2018 September 26 Wednesday
മടിയന്മാരുടെ പ്രാര്‍ഥന ദൈവം കേള്‍ക്കില്ല
സൈറസ്

കലയുടെ ആസ്ഥാനത്ത് ഭക്ഷണത്തിന് വേണ്ടി വിദ്യാര്‍ഥി സമരം

 

 

ചെറുതുരുത്തി: കേരള കലാമണ്ഡലം കല്‍പ്പിത സര്‍വകലാശാലയില്‍ ഭക്ഷണത്തിന് വേണ്ടി വിദ്യാര്‍ഥി സമരം. നല്‍കുന്ന ഭക്ഷണം ഗുണനിലവാരമില്ലാത്തതാണെന്നും വയറു നിറയാന്‍ മതിയായ അളവില്‍ നല്‍കുന്നില്ലെന്നും ആരോപിച്ച് വിദ്യാര്‍ഥി യൂനിയന്റെ നേതൃത്വത്തില്‍ കലാമണ്ഡലം ഓഫിസ് ഉപരോധിച്ചു.
മികച്ച ഭക്ഷണം നല്‍കാന്‍ സര്‍ക്കാര്‍ ആവശ്യമായ തുക നല്‍കുമ്പോഴും വിദ്യാര്‍ഥികളില്‍ നിന്ന് വന്‍ പിരിവ് നടത്തുകയാണെന്ന് യൂനിയന്‍ നേതാക്കള്‍ ആരോപിച്ചു. ഭക്ഷണത്തിന്റെ ഗുണനിലവാരമില്ലായ്മ മൂലം ഭക്ഷ്യവിഷബാധ ഇവിടെ നിത്യസംഭവമാണ്. നിരവധി തവണ അധികൃതര്‍ക്ക് നിവേദനം നല്‍കിയിട്ടും നടപടിയും ഉണ്ടായില്ല. ആദ്യകാലങ്ങളില്‍ വിദ്യാര്‍ഥികള്‍ക്ക് ഭക്ഷണമെത്തിച്ച് നല്‍കിയിരുന്നത് പുറമെ നിന്നുള്ള കാറ്ററിങ് യൂനിറ്റുകളായിരുന്നു. ഇതില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നതോടെ കലാമണ്ഡലം നടത്തിപ്പ് ഏറ്റെടുത്ത് രണ്ട് മെസുകളും പ്രവര്‍ത്തനമാരംഭിച്ചു. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേക മെസും ഒരുക്കി.
എന്നാല്‍ ഭരണപരിഷ്‌കാര നടപടികളുടെ ഭാഗമായി ജീവനക്കാരുടെ എണ്ണം കുറയ്ക്കാന്‍ രണ്ട് മെസുകളും ഒന്നാക്കി ജീവനക്കാരെ മറ്റ് തസ്ഥികകളില്‍ നിയമിച്ചു. മെസിന്റെ പ്രവര്‍ത്തനം കലാമണ്ഡലം നേരിട്ട് ഏറ്റെടുക്കുകയും ചെയ്തു. ഇപ്പോള്‍ ലേഡീസ് ഹോസ്റ്റലിലാണ് ഭക്ഷണം പാചകം ചെയ്യുന്നത്. ഇവിടെ നിന്ന് ഓട്ടോറിക്ഷയില്‍ ആണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ എത്തുമ്പോഴേയ്ക്കും ഗുണനിലവാരം മുഴുവന്‍ നഷ്ടപ്പെടും. വിദ്യാര്‍ഥികള്‍ ഓഫിസ് ഉപരോധം ആരംഭിച്ചതോടെ സമരം അവസാനിപ്പിക്കാന്‍ വൈസ് ചാന്‍സലര്‍ ടി.കെ നാരായണന്‍ വിദ്യാര്‍ഥികളെ ചര്‍ച്ചയ്ക്കു വിളിക്കുകയും വിദ്യാര്‍ഥികള്‍ ഉന്നയിച്ച മുഴുവന്‍ ആവശ്യങ്ങളും അംഗീകരിച്ചതായി പ്രഖ്യാപിക്കുകയും ചെയ്തു.
നിര്‍മാണം പൂര്‍ത്തീകരിച്ച ആധുനികഭക്ഷണശാല ഉടന്‍ തുറന്ന് പ്രവര്‍ത്തിയ്ക്കുമെന്നും ശാലയുടെ പ്രവര്‍ത്തനം കലാമണ്ഡലം നേരിട്ട് ഏറ്റെടുക്കുമെന്നും ഇതിന്റെ ഭാഗമായി വിദ്യാര്‍ഥികള്‍ അധ്യാപകര്‍ ജീവനക്കാര്‍ എന്നിവരുടെ സംയുക്ത യോഗം വിളിക്കാനും തീരുമാനമായി.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.