ എസ്റ്റാബ്ലിഷ്‌മെന്റ് കഴിഞ്ഞ ദിവസം പരിശീലന പരിപാടി സംഘടിപ്പിച്ചു.

ജംറ കോംപ്ലക്‌സിലേക്കും തിരിച്ചുമുള്ള തീര്‍ത്ഥാടകരുടെ സഞ്ചാരപഥങ്ങളും തീര്‍ത്ഥാടകരുടെ തമ്പുകളും ക്യാമറകളും ഓണ്‍ലൈന്‍ സംവിധാനവും വഴി നിരീക്ഷിക്കുമെന്ന് ഹജ് ഉംറ മന്ത്രാല അണ്ടര്‍ സെക്രട്ടറി ഡോ. ഹുസൈന്‍ അല്‍ശരീഫ് പറഞ്ഞു. ജംറയിലെയും സമീപത്തെയും തിരക്ക് കണ്‍ട്രോള്‍ റൂം വഴി ശക്തമായി നിരീക്ഷിക്കും. കല്ലേറ് കര്‍മത്തിന് തീര്‍ത്ഥാടകര്‍ക്ക് നിശ്ചയിച്ചു നല്‍കിയ സമയക്രമം ഫീല്‍ഡ് സര്‍വീസ് ഗ്രൂപ്പുകള്‍ പാലിക്കുന്നുണ്ടെന്ന് നിരീക്ഷിക്കുന്നതിന്റെ ചുമതല മക്ക ഹജ്ജ് ഉംറ മന്ത്രാലയ ശാഖയ്ക്കാന്‍.
വിദേസ രാജ്യങ്ങളുടെ ഹജ് കാര്യ ഓഫീസുകളും ഫീല്‍ഡ് സര്‍വീസ് ഗ്രൂപ്പുകളും അടക്കമുള്ള വകുപ്പുകള്‍ സമയക്രമം പാലിക്കാത്തതുമായി ബന്ധപ്പെട്ട നിയമലംഘനങ്ങള്‍ ഹജ്ജ് ഉംറ മന്ത്രാലയ ശാഖ നിരീക്ഷിച്ച് അപ്പോള്‍ തന്നെ മന്ത്രാലയത്തിന്റെ ശ്രദ്ധയില്‍ പെടുത്തും.

അതേ സമയം ഹറമിലേക്ക് ത്വവാഫിനായി തീര്‍ത്ഥാടകരെ കൊണ്ടുവരുന്നവര്‍ക്കും സമയക്രമം നിശ്ചയിച്ചുട്ടുണ്ട്്. ഓരോ നമസ്‌കാരത്തിന്റെ മുമ്പും പിമ്പും ഒരു മണിക്കൂറിന് മുമ്പായിരിക്കണം തീര്‍ത്ഥാടകരെ ത്വവാഫിന് എത്തിക്കേണ്ടത്. ഇതിനു പുറമെ തീര്‍ത്ഥാടകര്‍ കൈവളയും തിരിച്ചറിയല്‍ കാര്‍ഡും ധരിച്ചിട്ടുണ്ടോയെന്നും ഉറപ്പുവരുത്തണം. ഹജ്ജ് സീസണ്‍ വിജയകരമാക്കാന്‍ എല്ലാവരും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്ന് മക്ക ഗവര്‍ണറും കേന്ദ്ര ഹജ്ജ് കമ്മിറ്റി അധ്യക്ഷനുമായ അമീര്‍ ഖാലിദ് അല്‍ഫൈസല്‍ ആവശ്യപ്പെട്ടു. ഹജ്ജ് വേളയില്‍ ജംറകളിലും റെയില്‍വേ സ്റ്റേഷനുകളിലും തിരക്കൊഴിവാക്കാന്‍ കൈകൊണ്ട അവസാനഘട്ട പദ്ധതികളും മന്ത്രാല പ്രതിനിധികള്‍ വിലയിരുത്തി.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.