2018 May 24 Thursday
സ്‌നേഹം അറിയാതെ പോവുന്ന ജീവിതം നഷ്ടം മാത്രമാണ്. എന്നാല്‍, അതിലും വലിയ നഷ്ടമാണ് സ്‌നേഹിക്കുന്നവരെ അറിയാതെ പോവുന്നത്.
-ലില്ലി ഗ്രെയ്‌സ്

കര്‍മധീരനായ സഹപ്രവര്‍ത്തകന്‍

കെ. ആലിക്കുട്ടി മുസ്‌ലിയാര്‍

പിതാവിന്റെ നേതൃഗുണവുമായി സംഘടനാരംഗത്ത് ചടുലപ്രവര്‍ത്തനങ്ങള്‍ കാഴ്ചവച്ചു മണ്‍മറഞ്ഞ കോട്ടുമല ടി.എം ബാപ്പു മുസ്്‌ലിയാരുടെ വഫാത്തോടെ നഷ്ടമായത് കര്‍മധീരനായ സഹപ്രവര്‍ത്തകനെ. ജാമിഅയിലെ പഠനകാലം മുതല്‍ ബാപ്പു മുസ്്‌ലിയാരുമായി വ്യക്തിബന്ധമുണ്ട്. ഞാന്‍ ജാമിഅയില്‍ മുത്വവലില്‍ പഠിക്കുന്ന കാലത്ത് ജാമിഅ ബോര്‍ഡിങില്‍ ബാപ്പു മുസ്്‌ലിയാര്‍ ഉണ്ടായിരുന്നു. അഭിവന്ദ്യ ഗുരു കോട്ടുല അബൂബകര്‍ ഉസ്താദിന്റെ മകനെന്ന നിലയ്ക്കു ശിഷ്യരായ ഞങ്ങള്‍ക്കൊക്കെ വളരെ വാത്സല്യമായിരുന്നു ബാപ്പു മുസ്്‌ലിയാരോട്.

ജാമിഅയിലെ പഠനകാലം കഴിഞ്ഞ് അരിപ്ര വേളൂരില്‍ മുദരിസായി ബാപ്പു മുസ്്‌ലിയാര്‍ ഉത്തരവാദിത്വമേറ്റെടുത്തതോടെ ബന്ധം ദൃഢമായി. അന്നു തുടങ്ങിയ ബന്ധം വളരെ ശക്തമായിത്തന്നെ തുടര്‍ന്നു. സംവാദരംഗത്തു വ്യതിരിക്തമായ കഴിവുള്ള ഖണ്ഡനപ്രാസംഗികനായിരുന്നു അക്കാലത്ത് അദ്ദേഹം. ആദര്‍ശരംഗത്തെ പ്രചാരണ തീവ്രത അദ്ദേഹം കാത്തുസൂക്ഷിച്ചിരുന്നു.

സമന്വയ വിദ്യാഭ്യാസരംഗത്തെ അദ്ദേഹത്തിന്റെ എക്കാലത്തെയും ശോഭയാര്‍ന്ന പ്രവര്‍ത്തനത്തിന്റെ ഉത്തമോദാഹരണമാണ് കടമേരി റഹ്്മാനിയ്യ അറബിക് കോളജ്. സമസ്തയുടെ മാസ്റ്റര്‍ ബ്രൈനായിരുന്ന എം.എം ബശീര്‍ മുസ്‌ലിയാര്‍ തുടങ്ങിവച്ച ചരിത്രദൗത്യം പൂര്‍ത്തീകരിക്കാന്‍ ഭാഗ്യം ലഭിച്ചത് ബാപ്പു മുസ്്‌ലിയാര്‍ക്കായിരുന്നു.

80കളില്‍ സമസ്തയിലുണ്ടായ സന്നിഗ്ധകാലഘട്ടങ്ങളില്‍ സജീവമായിരുന്ന ബാപ്പുമുസ്്‌ലിയാര്‍ നേതൃരംഗത്തേക്കു വരുന്നത് വിദ്യാഭ്യാസബോര്‍ഡിലൂടെയാണ്. അന്നു കെ.ടി മാനു മുസ്്‌ലിയാരായിരുന്നു വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി. കര്‍മരംഗത്ത് ധീരമായ ഇടപെടലും കാതലായ പരിഷ്‌കാരങ്ങളും നടത്താന്‍ അദ്ദേഹം മുന്നോട്ടു വന്നു.

ജാമിഅ നൂരിയ്യയുമായി ബന്ധപ്പെട്ടും ജാമിഅ എന്‍ജിനീയറിങ് കോളജുമായി ബന്ധപ്പെട്ടും സജീവമായി ഇടപെട്ടിരുന്ന അദ്ദേഹം വിദ്യാഭ്യാസരംഗത്ത് നല്ല കാഴ്ചപ്പാടുകളോടെയാണു നിലകൊണ്ടത്. നേതൃത്വപദവിയിലേയ്ക്ക് എത്തിച്ചേര്‍ന്നതു മുതല്‍ സമസ്ത രചിച്ച ചരിത്രങ്ങളിലെല്ലാം അദ്ദേഹത്തിന്റെ കൈയൊപ്പുണ്ടായിരുന്നു. കാര്യനിര്‍വഹണത്തില്‍ യുവനേതാക്കന്മാരുടെ ചിന്തകള്‍ക്കപ്പുറത്ത് ഒരുപടി മുന്നിലായിരുന്നു അദ്ദേഹത്തിന്റെ ഓരോ തീരുമാനങ്ങളും.

ഏറ്റെടുത്ത ഉത്തരവാദിത്വങ്ങളുടെ കണിശതയോടെ നിര്‍വഹിക്കുന്നതില്‍ അദ്ദേഹം സര്‍വരെയും വിസ്മയപ്പെടുത്തിയിരുന്നു. സമസ്ത അടുത്തിടെ നടത്തിയ മഹാസമ്മേളനങ്ങളുടെ വിജയം അതാണു സൂചിപ്പിച്ചിരുന്നത്. ചെറുശ്ശേരി ഉസ്താദ് ജനസെക്രട്ടറിയായിരുന്ന കാലത്ത് ഞാനും ബാപ്പു മുസ്്‌ലിയാരും നടത്തിയ സന്ദേശയാത്രകളും പ്രചാരണ പ്രവര്‍ത്തനങ്ങളും ഇന്നും മായാത്ത ഓര്‍മകളാണ്.

ഓര്‍മയില്‍ മായാതെ കിടക്കുന്ന ഒരു സംഭവംകൂടി പറഞ്ഞ് ഈ കുറിപ്പു നിര്‍ത്താം. കോട്ടുമല ഉസ്താദിന്റെ അവസാന കാലത്ത് അദ്ദേഹത്തിന്റെ യാത്രയ്ക്കുള്ള സൗകാര്യാര്‍ഥം ജാമിഅ പൂര്‍വവിദ്യാര്‍ഥികളുടെ കൂട്ടായ്മയായ ഓസ്്‌ഫോജ്‌ന അദ്ദേഹത്തിന് ഒരു കാറ് വാങ്ങി നല്‍കി.
ഉസ്താദിന്റെ വഫാത്തിനുശേഷം ആ കാറ് അനന്തരമായി ഓഹരി ചെയ്‌തെടുക്കാതെ ഉപ്പയുടെ പേരില്‍ സ്ഥാപിക്കുന്ന സ്ഥാപനത്തിനു നല്‍കാന്‍ സന്നദ്ധത അറിയിക്കുകയായിരുന്നു അദ്ദേഹം. ഇതിനായി സഹോദരിമാരുടെ സമ്മതം വാങ്ങി അദ്ദേഹം സംഘടനാനേതാക്കളെ സമീപിച്ചു. ആ സംഖ്യയില്‍നിന്നാണ് കാളമ്പാടിയിലെ കോട്ടുമല കോംപ്ലക്‌സിന്റെ അടിത്തറ. ഞാന്‍ ഉറച്ചുവിശ്വസിക്കുന്നു, പില്‍ക്കാലത്ത് അദ്ദേഹത്തിനുണ്ടായ അനുഗ്രഹങ്ങളെല്ലാം ഇതിന്റെ തുടര്‍ച്ചയാണെന്ന്.

സമസ്തയുടെ പുരോയാനത്തിന്റെ പടവുകളിലേയ്ക്കുള്ള ശീഘ്രയാത്രക്കിടയില്‍ നികത്താനാകാത്ത നഷ്ടങ്ങള്‍ക്കിടെയാണു കോട്ടുമല ബാപ്പു മുസ്്‌ലിയാരുടെ അന്ത്യം. സൈനുല്‍ ഉലമാ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്്‌ലിയാര്‍ വിട പറഞ്ഞിട്ട് ഒരു വര്‍ഷം തികയുന്നതിനുമുമ്പ് സമസ്ത പ്രസിഡന്റുമാരായ ആനക്കര കോയക്കുട്ടി മുസ്്‌ലിയാര്‍, എ.പി മുഹമ്മദ് മുസ്്‌ലിയാര്‍ എന്നിവര്‍ വിടപറഞ്ഞതിലുള്ള വേദന അടങ്ങുംമുമ്പാണ് ബാപ്പു മുസ്്‌ലിയാരുടെ വിയോഗം. അല്ലാഹു നമുക്കു ഉത്തമപകരക്കാരനെ നല്‍കട്ടെയെന്ന് ആത്മാര്‍ഥമായി പ്രാര്‍ഥിക്കുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.