2019 November 17 Sunday
ഏറ്റവും വലിയ പാപം ഞാന്‍ കഴിവുകെട്ടവനാണ് എന്ന വിചാരമാണ്.

കര്‍ത്താപൂര്‍ ഇടനാഴി: ഉദ്ഘാടനം ഇന്ന്, നിലപാട് മാറ്റി പാകിസ്താന്‍; തീര്‍ഥാടകരില്‍നിന്ന് ഫീസ് ഈടാക്കും

 

ന്യൂഡല്‍ഹി: കര്‍താപൂര്‍ ഇടനാഴിയുടെ ഉദ്ഘാടനത്തിന്റെ തൊട്ടുമുന്‍പ് തീര്‍ഥാടകര്‍ക്കുള്ള പ്രവേശന ഫീസില്‍ നിലപാട് മാറ്റി പാകിസ്താന്‍. പ്രവേശന ഫീസായി 20 ഡോളര്‍ തീര്‍ഥാടകരില്‍നിന്ന് ഈടാക്കുമെന്നാണ് പാകിസ്താന്‍ ഇന്നലെ അറിയിച്ചത്. ഉദ്ഘാടന ദിവസത്തില്‍ ഫീസുകളൊന്നും ഈടാക്കില്ലെന്ന് പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ നവംബര്‍ ഒന്നിന് അറിയിച്ചിരുന്നു.
ഈ തീരുമാനത്തിലാണ് മാറ്റംവരുത്തിയിരിക്കുന്നത്. പ്രവേശന ഫീസ് ഈടാക്കാനുള്ള പാകിസ്താന്റെ തീരുമാനത്തിനെതിരേ ശക്തമായ വിമര്‍ശനവുമായി ഇന്ത്യ നേരത്തെ രംഗത്തുവന്നിരുന്നു. ഇതിനെ തുടര്‍ന്ന് തീര്‍ഥാടനത്തിനുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്തുന്നതില്‍ താമസമുണ്ടായി.
കര്‍ത്താപൂരിലേക്ക് ഇന്ത്യയുടെ പ്രവേശന അതിര്‍ത്തിയായ ഗുര്‍ദാസ്പൂരിലെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാവിലെ നിര്‍വഹിക്കും. അതേസമയത്തുതന്നെ പാകിസ്താനിലെ ഉദ്ഘാടനം ഇമ്രാന്‍ഖാന്‍ നിര്‍വഹിക്കും. സിഖ് ഗുരു ബാബ നാനാക്കിന്റെ 550ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ചാണ് കര്‍ത്താപൂര്‍ ഇടനാഴി തീര്‍ഥാടകര്‍ക്കായി തുറന്നുകൊടുക്കുന്നത്. സിഖ് മത വിശ്വാസികളുടെ വിശുദ്ധ പ്രദേശമാണ് കര്‍ത്താപൂര്‍ ഗുരുദ്വാര. പഞ്ചാബിലെ ഗുര്‍ദാസ്പൂരിലെ ഗുരുനാനാക്ക് ദേരയെ പാകിസ്താനിലെ സാഹിബ് ഗുരുദ്വാരയുമായി ബന്ധിപ്പിക്കുന്നതാണ് കര്‍ത്താപൂര്‍ ഇടനാഴി. ഗുരുനാനാക്ക് 15 വര്‍ഷത്തോളം ജീവിച്ച സ്ഥലമാണ് സാഹിബ് ഗുരുദ്വാര. ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ നാല് കിലോമീറ്റര്‍ നീളമുള്ളതാണ് ഇടനാഴി.
കര്‍ത്താപൂരിലേക്കുള്ള ആദ്യത്തെ തീര്‍ഥാടക സംഘത്തില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്, കേന്ദ്ര മന്ത്രി ഹര്‍ദീപ് പുരി, ഹര്‍സിമ്രത് കൗര്‍ ബദല്‍, പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്, സിനിമാ നടനും രാഷ്ട്രീയ പ്രവര്‍ത്തകനുമായ സണ്ണി ഡിയോള്‍ തുടങ്ങിയവരും ഉള്‍പ്പെടും. ഇന്ന് നടക്കുന്ന ഉദ്ഘാടനച്ചടങ്ങില്‍ 550 പേരുടെ പട്ടികയാണ് ഇന്ത്യ കൈമാറിയത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.