2018 August 15 Wednesday
സ്വാതന്ത്ര്യം തന്നെയമൃതം, സ്വാതന്ത്ര്യം തന്നെ ജീവിതം പാരതന്ത്ര്യം മാനികള്‍ക്ക് മൃതിയേക്കാള്‍ ഭയാനകം
 കുമാരനാശാന്‍

കരുണാനിധി ഇനി ഓര്‍മയില്‍

അവസാനമായി അപ്പാ എന്ന് വിളിച്ചോട്ടെ…

 

ചെന്നൈ: ‘അവസാനമായി ഞാനൊന്ന് അപ്പാ എന്ന് വിളിച്ചോട്ടേ’ ഡി.എം.കെ നേതാവും കരുണാനിധിയുടെ മകനുമായ എം.കെ. സ്റ്റാലിന്‍ വിടവാങ്ങിയ പിതാവിനെഴുതിയ കത്താണിത്.
അഞ്ചു തവണ മുഖ്യമന്ത്രിയും 50 വര്‍ഷത്തോളം പാര്‍ട്ടി നേതാവുമായിരുന്ന കരുണാനിധിയുടെ വേര്‍പാടില്‍ തമിഴകം കേഴുമ്പോള്‍ പിതാവിന് കണ്ണുനിറയ്ക്കുന്ന വരികളിലൂടെയായിരുന്നു സ്റ്റാലിന്‍ കത്തെഴുതിയത്.
‘അപ്പായെന്ന് വിളിക്കേണ്ടതിന് പകരം തലൈവരെ എന്നാണ് ഞാന്‍ വിളിച്ചത്. അവസാനമായി ഞാനൊന്ന് അപ്പായെന്ന് വിളിച്ചോട്ടെ, തലൈവരേ എവിടെയെങ്കിലും പോകുന്നതിനുമുന്‍പ് എങ്ങോട്ടാണു പോകുന്നതെന്നു പറഞ്ഞിട്ടല്ലെ പോകാറ് ഇത്തവണ എങ്ങോട്ടാണെന്ന് പറഞ്ഞില്ലല്ലോ.
33 വര്‍ഷങ്ങള്‍ക്കു മുന്‍പ് നിങ്ങള്‍ പറഞ്ഞു, എന്റെ ശവകുടീരത്തില്‍ ഇങ്ങനെ എഴുതണമെന്ന് ‘ജീവിതകാലം മുഴുവന്‍ വിശ്രമമില്ലാതെ ജോലി ചെയ്തയാള്‍ ഇവിടെ വിശ്രമിക്കുന്നു’.
തമിഴകത്തിനായി ഒഴുക്കിയ വിയര്‍പ്പിലും കഠിനാധ്വാനത്തിലും പൂര്‍ണതൃപ്തനായാണോ നിങ്ങള്‍ മടങ്ങിയത്
പിതാവിന്റെ മരണവാര്‍ത്തയറിഞ്ഞ ശേഷമാണ് സ്റ്റാലിന്‍ വികാരനിര്‍ഭരമായ ഈ കത്തെഴുതിയത്. കഴിഞ്ഞ ദിവസം ചെന്നൈയിലെ കാവേരി ആശുപത്രിയിലായിരുന്നു കരുണാനിധിയുടെ അന്ത്യം.
പനിയും അണുബാധയും മൂലം അതീവ ഗുരുതരാവസ്ഥയിലായിരുന്നു അദ്ദേഹം. സ്റ്റാലിനെ പിന്‍ഗാമിയായി പ്രഖ്യാപിച്ചാണ് കരുണാനിധി വിടവാങ്ങിയത്.
കലൈഞ്ജര്‍ യുഗം അവസാനിക്കുന്നിടത്ത് തമിഴ്‌നാട്ടില്‍ ഒരു ദളപതിയുഗം തുടങ്ങുകയാണ്.

 

 

കരുണാനിധി പിതാവിനെ പോലെയായിരുന്നുവെന്ന് സോണിയ

 

ന്യൂഡല്‍ഹി: തമിഴ്‌നാട് മുന്‍മുഖ്യമന്ത്രിയും ഡി.എം.കെ അധ്യക്ഷനുമായ എം. കരുണാനിധിയുടെ വിയോഗം തനിക്ക് വ്യക്തിപരമായ നഷ്ടമാണെന്ന് യു.പി.എ അധ്യക്ഷ സോണിയാഗാന്ധി. തനിക്ക് പിതാവിനെ പോലെയായിരുന്നു. അദ്ദേഹത്തിന്റെ വിയോഗത്തോടെ നല്ലൊരു രാജ്യതന്ത്രജ്ഞനെയാണ് നഷ്ടമായതെന്നും സോണിയാഗാന്ധി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
തമിഴ്‌നാട്ടില്‍ മാത്രമല്ല ഇന്ത്യയിലെ തന്നെ രാഷ്ട്രീയ രംഗത്ത് അതുല്യനായ നേതാവായിരുന്നു കരുണാനിധി. തനിക്ക് അദ്ദേഹം നല്‍കിയ സ്‌നേഹം ഒരിക്കലും മറക്കാവുന്നതല്ലെന്നും സോണിയ വ്യക്തമാക്കി.

 

ആദ്യത്തെ ദേശീയ അവാര്‍ഡ് സമ്മാനിച്ചത് കരുണാനിധിയെന്ന് ബിഗ്ബി

 

മുംബൈ: കരുണാനിധിയുടെ നിര്യാണത്തോടെ ട്വിറ്ററില്‍ അദ്ദേഹത്തിനുള്ള ആദരങ്ങളുടെ പെരുമഴയാണ് . നിരവധി പ്രമുഖര്‍ അന്ത്യാഞ്ജലി അര്‍പ്പിച്ച് ട്വീറ്റ് ചെയ്തു.
തനിക്ക് ആദ്യമായി ദേശീയ അവാര്‍ഡ് കിട്ടിയപ്പോള്‍ അത് നല്‍കിയത് കരുണാനിധിയായിരുന്നുവെന്ന് അമിതാബ് ബച്ചന്‍ അനുസ്മരിച്ചു. ഖവാസ് അഹമ്മദ് അബ്ബാസ് സംവിധാനം ചെയ്ത സാത്ത് ഹിന്ദുസ്ഥാനി എന്ന ചിത്രത്തിലൂടെയാണ് ബിഗ്ബി എന്ന ബച്ചന് ദേശീയ അവാര്‍ഡ് ലഭിക്കുന്നത്. ഇത് ചെന്നൈയില്‍ വച്ചായിരുന്നു വിതരണമെന്നും അദ്ദേഹം അനുസ്മരിച്ചു.

 

കരുണാനിധിയോട് ആദരവ്: പാര്‍ലമെന്റ് ഇന്നത്തേക്ക് പിരിഞ്ഞു

 

ന്യൂഡല്‍ഹി: മുത്തുവേല്‍ കരുണാനിധിയുടെ കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇതാദ്യമായി പതിവു തെറ്റിച്ചു. പാര്‍ലമെന്റ് അംഗമല്ലാതിരുന്നിട്ടും കരുണാനിധിയുടെ വിയോഗത്തോട് ആദരമര്‍പ്പിച്ച് ഇന്നലെ പാര്‍ലമെന്റിന്റെ ഇരുസഭകളും ഇന്നത്തേക്ക് പിരിഞ്ഞു.

 

 

 

 

 

 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.