2018 September 22 Saturday
ഒരാളുടെ മഹത്വം അളക്കുന്നത് അയാള്‍ തനിക്ക് താഴ്ന്നവരോട് എങ്ങനെ ഇടപെടുന്നു എന്നു നോക്കിയാണ്
ജെ.കെ റൗളിങ്

കരിപ്പൂര്‍: വിമാനലാന്‍ഡിങ് നിരക്കില്‍ കുടിശിക വരുത്തി എയര്‍ഇന്ത്യ

അശ്‌റഫ് കൊണ്ടോട്ടി

കൊണ്ടോട്ടി: കരിപ്പൂരില്‍ വിമാന സര്‍വിസുകള്‍ നടത്തുന്നതിന് എയര്‍പോര്‍ട്ട് അതോറിറ്റിക്ക് ഗ്രൗണ്ട് ചാര്‍ജ് ഇനത്തില്‍ ലക്ഷങ്ങളുടെ കുടിശിക വരുത്തി എയര്‍ഇന്ത്യ. അന്താരാഷ്ട്ര-ആഭ്യന്തര സര്‍വിസുകള്‍ നടത്തിയ ഇനത്തിലാണ് കുടിശിക നല്‍കാനുള്ളത്. ഗള്‍ഫില്‍ നിന്നും, ആഭ്യന്തര സെക്ടറില്‍ നിന്നുമായി വിമാനങ്ങള്‍ വന്നിറങ്ങിയതിനുള്ള എയര്‍പോര്‍ട്ട് നിരക്കാണിത്. 

കരിപ്പൂരില്‍ നിന്നും സര്‍വിസുള്ള മറ്റു വിമാനക്കമ്പനികളെല്ലാം മാസാന്ത്യത്തില്‍ ലാന്റിങ് ചാര്‍ജ് നല്‍കുമ്പോള്‍ എയര്‍ഇന്ത്യ മുഴുവന്‍ തുക നല്‍കാതെ കുടിശ്ശിക വരുത്തുകയായിരുന്നു. മാസത്തില്‍ ഏഴ് ലക്ഷം മുതല്‍ 10 ലക്ഷം വരെ കുടിശിക വരുത്തുന്നുണ്ട്. ഓരോ വിമാനത്തിന്റേയും ഭാരത്തിന് അനുസരിച്ചാണ് എയര്‍പോര്‍ട്ട് ഫീസ് ഈടാക്കുന്നത്. എയര്‍ഇന്ത്യയുടെ കുടിശിക മൂലം എയര്‍പോര്‍ട്ട് അതോറിറ്റിയുടെ വരുമാനത്തിലും ഇടിവേല്‍ക്കുന്നുണ്ട്. കുടിശിക തിരിച്ചടക്കണമെന്ന് നിരവധി തവണ അതോറിറ്റി എയര്‍ഇന്ത്യയോട് ആവശ്യപ്പെട്ടിട്ടുമുണ്ട്.

കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ പിന്‍വലിച്ചതു മുതല്‍ അതോറിറ്റിയുടെ വരുമാനം ലാന്റിങ് നിരക്കും മറ്റുമാണ്. എയര്‍ഇന്ത്യ ഏറ്റവും കൂടുതല്‍ സര്‍വിസ് നടത്തുന്ന മേഖലയാണ് കരിപ്പൂര്‍. വിമാനങ്ങളുടെ ലാന്റിങ് ചാര്‍ജുകൊണ്ടാണ് അതോറിറ്റി വിമാനത്താവള വികസനങ്ങളും മറ്റും നടത്തുന്നത്. വിമാനത്തിലെത്തുന്ന യാത്രക്കാരില്‍ നിന്ന് ഈടാക്കുന്ന എയര്‍പോര്‍ട്ട് ചാര്‍ജ് കൊണ്ടാണ് വിമാനത്താവളത്തിലെ സുരക്ഷാ ചുമതലയുള്ള കേന്ദ്ര സുരക്ഷ സേനയുടെ (സി.ഐ.എസ്.എഫ്) ചെലവും അതോറിറ്റി നല്‍കുന്നത്.


 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.