2018 September 21 Friday
പതിനായിരം ബന്ധുക്കള്‍ക്ക് പകരം നില്‍ക്കാന്‍ ഒരേയൊരു ആത്മാര്‍ഥ സുഹൃത്ത് മതി.
യൂറിപ്പിഡിസ്

കര്‍ണാടക തദ്ദേശ തെരഞ്ഞെടുപ്പ്: കോണ്‍ഗ്രസിന് മുന്നേറ്റം

ബംഗളൂരു: കര്‍ണാടകയില്‍ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ രണ്ടാം സ്ഥാനത്തേക്ക് തള്ളി കോണ്‍ഗ്രസിന് വന്‍മുന്നേറ്റം. ബി.ജെ.പിക്കെതിരേ 982 സീറ്റുകളാണ് കോണ്‍ഗ്രസ് നേടിയത്. ബി.ജെ.പിക്ക് 929 സീറ്റുകളും ജെ.ഡി.എസിന് 307 സീറ്റുകളും ലഭിച്ചു. ശേഷിക്കുന്ന സീറ്റുകളില്‍ സ്വതന്ത്രന്മാരുമാണ് വിജയിച്ചത്.
മൊത്തം 2709 സീറ്റുകളിലേക്കാണ് മത്സരം നടന്നത്. കര്‍ണാടക ഭരണത്തില്‍ സഖ്യത്തിലാണെങ്കിലും കോണ്‍ഗ്രസും ജെ.ഡി.എസും സഖ്യമില്ലാതെയാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. വിജയിച്ച കോണ്‍ഗ്രസ്-ജെ.ഡി.എസ് അംഗങ്ങളുടെ എണ്ണം 1339 വരും. അതേസമയം നഗര പ്രദേശങ്ങളില്‍ ബി.ജെ.പിക്കാണ് മുന്നേറ്റമുണ്ടാക്കാനായത്. ഷിമോഗ കോര്‍പ്പറേഷന്‍ ബി.ജെ.പി ഭരണം പിടിച്ചു.
തുംകൂര്‍, മൈസൂരു കോര്‍പ്പറേഷനുകളില്‍ ബി.ജെ.പി ഏറ്റവും വലിയ ഒറ്റ കക്ഷിയാണെങ്കിലും കോണ്‍ഗ്രസും ജെ.ഡി.എസും കൈകോര്‍ത്താല്‍ ബി.ജെ.പിയെ ഭരണത്തില്‍ നിന്ന് അകറ്റി നിര്‍ത്താനാകും.
ബല്ലാരി, ബീദാര്‍, ഗദാഗ്, ഹവേരി, കലബുറുഗി, കൊപ്പല്‍, മൈസൂരു, റെയ്ച്ചൂര്‍, ഉത്തര കന്നഡ, യാദ്ഗിര്‍ എന്നിവിടങ്ങളില്‍ കോണ്‍ഗ്രസിന് വന്‍ മുന്നേറ്റമാണുണ്ടായത്. ജെ.ഡി.എസിന് പരമ്പരാഗത ശക്തികേന്ദ്രമായ ഹാസന്‍, മാണ്ഡ്യ എന്നിവിടങ്ങളില്‍ മേധാവിത്തം നിലനിര്‍ത്താനായി.
അതേസമയം പ്രതീക്ഷിച്ച രീതിയില്‍ ബി.ജെ.പിക്ക് വിജയിക്കാനായില്ലെന്ന് പാര്‍ട്ടി അധ്യക്ഷന്‍ ബി.എസ് യദ്യൂരപ്പ പറഞ്ഞു. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇതിന്റെ പ്രതിഫലനമുണ്ടാകില്ലെന്നും ബി.ജെ.പി ഏറ്റവും കൂടുതല്‍ സീറ്റ് പിടിച്ചെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസും ജെ.ഡി.എസും ഒരുമിച്ച് തെരഞ്ഞെടുപ്പിനെ നേരിട്ടിരുന്നെങ്കില്‍ കൂടുതല്‍ സീറ്റുകള്‍ നേടാനാകുമായിരുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.