2019 July 22 Monday
നിങ്ങളുടെ അമ്മയോട് സംസാരത്തില്‍ മൂര്‍ച്ചയുള്ള വാക്കുകള്‍ ഉപയോഗിക്കരുത്. നിങ്ങളെ സംസാരിക്കാന്‍ പഠിപ്പിച്ചത് ആ അമ്മയാണെന്ന് മറക്കരുത്.

കലക്കല്ലേ ആ ഒരുതുള്ളി വെള്ളം

മുര്‍ഷിദ് കാടപ്പടി
മന്‍ഹജുര്‍ റശാദ് ഇസ്‌ലാമിക്
കോളജ്

കുടിക്കുന്ന വെള്ളത്തിന് പോലും വിലപറയേണ്ട ഒരു അവസ്ഥ. പച്ചപ്പിന്റെ ഓര്‍മകള്‍ ഇന്ന് വെറും അനന്തമായ മരുഭൂമിയായി മാറി. ദുഃഖിച്ച് പൊഴിക്കാന്‍ ഒരിറ്റ് കണ്ണീര്‍ പോലും ഇന്ന് ലഭ്യമല്ല. പഞ്ചായത്തുകള്‍ നല്‍കുന്ന കാരുണ്യ ജലത്തിന് വേണ്ടി വരി നില്‍ക്കുന്ന ഒരുപാട് മുഖങ്ങളാണ് ഏതു പത്രങ്ങളുടേയും പ്രധാന ചിത്രം.
എവിടെ പോയി നമ്മുടെ സമൃതി? ആരാണ് നമ്മുടെ വെള്ളമെല്ലാം അപഹരിച്ചത്?. പലരുടേയും മനസില്‍ ഉയരുന്ന ഒരു ചോദ്യമാണിത്. എന്നാല്‍ അതിനുള്ള മറുപടി പകല്‍ വെളിച്ചം പോലെ നമുക്ക് വ്യക്തമാണ്. നാം തന്നെയാണ് നമ്മുടെ വെള്ളം കലക്കിയത്, നാമാണ് നമ്മുടെ ജീവല്‍ജലത്തെ പാഴാക്കി കളഞ്ഞത്. ഇന്ന് നാം അനുഭവിക്കുന്ന വരള്‍ച്ചക്ക് പിന്നില്‍ പ്രവര്‍ത്തിച്ചത് പ്രധാനമായും നമ്മില്‍ ചിലരുടെ കറുത്ത കരങ്ങളാണ്.
പലരുടെയും അമിതമായ നശീകരണവും ധൂര്‍ത്തുമാണ് ഇന്ന് നമ്മുടെ ഫലങ്ങളെ കരിച്ച് കളഞ്ഞത്. വന്‍കിട ഫാക്ടറികളും വലിയ വലിയ കമ്പനികളും ഇവിടെ വരുത്തിവച്ചതാണ് നാമിന്ന് അനുഭവിക്കുന്നത്. ശുദ്ധമായ വെള്ളത്തിലേക്ക് നിഷ്പ്രയാസം മാലിന്യങ്ങള്‍ തള്ളാന്‍ മനസ്സുള്ള മക്കള്‍ പിറന്നു എന്നതാണ് നാടിന്റെ വരള്‍ച്ചയുടെ ഒന്നാമത്തെ കാരണം. ജനങ്ങളുടെ ദാഹജലം കലക്കുന്ന ഒരുപറ്റം ചെന്നായക്കൂട്ടത്തെ ചെറുത്ത് നില്‍ക്കാന്‍ കെല്‍പ്പുള്ള പുലിക്കുട്ടികള്‍ വിടപറഞ്ഞു എന്നതാണ് മറ്റൊരു കാരണം.പേരമക്കള്‍ അനാവശ്യമായി വെള്ളം പാഴാക്കുമ്പോള്‍ ദേഷ്യപ്പെടാറുള്ള വല്ല്യുപ്പമാര്‍ നമുക്കിന്ന് നഷ്ടമായി. ഒഴുകി പോകുന്ന വെള്ളത്തെ തടഞ്ഞുനിര്‍ത്താറുള്ള ഒരുപാട് സന്മനസ്സുകള്‍ ഇന്ന് നമ്മില്‍ ഓര്‍മ മാത്രമായി. ഇങ്ങനെ പോയാല്‍ നാം എത്തിച്ചേരുക ഒരുപാട് പട്ടിണി മരണങ്ങളിലേക്കായിരിക്കും.
മരങ്ങള്‍ വച്ചുപിടിപ്പിക്കാന്‍ ശ്രമിക്കുന്നതിന് പകരം ഉള്ള മുഴുവന്‍ മരങ്ങളും മുറിച്ചു മാറ്റാന്‍ ആവേശത്തോടെ മുന്നിട്ട് വരികയാണ് നമ്മുടെ ജനത. ഇവരോട് നമുക്ക് പറയാനുള്ളത് യജമാനന്റെ ഭക്ഷണം തിന്ന് മുഖം നോക്കി മനസ്സറിഞ്ഞു ചിരിക്കാറുള്ള ഒരു പൂച്ചയുടെ നന്ദി പോലും ഇന്ന് നമുക്കില്ല എന്നതാണ്. ദിനംപ്രതി ശുദ്ധ വായു തരാറുള്ള മരങ്ങളെ വെട്ടാന്‍ മടി കാണിക്കാത്ത നമ്മള്‍ എന്തു മാത്രം നന്ദികേടാണ് ചെയ്യുന്നത്.
വുളൂഇല്‍ പോലും അമിതമായി വെള്ളം ഉപയോഗിക്കുന്നത് തടയുന്ന ഇസ്‌ലാം വെള്ളത്തെ കുറിച്ച് പഠിപ്പിച്ചത് അത് അല്ലാഹുവിന്റെ അപാരമായ അനുഗ്രഹമാണെന്നാണ്. നിങ്ങളുടെ വെള്ളം വറ്റിപോയാല്‍ നിങ്ങള്‍ക്ക് വെള്ളം ആര് തുരം എന്ന ഖുര്‍ആനിക വാചകം ഇതിനോട് ചേര്‍ത്ത് വായിക്കേണ്ടതുണ്ട്. ഓരോ തുള്ളി വെള്ളവും നമുക്ക് വിലപ്പെട്ടതാണ്. മരിച്ചുപോയ ജല സംരക്ഷണത്തെ ജീവസുറ്റതാക്കാന്‍ നാഥന്‍ നമ്മെ തുണക്കട്ടെ-


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.