2019 February 24 Sunday
പശുക്കള്‍ അയവിറക്കും പോലെ നാവു കൊണ്ട് അയവിറക്കി വായാടിത്തത്തോടെ സംസാരിക്കുന്നവനോട് അല്ലാഹു കോപിക്കും – മുഹമ്മദ് നബി(സ)

കര്‍ണാടക തെരഞ്ഞെടുപ്പ് ഫലം ജനാധിപത്യ വിശ്വാസികളോട് പറയുന്നത്

അസീസ് ബാവ കെ .പി ചിറയില്‍

 

ബി.ജെ.പി ഭരണത്തിലേറി നാലു വര്‍ഷത്തിനിടെ ഏറ്റവും മോശപ്പെട്ട സമയത്താണ് കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് നടന്നത്. സാധാരണക്കാരന്റെ നട്ടെല്ലൊടിക്കുന്ന രീതിയിലുള്ള പെട്രോളിയം വില വര്‍ധനവ്, അതുവഴി നിത്യോപയോഗ വസ്തുക്കളുടെ വിലക്കയറ്റം, ദലിത് ന്യൂനപക്ഷ പീഡനങ്ങള്‍, പരമോന്നത സുപ്രിം കോടതിയെപ്പോലും മരവിപ്പിക്കാനുള്ള ശ്രമം. ജനം ആകെ പൊറുതി മുട്ടിയ സമയം.
പക്ഷെ, ഇതിനെയെല്ലാം അമിത് ഷായും സംഘവും തീവ്രഹിന്ദുത്വ വര്‍ഗീയ വികാരം ഉയര്‍ത്തിക്കൊണ്ട് മറികടന്നിരിക്കുന്നുവെന്ന് വേണം മനസ്സിലാക്കാന്‍. കോണ്‍ഗ്രസ് തെരെഞ്ഞടുപ്പ് തന്ത്രമായി ലിംഗായത്ത് സമുദായക്കാര്‍ക്ക് ന്യൂനപക്ഷ പദവിയും കന്നട പ്രാദേശിക വികാരം ഉയര്‍ത്താന്‍ സംസ്ഥാനത്തിന് സ്വന്തമായി പതാകയും ഗാനവും വരെ വാഗ്ദാനങ്ങളുണ്ടായി. എല്ലാ തന്ത്രങ്ങളെയും മറികടക്കാന്‍ നരേന്ദ്ര മോദിയുടെ വ്യാജ പ്രചാരണങ്ങള്‍ക്കും വാക്ചാരുതിക്കും കഴിഞ്ഞു.
ജനാധിപത്യത്തിന്റെ എല്ലാ പരമോന്നത ദര്‍ശനങ്ങളെയും ഇങ്ങനെ അട്ടിമറിക്കാന്‍ കഴിയുമെങ്കില്‍ വര്‍ഷങ്ങളായി നാം ഉയര്‍ത്തിപ്പിടിക്കുന്ന സനാതന മൂല്യങ്ങള്‍ക്കെന്തു വില?
കര്‍ണാടകയടക്കം അടുത്തകാലത്ത് നടന്ന തെരെഞ്ഞടുപ്പുകളില്‍ ഹിന്ദു ഫാസിസ്റ്റുകള്‍ക്കെതിരെ മതേതര ശക്തികള്‍ ഒരുമിച്ച് നിന്നിരുന്നെങ്കില്‍ കാവി രാഷ്ട്രീയം ഒരു മരീചികയാകുമായിരുന്നു. കോണ്‍ഗ്രസ്സും ജനതാദള്‍ എസ്സും സഖ്യം രൂപീകരിക്കുന്നത് തെരഞ്ഞടുപ്പുകള്‍ക്ക് മുമ്പായിരുന്നെങ്കില്‍ ഫലം മറ്റൊന്നാകുമായിരുന്നു.
കോണ്‍ഗ്രസ് നേതൃത്വത്തിന് ഇത് ഇനിയും തിരിച്ചറിയാന്‍ കഴിയാത്ത പോലെയാണ് അവരുടെ പ്രവര്‍ത്തനം. ജനതാദള്‍, ഇടതുകക്ഷികള്‍, പ്രാദേശിക മതേതര പാര്‍ട്ടികള്‍ എന്നിവര്‍ക്കുമുണ്ട് നിര്‍ണായക ഉത്തരവാദിത്വം.
ഇടതു മതേതര ബദല്‍ രൂപീകരണ പ്രക്രിയയില്‍ ‘വിലപേശല്‍’ രാഷ്ട്രീയമല്ല പ്രയോഗിക്കേണ്ടതെന്ന് ഇനിയും മതേതര കക്ഷികള്‍ തിരിച്ചറിഞ്ഞില്ലെങ്കില്‍ ദക്ഷിണേന്ത്യയും കാവി വല്‍ക്കരണത്തിന്റെ പിടിയിലമരും. പ്രകടനപത്രികയിലെ വാഗ്ദാനങ്ങളേക്കാളും പ്രായോഗികം തെരഞ്ഞടുപ്പിന് മുമ്പേ രൂപീകരിക്കുന്ന ഇടത് മതേതരജനാധിപത്യ ബദലുകള്‍ക്കാണെന്ന് ഈ ജനവിധിയും നമ്മെ പഠിപ്പിക്കുന്നു.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.