2019 June 17 Monday
വെളിച്ചം കൂടുതലുള്ളിടത്ത് നിഴല്‍ തീവ്രമായിരിക്കും -ഗെഥേ

കലക്ടറുടെ കെട്ടിടനിര്‍മാണ നിയന്ത്രണ ഉത്തരവ് മറച്ചുവെച്ചുവെന്ന് ആക്ഷേപം

കല്‍പ്പറ്റ: ചരിത്രത്തിലാദ്യമായി വയനാട്ടിലുണ്ടായ കൊടും പ്രളയത്തിന്റെയും പ്രകൃതി ദുരന്തങ്ങളുടെയും പാശ്ചാത്തലത്തില്‍ മൂന്നു പഞ്ചായത്തുകളില്‍ കെട്ടിടനിര്‍മാണത്തിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ ജില്ലാ കലക്ടറുടെ ഉത്തരവ് പൊതുജനങ്ങളില്‍ നിന്ന് മറച്ചുവെച്ചതായി ആക്ഷേപമുയരുന്നു.
വൈത്തിരി, പൊഴുതന, തിരുനെല്ലി പഞ്ചായത്തുകളില്‍ കെട്ടിട നിര്‍മാണങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയാണ് ജില്ലാ കലക്ടര്‍ ഉത്തരവ് പുറപ്പെടുവിച്ചത്. എന്നാല്‍ വൈത്തിരി പഞ്ചായത്തിന്റെ കീഴില്‍ വരുന്ന ചുണ്ടേല്‍ വില്ലേജില്‍ മാത്രമാണ് നിയന്ത്രണമെന്നാണ് സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് ജനങ്ങള്‍ക്ക് ലഭിച്ച അറിയിപ്പ്.
ഏതാനും ദിവസങ്ങള്‍ക്കുശേഷം ഇതുസംബന്ധിച്ച ഉത്തരവ് പുറത്തുവന്നപ്പോഴാണ് മറ്റു പഞ്ചായത്തുകളിലും നിയന്ത്രണമുണ്ടെന്ന വിവരം പരസ്യമായത്. പരിസ്ഥിതി ലോലപ്രദേശങ്ങളായ പ്രസ്തുത പഞ്ചായത്തുകളില്‍ എട്ട് മീറ്ററില്‍ കൂടുതല്‍ ഉയരമുള്ള കെട്ടിടങ്ങള്‍ ഇനി പാടില്ലെന്നാണ് ജില്ലാ ദുരന്തനിവാരണ അതോരിറ്റി ചെയര്‍മാന്‍ കൂടിയായ കലക്ടറുടെ ഉത്തരവ്. അനുമതി കിട്ടി നിര്‍മാണ പ്രവൃത്തി ആരംഭിച്ച കെട്ടിടങ്ങള്‍ക്കും തീരുമാനം ബാധകമാണ്. ജില്ലയുടെ താല്‍ക്കാലിക ചുമതലയുണ്ടായിരുന്ന കേശവേന്ദ്രകുമാറാണ് കഴിഞ്ഞയാഴ്ച ഉത്തരവ് പുറപ്പെടുവിച്ചത്. വൈത്തിരി, പൊഴുതന, തിരുനെല്ലി പഞ്ചായത്തുകളിലാണ് ഉരുള്‍പൊട്ടലുകളും മണ്ണിടിച്ചിലുകളും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. അശാസ്ത്രീയമായ ഭൂവിനിയോഗമാണ് ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനും കാരണമായതെന്ന വിദഗ്ധരുടെ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ഈ പഞ്ചായത്തുകളില്‍ ഇനി കെട്ടിടങ്ങളുടെ ഉയരം എട്ട് മീറ്ററേ ആകാവൂ എന്നതാണ് കലക്ടറുടെ ഉത്തരവ്. അതത് കെട്ടിട ഉടമകള്‍ പഞ്ചായത്ത് സെക്രട്ടറി വിളിക്കുന്ന ഹിയറിങ്ങിന് ഹാജരാകണം.
എട്ട് മീറ്ററില്‍ കൂടുതലുള്ള പണി പൂര്‍ത്തിയായ കെട്ടിടങ്ങള്‍ ഒരു തരത്തിലുമുള്ള ഭീഷണിയും ഉയര്‍ത്തുന്നില്ലെന്ന് തെളിയിക്കുകയും ജില്ലാ ദുരന്ത നിവാരണ അതോരിറ്റിയുടെ അനുമതി വാങ്ങുകയും വേണം. ഇതുസംബന്ധിച്ചുള്ള ജില്ലാ കലക്ടറുടെ ഉത്തരവ് പഞ്ചായത്ത് സെക്രട്ടറിമാര്‍ക്ക് കൈമാറി. 2015ല്‍ വൈത്തിരി പഞ്ചായത്തിലെ കുന്നത്തിടവക വില്ലേജില്‍ കെട്ടിടങ്ങള്‍ക്ക് എട്ട് മീറ്ററാക്കി അന്ന് കലക്ടറായിരുന്ന കേശവേന്ദ്രകുമാര്‍ ഉത്തരവിറക്കിയിരുന്നു. നേരത്തേ അനുമതി വാങ്ങിയതാണെന്നു കാണിച്ച് ചില ഉടമകള്‍ ഹൈക്കോടതിയില്‍ നിന്നും സ്റ്റേ വാങ്ങി നിര്‍മാണ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കുകയായിരുന്നു. തുടര്‍ന്ന് കേശവേന്ദ്രകുമാര്‍ താല്‍ക്കാലിക കലക്ടര്‍ സ്ഥാനം വഹിക്കുന്ന സമയത്താണ് പുതിയ ഉത്തരവിറക്കിയിരിക്കുന്നത്. വൈത്തിരി പഞ്ചായത്ത് പരിധിയിലുള്ള സുഗന്ധഗിരി, വൈത്തിരി, സേട്ടുകുന്ന് തുടങ്ങിയ പ്രദേശങ്ങളില്‍ നിരവധി സ്ഥലങ്ങളില്‍ ഉരുള്‍പൊട്ടുകയും മണ്ണിടിച്ചിലുണ്ടാവുകയും ചെയ്തിരുന്നു.
വൈത്തിരി പൊലിസ് സ്റ്റേഷനു സമീപമുള്ള കുന്നില്‍ചെരിവില്‍ മണ്ണിടിഞ്ഞ് വീട്ടമ്മ മരിക്കുകയും വീടുകള്‍ തകരുകയും ചെയ്തു.
ഇതിനു സമീപത്തു തന്നെയുള്ള വൈത്തിരി ബസ് സ്റ്റാന്‍ഡിലെ കെട്ടിടമാണ് പൂര്‍ണമായും നിലംപൊത്തിയത്. സുഗന്ധഗിരിയിലുണ്ടായ മണ്ണിടിച്ചിലില്‍ ഭാഗ്യം കൊണ്ട്മാത്രമാണ് ആളപായം ഒഴിവായത്. കോടികളുടെ നാശനഷ്ടമാണ് ഇവിടെ സംഭവിച്ചത്. പൊഴുതന പഞ്ചായത്ത് പരിധിയില്‍ വരുന്ന അമ്മാറ, കുറിച്യര്‍മല തുടങ്ങിയ സ്ഥലങ്ങളില്‍ ചെറുതും വലുതമായ നിരവധി ഉരുള്‍പൊട്ടലുകളാണുണ്ടായത്. ഒട്ടേറെ ആളുകള്‍ക്ക് വീടുകളില്‍ നിന്ന് പാലായനം ചെയ്യേണ്ടി വന്നു.
കുറേ വീടുകള്‍ നാമാവിശേഷമായി. തിരുനെല്ലി പഞ്ചായത്ത് പരിധിയില്‍ വരുന്ന തൃശിലേരിയില്‍ ഭൂമി അപ്പാടെ നിരങ്ങി നീങ്ങിയത് പരിഭ്രാന്തി സൃഷ്ടിച്ചിരിക്കുകയാണ്. ഇത്തരം സാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍ ഓഗസ്റ്റ് 28നാണ് കേശവേന്ദ്രകുമാര്‍ ഐ.എ.എസ് ഉത്തരവില്‍ ഒപ്പുവെച്ചത്. പക്ഷെ രണ്ടു ദിവസം മുമ്പ് മാത്രമാണ് മൂന്നു പഞ്ചായത്തുകളില്‍ നിയന്ത്രണമുണ്ടെന്ന കാര്യം പുറത്തായത്.

 

 

 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.