2019 August 20 Tuesday
തെറ്റു ചെയ്യുന്നവന്‍ മനുഷ്യനാണ്; അതിനെക്കുറിച്ചോര്‍ത്തു ദു:ഖിക്കുന്നവന്‍ മഹര്‍ഷിയാണ്; എന്നാല്‍ അതില്‍ അഭിമാനം കൊള്ളുന്നവന്‍ പിശാചാണ്.

കലഹിക്കുന്നവരുടെ സുവിശേഷം

അലിഫ് ഷാഹ്

എതിര്‍ഭാഷയും വിമതസ്വരവും ഉള്ളവര്‍ വേട്ടയാടപ്പെടേണ്ടവരാണ്, അവര്‍ കലഹ പ്രിയരാണ്, ഭീകരരും എണ്ണമില്ലാത്ത ശിക്ഷയുടെ വെടിത്തുളകള്‍ കൊണ്ട് അടയാളപ്പെടുത്തപ്പെടേണ്ടവരുമാണ് എന്നത്രേ ലോകക്രമം. ഈ വ്യവസ്ഥിതിയുടെ മുന്നില്‍ തിരിഞ്ഞുനില്‍ക്കുന്നയാളിന്റെ ശബ്ദത്തെ പുസ്തകരൂപത്തില്‍ അടയാളപ്പെടുത്തിയതാണ് ‘കലഹിക്കുന്നവരുടെ തിരക്കാഴ്ചകള്‍’ .
 ചോദ്യങ്ങള്‍ പാപങ്ങളായി ചാര്‍ത്തപ്പെട്ട, ഉത്തരം നിഷേധിക്കപ്പെട്ട, ഒരു ജനതയുടെ ഗതികെട്ട മൗനങ്ങള്‍ക്ക് ഒരാള്‍ ശബ്ദമാവുന്നു. അവരെ നമ്മുടെ കാഴ്ചയുടെ ഉമ്മറത്തേക്കു നീക്കിനിര്‍ത്തുന്നു. അതുതന്നെയാണ് ഈ പുസ്തകത്തിന്റെ എക്കാലത്തെയും പ്രസക്തി.
‘നരകത്തില്‍ നിന്നുള്ള പ്രതിഷേധങ്ങള്‍’ എന്ന ഡോക്യുമെന്ററിയില്‍ നീറ്റാജലാറ്റിന്‍ കമ്പനിയുടെ മുന്നില്‍ നിന്ന് കുഞ്ഞപ്പനെന്ന എണ്‍പതുകാരന്‍ പറയുന്നുണ്ട്. ‘ഞങ്ങള്‍ക്ക് സുഗന്ധമൊന്നും വേണ്ട, ഞങ്ങളുടെ പ്രകൃതിയും പൂക്കളും പുഴയും തോടും നീര്‍ച്ചാലും നല്‍കിയിരുന്ന ആ ശുദ്ധഗന്ധം മാത്രം മതി’ എന്ന്.
കാതിക്കുടം എന്ന ഗ്രാമത്തിലെ വയലുകളിലേക്ക് ഒഴുകിയെത്തുന്ന നീറ്റാജലാറ്റിന്‍ കമ്പനിയില്‍ നിന്നുള്ള രാസമാലിന്യങ്ങളും മഞ്ഞപ്പാട കെട്ടിക്കിടക്കുന്ന കിണറുകളുടെ ഉള്ളകങ്ങളും മൂക്ക് പൊത്തിപ്പോകുന്ന മനുഷ്യരും നിറയുന്ന ഫ്രെയിമുകളില്‍ നിന്ന് ഒരു ദുരന്തഭൂമിയുടെ നേര്‍ച്ചിത്രം കാണാം.
 സംസ്‌കാരസമ്പന്നര്‍ മുഖം ചുളിക്കുന്ന തീട്ടം എന്ന അപരിഷ്‌കൃത ഭാഷകൊണ്ട് സമരചിത്രങ്ങള്‍ ആലേഖനം ചെയ്ത തെരുവിലെ ചുവരുകള്‍ വിളിച്ചു പറയുന്നുണ്ട് ഒരു നാടിന്റെ ഗതികേടിന്റെ ആഴം. തൃശൂര്‍ ജില്ലയുടെ കിഴക്ക് പച്ചപ്പട്ടണിഞ്ഞ ഒരു ഗ്രാമത്തെ എങ്ങനെ ബഹുരാഷ്ട്ര കുത്തകകളും ഭരണകൂടവും ചേര്‍ന്നു വിഷഗ്രാമമാക്കി എന്ന് ഈ തിരക്കാഴ്ച നമ്മോട് സംസാരിക്കുന്നു.
‘വിഷമവൃത്തം’ എറണാകുളം ജില്ലയിലെ ഏലൂരിലെ ദുരിതക്കാഴ്ചകളിലേക്കാണു ഫോക്കസ് ചെയ്യുന്നത്. ശുദ്ധമായ കരിക്കിന്റെ ആദ്യ കാഴ്ചയില്‍ നിന്ന് അനേകം പുകക്കുഴലുകള്‍ക്കിടയിലേക്കു കാമറ നീങ്ങുമ്പോള്‍ തന്നെ ഏകദേശ ചിത്രം നമുക്കു ലഭിക്കുന്നു.
‘ഏലൂര്‍ ഇടയാര്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന 282 കമ്പനികളില്‍ 106 എണ്ണവും രാസാധിഷ്ഠിത വ്യവസായങ്ങളാണ്. ഇവയെല്ലാം പെരിയാറിനും ചുറ്റുപാടിനും ചെറുതും വലുതുമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നവയാണ്. ഇവയില്‍ തന്നെ 40 കമ്പനികള്‍ പെരിയാറിനെയും പരിസരങ്ങളെയും ഗുരുതരമായി മലിനീകരിക്കാന്‍ ശേഷിയുള്ളവയാണെന്നു പരിസ്ഥിതി പ്രവര്‍ത്തകനായ പുരുഷന്‍ ഏലൂര്‍ വ്യക്തമാക്കുന്നു.
 മലിനീകരണത്തെക്കുറിച്ച് പറയാന്‍ മുന്നോട്ടു വരുന്ന ഒരാളെ കായികശക്തി കൊണ്ട് നേരിട്ട് ‘മിണ്ടിയാല്‍ തീര്‍ത്തുകളയു’മെന്ന ഭീഷണി മുഴക്കുന്ന കമ്പനിയുടെ ഗുണ്ടകളെയും ഈ ഡോക്യുമെന്ററി കാണിച്ചു തരുന്നു. ഇവിടെ ഒരു കുന്തവുമില്ല, കാന്‍സറുമില്ല, മഹാരോഗവുമില്ല. ഇവിടെ വന്ന് ഒരുത്തനും പകര്‍ത്തുകയും വേണ്ടെന്നു പറഞ്ഞ് അവര്‍ ചിത്രീകരണത്തെ തടസപ്പെടുത്തുകയും ചെയ്യുന്നു.
‘മഹാജനവാടി’ കാഴ്ചക്കാരോട് സംവദിക്കുന്നത് ജീവിതം തന്നെ ഒരു സാഹസിക കലയായി സ്വീകരിച്ച ഒരു കൂട്ടം മനുഷ്യരുടെ നിസംഗജീവിതത്തെക്കുറിച്ചാണ്. ചേരിയില്‍ ഞെരുങ്ങി ജീവിക്കുന്നവരുടെ, അകറ്റി നിര്‍ത്തപ്പെട്ട ജനവിഭാഗത്തിന്റെ ഉള്ളറകളിലൂടെ നഗരകേന്ദ്രീകൃത വികസന പൊങ്ങച്ചത്തിന്റെ മുഖത്തു കാര്‍ക്കിച്ച് തുപ്പുകയാണ് സംവിധായകന്‍.
‘പുഴയുടെ ജാതകം’ എന്ന ഡോക്യുമെന്ററി കാണിക്കുന്നതും മനുഷ്യന്റെ ക്രൂരതയില്‍ പ്രകൃതിക്ക് മുറിവേറ്റ മറ്റൊരു കാഴ്ചയാണ്. ക്ലോറിനേക്കാള്‍ ചവര്‍പ്പുള്ള എറണാകുളത്തെ കുടിവെള്ളം കുടിച്ചിട്ടും കുടിച്ചിട്ടും ദാഹം തീരാതെ ഉറക്കം കെടുന്ന രാത്രികളില്‍ അയാള്‍ ആ സ്വപ്നം കാണും എന്നു പറഞ്ഞാണ് കാമറ പുഴയുടെ നോവുകളിലേക്ക് ഇറങ്ങിച്ചെല്ലുന്നത്.
എറണാകുളം ജില്ലയില്‍ വൈപ്പിന്‍ ബ്ലോക്കിലെ ഒറ്റപ്പെട്ട ദ്വീപായ മുളവുകാട് ഗ്രാമ പഞ്ചായത്തിനെ കീറിമുറിച്ച് 8,000 കോടിയുടെ വല്ലാര്‍പ്പാടം ട്രാന്‍സ്ഷിപ്‌മെന്റ് കണ്ടൈനര്‍ ടെര്‍മിനലിനുവേണ്ടി പതിനെട്ടര കിലോമീറ്ററോളം റോഡിനു വേണ്ടിയും വല്ലാര്‍പ്പാടം റെയില്‍വേക്കു വേണ്ടിയും നികത്തിയപ്പോള്‍ ഗ്രാമത്തിനു വന്ന നഷ്ടങ്ങളെക്കുറിച്ച്  മുളവുകാട് സംരക്ഷക പ്രവര്‍ത്തക ജെന്നി ഈ ഡോക്യുമെന്ററിയില്‍ വ്യക്തമാക്കുന്നുണ്ട്.
മീന്‍ പിടിച്ച് ജീവിച്ചിരുന്ന വീട്ടമ്മമാരൊക്കെ ഫ്‌ളാറ്റുകളില്‍ സമ്പന്നന്റെ പ്രസവ വസ്ത്രങ്ങളൊക്കെ അലക്കിക്കൊടുത്തു ജീവിക്കുകയാണെന്ന് ഇവര്‍ വിഷമത്തോടെ പറഞ്ഞു വയ്ക്കുന്നു.
‘കുയിലാത്ത കുളിസോപ്പ്’  പ്ലാച്ചിമട സമരത്തിന്റെ ശേഷിപ്പുകളെ കുറിച്ചാണ് സംസാരിക്കുന്നത്. പൂട്ടിയിട്ടിരിക്കുന്ന കൊക്കകോള കമ്പനിയുടെ ചായമിളകിയ കവാടവും വമ്പന്‍ കമാനവും കാണിച്ച് കാമറ ചെന്നുനില്‍ക്കുന്നത് വഴിയോരത്ത് കടലാസുപെട്ടിയില്‍ സോപ്പ് വില്‍ക്കുന്നൊരു സാധു തമിഴ് സ്ത്രീയിലാണ്.
‘വാങ്ങുക മയിലമ്മയുടെ നാട്ടില്‍ നിന്ന് കുയിലാത്ത കുളി സോപ്പ്. കുളിയും ഒരു രാഷ്ട്രീയ പ്രവര്‍ത്തനമാണല്ലോ എന്നു സമരത്തിന് പിന്തുണ പ്രഖ്യാപിക്കുകയാണ് ഈ ഡോക്യുമെന്ററിയിലൂടെ. ഓരോ ഫ്രെയിമിലും കാഴ്ചക്കാരനോട് ഈ നാടിന്റെ ഗതികേടിനെ കുറിച്ച് വാചാലനാവുന്നുണ്ട്.
നിങ്ങള്‍ ഒറ്റക്കല്ല എന്ന് ഓരോ സമരത്തോടും ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്ന ഒരു മനുഷ്യ സ്‌നേഹിയെ നമുക്ക് ഓരോ തിരക്കാഴ്ചയിലും കാണാന്‍ കഴിയും. നിരവധി പുരസ്‌കാരങ്ങള്‍ നേടിയ ഈ ഡോക്യുമെന്ററികള്‍ക്കു കിട്ടുന്ന ഏറ്റവും വലിയ അംഗീകാരവും തിരിച്ചറിവിന്റെ ബോധത്തിലേക്ക് ഉണര്‍ന്ന അതിന്റെ കാഴ്ചക്കാര്‍ തന്നെയാണ്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.