2019 February 22 Friday
ശരീരത്തിനു സൗന്ദര്യം എന്നതുപോലെയാണ് മനസ്സിന് തെളിമയാര്‍ന്ന ചിന്ത -ലാറേഷ് ഫുക്കോള്‍ഡ്

കലാരവത്തിന്റെ മൂന്ന് ദിനരാത്രങ്ങള്‍

 

സുനി അല്‍ഹാദി#
ആലപ്പുഴ: കായലുകള്‍ തൊട്ടുരുമ്മി കിന്നാരം ചൊല്ലുന്ന കിഴക്കിന്റെ വെനീസില്‍ ഇനി മൂന്നുനാള്‍ കൗമാരകലയുടെ ആരവം. ഒരുകാലത്ത് അന്നം വിളമ്പിയ നാട്, പ്രളയം തീര്‍ത്ത നൊമ്പരങ്ങള്‍ മറന്ന് കലാപ്രതിഭകളുടെ വിസ്മയത്തിന് കരുതലായി, കാവലായി സ്‌നേഹവര്‍ണങ്ങള്‍ വാരിവിതറും.
ഉദ്ഘാടനസമ്മേളനത്തിന്റെ പത്രാസില്ലാതെ സാംസ്‌കാരിക തനിമ വിളിച്ചോതുന്ന വിളംബരഘോഷയാത്രയുടെ ആരവമില്ലാതെ 59 കുരുന്നുകള്‍ കത്തിക്കുന്ന മണ്‍ചിരാതുകളുടെ വെളിച്ചത്തില്‍ 59ാമത് കേരള സ്‌കൂള്‍ കലോത്സവത്തിന്റെ 30 വേദികളിലും തിരശ്ശീല ഉയരും.
രാവിലെ 8.30ന് ഗവണ്‍മെന്റ് ഗേള്‍സ് ഹൈസ്‌കൂളില്‍ ഡി.പി.ഐ പതാക ഉയര്‍ത്തുന്നതോടെയാണ് കലോത്സവത്തിന് തുടക്കമാകുക. തുടര്‍ന്ന് 8.45ന് ഒന്നാംവേദിയായ ലിയോ തേര്‍ട്ടീന്ത് ഹൈസ്‌കൂളില്‍ നഗരത്തിലെ വിവിധ സ്‌കൂളുകളില്‍നിന്ന് തിരഞ്ഞെടുത്ത 59 കുട്ടികള്‍ വിവിധ കലാരൂപങ്ങളില്‍ അണിനിരന്നാണ് മണ്‍ചിരാതുകള്‍ കത്തിക്കുന്നത്. ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി, അറബിക് കലോത്സവം, സംസ്‌കൃതോത്സവം എന്നീ വിഭാഗങ്ങളിലാണ് മത്സരങ്ങള്‍ നടക്കുന്നത്. പ്രളയാനന്തരം നടക്കുന്ന യുവജനോത്സവത്തില്‍ ചെലവുചുരുക്കലിന്റെ ഭാഗമായി വിവിധ സ്‌കൂളുകളുടെ ഓഡിറ്റോറിയങ്ങള്‍ കേന്ദ്രീകരിച്ചാണ് മത്സരങ്ങള്‍ അരങ്ങേറുന്നത്. 188 ഇനങ്ങളിലായി പന്ത്രണ്ടായിരത്തോളം പ്രതിഭകള്‍ മാറ്റുരയ്ക്കും.
മുന്‍വര്‍ഷങ്ങളില്‍നിന്നും വ്യത്യസ്തമായി നാല് മത്സരയിനങ്ങള്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകമായി നടക്കും. കഥകളി, തുള്ളല്‍, നാടോടിനൃത്തം, മിമിക്രി എന്നിവയ്ക്ക് ആണ്‍-പെണ്‍ വിഭാഗങ്ങളില്‍ മത്സരമുണ്ടാകും. ചില മത്സര ഇനങ്ങളില്‍ ഉപകരണസംഗീതം ഉപയോഗിക്കുന്നതിനും ഭേദഗതി വരുത്തിയിട്ടുണ്ട്.
ഏറ്റവും കുറവ് അപ്പീലുകളെത്തിയ കലോത്സവം കൂടിയാണ് ഇത്തവണ നടക്കുന്നത്. രജിസ്‌ട്രേഷന്‍ ആരംഭിച്ച ഇന്നലെ ഒന്‍പതിനായിരത്തോളംപേര്‍ വിവിധ മത്സരങ്ങളില്‍ പങ്കെടുക്കാന്‍ രജിസ്റ്റര്‍ ചെയ്തു. മുഖ്യവേദി നിശ്ചയിക്കാതെ ആറുവേദികളിലായാണ് ജനപ്രിയ ഇനങ്ങള്‍ അരങ്ങേറുന്നത്. രാവിലെ ഒന്‍പതുമണിമുതല്‍ തന്നെ എല്ലാവേദികളിലും മത്സരങ്ങള്‍ ആരംഭിക്കും.
വിവിധ വിഭാഗങ്ങളില്‍ മോഹിനിയാട്ടം, നാടോടിനൃത്തം, ഒപ്പന, തിരുവാതിര, ചവിട്ടുനാടകം തുടങ്ങിയ ജനപ്രിയ ഇനങ്ങളും ഇന്ന് അരങ്ങേറും. വിവിധ ജില്ലകളില്‍നിന്ന് തെരഞ്ഞെടുത്ത രചനാമത്സരങ്ങളുടെ മൂല്യനിര്‍ണയവും ഇന്ന് നടക്കും. ലജ്‌നത്തുല്‍ മുഹമ്മദീയ ഹൈസ്‌കൂളില്‍ രാവിലെ 11 മുതലാണ് മൂല്യനിര്‍ണയം നടക്കുന്നത്. 12 സ്‌കൂളുകളിലായാണ് കുട്ടികള്‍ക്ക് താമസ സൗകര്യം ഒരുക്കിയിരിക്കുന്നത്. സുരക്ഷയ്ക്കായി 1,200 പൊലിസുകാരെയും വിന്യസിച്ചിട്ടുണ്ട്. മൂന്ന് ദിവസവും മത്സരത്തിനെത്തുന്ന കുട്ടികള്‍ക്കും അധ്യാപകര്‍ക്കുമൊക്കെ ഭക്ഷണവും ഒരുക്കിയിട്ടുണ്ട്. കെ.എസ്.ടി.എയുടെ നേതൃത്വത്തിലാണ് പായസം ഉള്‍പ്പെടെയുള്ള വിഭവസമൃദ്ധമായ സദ്യ ഒരുക്കുന്നത്.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.