2018 June 17 Sunday
എല്ലാ നന്‍മകളുടെയും ഉറവിടം വിനയമാണ്
മുഹമ്മദ് നബി(സ്വ)

കല്യാണങ്ങളിലെ ആഭാസങ്ങള്‍: മഹല്ല് കമ്മിറ്റികള്‍ ഉറങ്ങുകയാണോ?

മുഷ്താഖ്, പൊയിലില്‍

ഇക്കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയിലൂടെ ഒരു കല്യാണത്തിന്റെ വിഡിയോ കാണാനിടയായി. വധുവിനോടൊപ്പം അണിഞ്ഞൊരുങ്ങി ഇരിക്കുന്ന വരനെ കൂട്ടുകാര്‍ ചുറ്റും നിന്ന് കുഴച്ച മൈദ പോലുള്ള എന്തോ സാധനം ശരീരം മുഴുക്കെ പൂശുന്നതാണ് രംഗം.
മുതിര്‍ന്ന സ്ത്രീകളും പുരുഷന്‍മാരും കുട്ടികളുമുള്‍പ്പെടെ വന്‍ ജനാവലി ഇതു കണ്ട് ആസ്വദിക്കുകയാണ്. വ  ധുവാകട്ടെ ഈ വലിയ സദസ്സിനു മുമ്പാകെ തലതാഴ്ത്തി ഇരിക്കുന്നു. വല്ലാത്തൊരു അവസ്ഥയിലാണ് പെണ്‍കുട്ടി ഇരിക്കുന്നതെന്നു കണ്ടപ്പോള്‍ ബോധ്യമായി. ഇത് ഒറ്റപ്പെട്ട സംഭവമല്ല. നഗരമധ്യത്തിലൂടെ വാഴക്കുലയും തലയിലേറ്റി വധുവിനോടൊപ്പം ഉളുപ്പില്ലാതെ നടന്നുനീങ്ങുന്ന പുതിയാപ്ല പോക്കിന്റെ ചിത്രവും ഓര്‍മവരികയാണ്.
ലജ്ജയെന്ന വികാരം എടുത്തുകളയപ്പെട്ടാല്‍ മൃഗം പോലും നാണിച്ചുപോകുന്ന തലത്തിലേക്ക് മനുഷ്യന്‍ മാറിപ്പോകുമെന്നതിന്റെ അനുഭവസാക്ഷ്യമാണ് ഇത്തരം സംഭവങ്ങള്‍. ഏറ്റവും പുണ്യകരവും പ്രതിഫലാര്‍ഹവുമായ ഒരു കര്‍മമാണ് വിവാഹം. ഇതിന്റെ അന്തസ്സത്തയെ തന്നെ ഇല്ലാതാക്കുന്ന തെമ്മാടിത്തരങ്ങളാണ് പല കല്യാണങ്ങളിലും കാണുന്നത്. വഴിവിട്ട ഇത്തരം പ്രവര്‍ത്തികളുടെ കാരണത്താല്‍ നിരവധി കല്യാണങ്ങളാണ് അകാലത്തില്‍ തന്നെ വിവാഹമോചനത്തിലേക്ക് വഴിയൊരുക്കുന്നത്.
കാസര്‍കോട് ഈയിടെ പുതിയാപ്ല ചെക്കനെയും കൊണ്ട് കൂട്ടുകാര്‍ നടത്തിയ റോഡ് ഷോ സോഷ്യല്‍ മീഡിയകളിലും മറ്റും ഉണ്ടാക്കിയ വിവാദം മറക്കാറായിട്ടില്ല. ഓരോ വിവാഹവും അതത് മഹല്ല് കമ്മിറ്റികളുടെ നേതൃത്വത്തിലാണ് നടക്കുന്നതെങ്കിലും കാര്‍മികത്വം വഹിക്കുന്ന ഉസ്താദിനും കാരണവന്‍മാര്‍ക്കും നിക്കാഹ് ചെയ്തു കൊടുക്കുന്നതോടെ ബാധ്യത തീര്‍ന്നുവെന്ന ധാരണയാണ്. പലപ്പോഴും ഇതിനൊക്കെ മൂകസാക്ഷിയായി ഇരുന്നു കൊടുക്കാനും ഇവര്‍ തയ്യാറാവുകയാണ്. സ്വന്തം അധികാര പരിധിക്കകത്ത് പരസ്യമായി ഇത്തരം താന്തോന്നിത്തരം നടക്കുമ്പോള്‍ അതിനെതിരേ പ്രതികരിക്കാനുള്ള നട്ടെല്ല് ഇല്ലാത്തവര്‍, ഇപ്പോള്‍ വഹിക്കുന്ന സ്ഥാനം മറ്റാര്‍ക്കെങ്കിലും മാറിക്കൊടുക്കാനെങ്കിലും സന്‍മനസ്സ് കാണിക്കണം. മഹല്ല് കമ്മിറ്റിയും ഖത്തീബും ഖാളിയുമൊക്കെ അലങ്കാരത്തിനുള്ളതല്ലെന്ന് ഓര്‍മ വേണം.
ഇസ്്‌ലാമിന് നിരക്കാത്തതും പൊതുസമൂഹത്തിനിടയില്‍ സമുദായത്തെ അപമാനിതമാക്കുന്നതുമായ ഇത്തരം ആഭാസങ്ങള്‍ക്കെതിരേയുള്ള നിലപാട് കൂടുതല്‍ കര്‍ക്കശമാവണം. ഇസ്്‌ലാമിന്റെ മര്യാദയുടെ രീതിശാസ്ത്രം ഓരോ മഹല്ലുവാസിക്കും ബോധ്യപ്പെടുത്തിക്കൊടുത്ത ശേഷമായിരിക്കണം ഇത്തരം കാര്യങ്ങള്‍ നടപ്പിലാക്കേണ്ടത്. ചില ഒറ്റപ്പെട്ട മഹല്ലുകള്‍ നൂറു ശതമാനവും ഇക്കാര്യത്തില്‍ വിജയം വരിച്ചിട്ടുണ്ടെന്ന കാര്യം മറക്കുന്നില്ല.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.