2019 July 16 Tuesday
മടിയന്മാരുടെയും മൂഢന്മാരുടെയും പ്രവൃത്തി ദിവസം എന്നും നാളെയായിരിക്കും

കര്‍മം സ്ഫുരിക്കുന്ന ഓര്‍മ

കോട്ടുമല ബാപ്പു മുസ്‌ലിയാര്‍സ്മരണിക


സുപ്രഭാതം ഇഖ്‌റഅ് പബ്ലിക്കേഷന്‍സ്
കോഴിക്കോട്-3


വില 400.00 രൂപ

തന്‍സീര്‍ കാവുന്തറ

കര്‍മനൈരന്തര്യം, ഊര്‍ജസ്വലത, പ്രവര്‍ത്തനചടുലത എന്നീ ഗുണങ്ങള്‍ പ്രവര്‍ത്തനപഥത്തില്‍ വേറിട്ടുനിര്‍ത്തിയ നേതാവായിരുന്നു കോട്ടുമല ബാപ്പു മുസ്‌ലിയാര്‍. നിലപാടുകളില്‍ സ്ഥായിയായി, തീരുമാനങ്ങളില്‍ നെടുംതൂണായി, അണികള്‍ക്ക് ഊര്‍ജവും ആവേശവും നല്‍കി സമസ്തയുടെ പ്രയാണവീഥിയില്‍ അതുല്യചരിത്രം തീര്‍ത്താണ് അദ്ദേഹം ഇഹലോകവാസം വെടിഞ്ഞത്. ജീവിതത്തിന്റെ പ്രയാണത്തില്‍ ബാപ്പു മുസ്‌ലിയാര്‍ നടത്തിയ പ്രയത്‌നങ്ങളെ എക്കാലവും ഓര്‍ക്കാനും കര്‍മകുശലനായ ആ നേതാവിനെ പുതുതലമുറക്ക് ഒരു പാഠപുസ്തകമാക്കാനും ഉപകരിക്കുംവിധമാണ് ‘സുപ്രഭാതം’ ബാപ്പു മുസ്‌ലിയാര്‍ സ്മരണിക പ്രസിദ്ധീകരിച്ചിരിക്കുന്നത്. കര്‍മവീര്യം അഴകുപകര്‍ന്ന ഒരു പുരുഷായുസിന്റെ നേര്‍പകര്‍പ്പായ ഈ അക്ഷരോപഹാരം,ബാപ്പു മുസ്‌ലിയാരുടെ പാരമ്പര്യ പൈതൃക വഴികളും ജീവിതവ്യവഹാരങ്ങളും കൃത്യമായി അനാവരണം ചെയ്യുന്നുണ്ട്.

 

സമസ്തയില്‍ ഒപ്പം പ്രവര്‍ത്തിച്ച പണ്ഡിത ശ്രേഷ്ഠരുടെ ഓര്‍മാനുഭവങ്ങളാണു സ്മരണികയുടെ പ്രവേശിക. ഒരു വ്യാഴവട്ടക്കാലത്തിലേറെ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ മുശാവറയില്‍ അംഗമായി പ്രവര്‍ത്തിച്ച അദ്ദേഹം ഹ്രസ്വകാലം കൊണ്ട് സംഘടനയിലെ നിറസാന്നിധ്യമായി മാറുകയായിരുന്നു. സംഘടനയുടെ ജോ.സെക്രട്ടറി, വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി, സമസ്ത കേരള ജംഇയ്യത്തുല്‍ മുഫത്തിശീന്‍ പ്രസിഡന്റ്, എസ്.വൈ.എസ് സ്റ്റേറ്റ് വൈസ് പ്രസിഡന്റ് തുടങ്ങിയ പ്രധാന പോഷകഘടകങ്ങളുടെ തലപ്പത്തിരുന്നും അദ്ദേഹം സംഘടനയെ നയിച്ചു. സമസ്തക്കു കീഴില്‍ പ്രവര്‍ത്തിക്കുന്ന മിക്ക സ്ഥാപനങ്ങളെയും നിയന്ത്രിക്കുകയും ചെയ്തു. പ്രായംചെന്ന സമസ്ത നേതാക്കന്മാര്‍ക്കൊപ്പം കൂടെനിന്നു പ്രവര്‍ത്തിക്കാന്‍ അദ്ദേഹത്തിനു സൗഭാഗ്യമുണ്ടായി. സമസ്തയുടെ പ്രസിഡന്റായിരുന്ന കാളമ്പാടി മുഹമ്മദ് മുസ്‌ലിയാര്‍, ജന.സെക്രട്ടറിയായിരുന്ന ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ എന്നിവര്‍ക്കൊപ്പം പ്രവര്‍ത്തനപഥത്തില്‍ സഹസഞ്ചാരം നടത്താനും സാധിച്ചു. കഴിഞ്ഞ പത്തുവര്‍ഷങ്ങള്‍ക്കകം നടന്ന സമസ്തയുടെ രണ്ടു പ്രധാന പരിപാടികളായിരുന്നു എണ്‍പത്തിയഞ്ച്, തൊണ്ണൂറ് വാര്‍ഷികസമ്മേളനങ്ങള്‍. മലപ്പുറം ജില്ലയിലെ കൂരിയാട്ട് നടന്ന എണ്‍പത്തിയഞ്ചാം വാര്‍ഷികം, ആലപ്പുഴയില്‍ നടന്ന തൊണ്ണൂറാം വാര്‍ഷികം എന്നിവയുടെ ആസൂത്രണത്തിലും വിജയപ്രദമായ പരിസമാപ്തിയിലും ബാപ്പു മുസ്‌ലിയാരുടെ അക്ഷീണയത്‌നങ്ങളും സമര്‍ഥമായ കരങ്ങളുമുണ്ടായിരുന്നു. ഈ രണ്ടു സമ്മേളനങ്ങള്‍ വഴി സാമൂഹികമായി കൂടുതല്‍ സക്രിയമായ പദ്ധതികളാവിഷ്‌കരിക്കാനും സമസ്തക്കു സാധിച്ചു. ഈ ചലനാത്മക നേതൃത്വം ഓര്‍മയിലെ സുഗന്ധമായി കാത്തുസൂക്ഷിക്കുന്നവരുടെ അനുഭവക്കലവറ കൂടി സ്മരണികാ സംഘം സമാഹരിച്ചിട്ടുണ്ട്.

നിലപാടുകളിലെ നിഷ്‌കര്‍ഷതയും അനീതിയോടുള്ള സമരോത്സുകതയും അദ്ദേഹത്തിന്റെ കൂടെപ്പിറപ്പായിരുന്നു. കേരള മുസ്‌ലിംകളെ ദോഷകരമായി ബാധിച്ചേക്കാവുന്ന പ്രശ്‌നങ്ങള്‍ ഉടലെടുത്ത സാഹചര്യങ്ങളിലെല്ലാം സംഘടനയുടെ നിലപാടുകള്‍ സമൂഹസമക്ഷം അവതരിപ്പിക്കുന്നതിനും ഭരണകക്ഷികളെ ബോധിപ്പിക്കുന്നതിനും അദ്ദേഹം മുന്നിലുണ്ടായിരുന്നു. കഴിഞ്ഞ പത്തുവര്‍ഷത്തിനിടെയുണ്ടായ പ്രധാന മതസാമൂഹിക പ്രശ്‌നങ്ങളായ പാഠപുസ്തക വിവാദം, സ്‌കൂള്‍ സമയമാറ്റം, യതീംഖാനാ വിവാദം, ശരീഅത്ത് ചര്‍ച്ചകള്‍ എന്നിവയിലെല്ലാം മാധ്യമങ്ങളുമായി ഔദ്യോഗിക സംവേദനങ്ങള്‍ നടത്താനും സമസ്തയുടെ നിലപാടുകള്‍ വളച്ചുകെട്ടില്ലാതെ പറയാനും അദ്ദേഹമായിരുന്നു സംഘടനയുടെ ജിഹ്വയായി വര്‍ത്തിച്ചിരുന്നത്. ഇത്തരം തികവാര്‍ന്ന ഇടപെടലുകളുടെ വാതായനങ്ങള്‍ സ്മരണിക തുറന്നുവയ്ക്കുന്നുണ്ട്.

പ്രമുഖ മതപണ്ഡിതനും സമസ്തയുടെ സമുന്നത നേതാവുമായിരുന്ന കോട്ടുമല അബൂബക്ര്‍ മുസ്‌ലിയാരുടെ ഏക മകനായ ബാപ്പു മുസ്‌ലിയാര്‍ പിതാവിന്റെ പാരമ്പര്യത്തിലൂടെയാണു സമസ്തയിലും പ്രവര്‍ത്തിച്ചത്. പണ്ഡിതസഭയായ സമസ്തയെ ജനകീയമായി അവതരിപ്പിക്കുന്നതിനും കേരളീയ സാമൂഹികമണ്ഡലത്തില്‍ സംഘടനയുടെ സാന്നിധ്യമുണ്ടാക്കുന്നതിനും അദ്ദേഹത്തിന്റെ നേതൃപാടവം സഹായകരമായതും പാണക്കാട് സയ്യിദ് കുടുംബവുമായുള്ള അദ്ദേഹത്തിന്റെ ആത്മബന്ധവും ഓര്‍മപ്പുസ്തകത്തില്‍ അനാവൃതമാവുന്നു.

തീര്‍ഥാടകരുടെ സഹചാരി എന്ന ഭാഗത്ത് ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ എന്ന നിലക്കുള്ള ബാപ്പു മുസ്‌ലിയാരുടെ സംഭാവനകളെ സവിസ്തരം പ്രതിപാദിക്കുന്നുണ്ട്. ഹജ്ജ് കമ്മിറ്റിയുടെ ചെയര്‍മാനായതോടുകൂടി ബാപ്പു മുസ്‌ലിയാരുടെ പ്രവര്‍ത്തനഗോദയുടെ ആഴവും പരപ്പും വര്‍ധിച്ചു. ഇന്ത്യയില്‍നിന്നു ഏറ്റവും കൂടുതല്‍ ഹജ്ജ് തീര്‍ഥാടകര്‍ പുറപ്പെടുന്ന കേരളത്തിനുവേണ്ടി കേന്ദ്രത്തില്‍ ഇടപെടാനും ക്വാട്ട വര്‍ധിപ്പിക്കാനായി അധികൃതരെ സമീപിക്കുന്നതിനുമെല്ലാം അദ്ദേഹം അശ്രാന്ത പരിശ്രമം നടത്തിയെന്നു കൂടെ പ്രവര്‍ത്തിച്ചവര്‍ സാക്ഷ്യപ്പെടുത്തുന്നു. പ്രസ്തുത പദവിയില്‍ തനിക്കു രണ്ടാമൂഴത്തിനു നിയോഗമുണ്ടായതും സമര്‍ഥമായി ഹജ്ജ് കമ്മിറ്റിയെ നിയന്ത്രിക്കാനായതു കൊണ്ടാണ്. കേരളത്തില്‍നിന്നുള്ള ഹജ്ജ് സര്‍വിസ് കരിപ്പൂരില്‍നിന്ന് നെടുമ്പാശ്ശേരിയിലേക്കു മാറ്റിയപ്പോഴും തീര്‍ഥാടകരുടെ പ്രയാസങ്ങള്‍ മനസിലാക്കി വേണ്ടതുചെയ്യാന്‍ അദ്ദേഹം നിതാന്ത ഇടപെടലുകള്‍ നടത്തിയത് ഏറെ അവിസ്മരണീയമാണ്. കക്ഷിരാഷ്ട്രീയങ്ങള്‍ക്കതീതമായി വിമര്‍ശനങ്ങളേല്‍ക്കാതെ ആ സ്ഥാനമലങ്കരിക്കാന്‍ അദ്ദേഹത്തിനു സാധിച്ചു.

ഏറെക്കാലത്തെ ചര്‍ച്ചകള്‍ക്കും കൂടിയാലോചനകള്‍ക്കും ശേഷം സമസ്തക്കു സ്വന്തമായി ‘സുപ്രഭാതം’ ദിനപത്രം വെളിച്ചം കണ്ടപ്പോള്‍ നേതൃപരമായി അതിനെ നിയന്ത്രിച്ചിരുന്നത് ബാപ്പു മുസ്‌ലിയാരായിരുന്നു. ‘സുപ്രഭാത’ത്തിന്റെ പിതാവ് എന്ന ഭാഗം പത്രത്തിന്റെ നാള്‍വഴികളില്‍ ബാപ്പു മുസ്‌ലിയാരുടെ സംഭാവനകള്‍ സസൂക്ഷ്മം വിശകലനം ചെയ്യുന്നു. പ്രവാസലോകവുമായി അദ്ദേഹം സ്ഥാപിച്ച ഹൃദയബന്ധത്തെ കുറിച്ചുള്ള തുറന്നെഴുത്താണു പ്രവാസികളുടെ തോഴന്‍ എന്ന ഭാഗം. രാഷ്ട്രീയസാമൂഹിക പത്രപ്രവര്‍ത്തന രംഗത്തെ പ്രഗത്ഭവ്യക്തിത്വങ്ങളുടെ ഓര്‍മക്കുറിപ്പുകളും സ്മരണികയെ പ്രഫുല്ലമാക്കുന്നു.
മികവുറ്റ ശിഷ്യഗണങ്ങളായിരുന്നു അദ്ദേഹത്തിന്റെ വലിയ സമ്പത്ത്. പങ്കാളിത്ത ജനാധിപത്യമായിരുന്നു ആ ക്ലാസുമുറികളുടെ ഏറ്റവും വലിയ പ്രത്യേകത. ശിഷ്യരുടെ കണ്ണ് നനയിക്കുന്ന ഓര്‍മയെഴുത്തുകള്‍ ഹൃദയസ്പൃക്കായ വായനാനുഭവമാണ്.

സുകൃത സാരഥ്യം എന്ന ഭാഗത്ത് ബാപ്പു മുസ്‌ലിയാരുടെ വൈജ്ഞാനികസേവനങ്ങളുടെ സമഗ്രമായ പ്രതിപാദനമാണ്. സമുദായത്തിനു ദിശാബോധം നല്‍കി കടന്നുപോയ ആ മഹദ്‌വ്യക്തിത്വത്തോടുള്ള ആദരവുകളത്രയുമാണ് ‘സുപ്രഭാതം’ 440 പേജുകളുള്ള ഈ ചരിത്രപുസ്തകത്തിലൂടെ സമര്‍പ്പിച്ചിരിക്കുന്നത്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News