2019 April 23 Tuesday
പുറമെ നിന്ന് അടിച്ചേല്‍പിക്കാവുന്ന ഒന്നല്ല ജനാധിപത്യം എന്നത്. അത് ഉള്ളില്‍ നിന്നുതന്നെ വരേണ്ടതാണ് -മഹാത്മാഗാന്ധി

കരുതലോടെ നീങ്ങാം ഒന്നുമുതല്‍ അഞ്ചുവരെ

ഡോ. നിത

ഒന്നുമുതല്‍ അഞ്ചുവയസ്സു വരെയുള്ള പ്രായം എന്തിനോടും ആശ്ചര്യവും കൗതുകവും തോന്നുന്ന ഘട്ടമാണ്. കുഞ്ഞുങ്ങള്‍ സ്വന്തം ഇഷ്ടങ്ങള്‍ ചെയ്തുതുടങ്ങുന്ന പ്രായം. ഇതു പലമേഖലകളിലും അമ്മമാര്‍ക്ക് തലവേദനയും ഉണ്ടാക്കാറുണ്ട്. അതുവരെ അമ്മമാരെ ആശ്രയിച്ചുകൊണ്ടിരുന്ന കുഞ്ഞുങ്ങള്‍ എല്ലാം തനിയെ ചെയ്തു തുടങ്ങുന്ന ഒരു സമയമാണിത്.
കുഞ്ഞുങ്ങളുടെ വളര്‍ച്ചയുടെ ഘട്ടങ്ങളെക്കുറിച്ച് ഡോക്ടറോടോ മറ്റോ ചോദിച്ച് മനസ്സിലാക്കുന്നതിലൂടെ മാതാപിതാക്കള്‍ക്ക് കുട്ടികളുടെ ശാരീരിക, മാനസിക വളര്‍ച്ചയിലെ വ്യതിയാനങ്ങള്‍ ഒരുപോലെ മനസ്സിലാക്കാന്‍ സാധിക്കും. അതിനായി അസുഖങ്ങള്‍ ഇല്ലെങ്കില്‍ പോലും ആറ് മാസത്തില്‍ ഒരിക്കല്‍ ഡോക്ടറെ കാണുന്നത് നല്ലതാണ്.
അതുപോലെത്തന്നെ മറ്റൊരു സുപ്രധാന കാര്യമാണ് വാക്‌സിനുകള്‍ അഥവാ പ്രതിരോധ കുത്തിവയ്പുകള്‍ കഴിയുന്നതും നിശ്ചിതസമയത്ത് തന്നെ എടുക്കുക എന്നത്. അല്ലാത്ത പക്ഷം നിങ്ങള്‍ക്ക് ഡോക്ടറോട് അഭിപ്രായം തേടാം.

ഭക്ഷണ രീതി

മുതിര്‍ന്നവരെ കുഴക്കുന്ന മറ്റൊരു പ്രശ്‌നമാണ് കുട്ടികളുടെ ഭക്ഷണരീതി. ചില കുഞ്ഞുങ്ങള്‍ അമിതവണ്ണക്കാരാകാം, മറ്റുചിലര്‍ നേരെ വിപരീതക്കാരും. ഇതു രണ്ടും പ്രശ്‌നമാണ്. കുട്ടികള്‍ എന്താണ് കഴിക്കുന്നത് എന്നതിനൊപ്പം കഴിക്കുന്നതിന്റെ അളവും സമയവും പ്രധാനമാണ്. ഒരു വയസ്സ് കഴിഞ്ഞ കുഞ്ഞുങ്ങള്‍ക്ക് വീട്ടിലെ മുതിര്‍ന്ന ആളുകള്‍ കഴിക്കുന്നത് എല്ലാം കൊടുക്കാവുന്നതാണ്. ഒന്നോ രണ്ടോ ഉരുള കഴിച്ചു നിറുത്തുന്ന കുട്ടികള്‍ക്ക് ഇടക്കിടെ എന്തെങ്കിലും കഴിക്കാന്‍ കൊടുക്കണം. അതുപോലെ എല്ലാ ദിവസവും ഒരേ ഭക്ഷണം കൊടുക്കാതിരിക്കാനും ശ്രദ്ധിക്കണം.
കുഞ്ഞുങ്ങളെ ടി.വിക്ക് മുന്നില്‍ തനിയെ വിട്ട് ഭക്ഷണം കഴിപ്പിക്കുന്നത് ഒഴിവാക്കണം. അങ്ങിനെ ചെയ്യുമ്പോള്‍ അവരറിയാതെ തന്നെ അധികമായി ഭക്ഷണം കഴിക്കുകയും അമിതവണ്ണം ഉണ്ടാകുകയും ചെയ്യും. തൂക്കമില്ലായ്മയും അമിതവണ്ണവും പല അസുഖങ്ങളുടെയും ലക്ഷണമാണ്. അതുകൊണ്ട് അത്തരം കാര്യങ്ങള്‍ ഇല്ലെന്ന് ഉറപ്പുവരുത്തണം.

കുഞ്ഞുങ്ങളിലെ ദേഷ്യവും വാശിയും

കുഞ്ഞുങ്ങളില്‍ കാണുന്ന അമിത ദേഷ്യവും വാശിപിടിച്ചുള്ള കരച്ചിലുമാണ് മറ്റൊരു പ്രശ്‌നം. വാശിപിടിക്കുമ്പോള്‍ അവരുടെ ആഗ്രഹങ്ങള്‍ സാധിച്ചുകൊടുത്താല്‍ പിന്നീടും അതുപോലെ ചെയ്യാന്‍ കുഞ്ഞുങ്ങളെ പ്രേരിപ്പിക്കും. അതുകൊണ്ട് അതും ഒഴിവാക്കണം. മാതാപിതാക്കളുടെ സ്വഭാവവും പെരുമാറ്റ രീതിയും ഒരളവുവരെ കുഞ്ഞുങ്ങളെയും സ്വാധീനിക്കും. അതുകൊണ്ട് കുഞ്ഞുങ്ങളെ നല്ലത് പഠിപ്പിച്ചും പറഞ്ഞും മനസിലാക്കേണ്ടത് മുതിര്‍ന്നവരുടെ കടമായാണ്. അതുപോലെത്തന്നെ കുഞ്ഞുങ്ങളുടെ മുമ്പില്‍വച്ച് മാതാപിതാക്കളുടെ ആരോഗ്യപരമല്ലാത്ത അഭിപ്രായ വ്യത്യാസങ്ങള്‍ ചര്‍ച്ച ചെയ്യരുത്.

ഡ്രസ്സുകളും കളിപ്പാട്ടങ്ങളും

കുഞ്ഞുങ്ങളുടെ ഉടുപ്പും കളിപ്പാട്ടങ്ങളും തിരഞ്ഞെടുക്കുമ്പോഴും ഏറെ ശ്രദ്ധ വേണം. ഇറുക്കമില്ലാത്തതും ശരീരത്തില്‍ വേദനയുണ്ടാകുന്ന വസ്തുക്കള്‍ ഇല്ലാത്തതും എളുപ്പം അഴിച്ചുമാറ്റാന്‍ കഴിയുന്നതുമായ ഉടുപ്പുകളാണ് അനുയോജ്യം. അതുപോലെ ലോഹവസ്തുക്കളില്ലാത്ത കളര്‍ ഇളകുന്നതോ അല്ലെങ്കില്‍ മൂര്‍ച്ചയുള്ള വശങ്ങളോടുകൂടിയതോ ആയ കളിപ്പാട്ടങ്ങള്‍ തിരഞ്ഞെടുക്കാതിരിക്കുക.
എല്ലാം മാതാപിതാക്കളുടെ നിര്‍ബന്ധത്തിനു ചെയ്യാതെ കുട്ടികളുടെ ഇഷ്ടാനിഷ്ടങ്ങള്‍ അറിഞ്ഞു പെരുമാറുന്നത് പലപ്പോഴും മാതാപിതാക്കളുടെ ടെന്‍ഷന്‍ കുറയ്ക്കാന്‍ സഹായകമാകും.

ദന്ത സംരക്ഷണമാണ് മറ്റൊരു പ്രധാന കാര്യം. പാല്‍പല്ല് വളരുന്നതു മുതല്‍ അവയെ ശ്രദ്ധിക്കേണ്ടതും സംരക്ഷിക്കേണ്ടതുമാണ്. ടോയ്‌ലെറ്റ് ട്രെയിനിങ് അഥവാ പോട്ടി ട്രെയ്‌നിങ് ഒന്നര-രണ്ട് വയസു മുതല്‍ തുടങ്ങാവുന്നതാണ്. മൊബൈല്‍, വീഡിയോ ഗെയിം എന്നിവ ഉപയോഗിക്കുന്നതില്‍ നിന്നും കുഞ്ഞുകുട്ടികളെ വിലക്കേണ്ടത് അത്യാവശ്യമാണ്. സമൂഹവുമായി നന്നായി ഇടപഴകാന്‍ അനുവദിക്കണം. അന്തര്‍മുഖരായി വളരുന്നത് ഒഴിവാക്കാന്‍ ഇത് അവരെ സഹായിക്കും.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News