2019 July 16 Tuesday
മടിയന്മാരുടെയും മൂഢന്മാരുടെയും പ്രവൃത്തി ദിവസം എന്നും നാളെയായിരിക്കും

കരിപ്പൂര്‍ വിമാനത്താവള അവഗണയ്ക്കു പിന്നില്‍ കേന്ദ്ര സര്‍ക്കാരിന്റെ നിഷേധാത്മക നിലപാട്: കെ. മുരളീധരന്‍ എംഎല്‍എ

അഹമ്മദ് പാതിരിപ്പറ്റ

ദോഹ: കരിപ്പൂര്‍ വിമാനത്താവള അവഗണയ്ക്കു പിന്നില്‍ കേന്ദ്ര ഗവണ്‍മെണ്റ്റിന്റെ നിഷേദാത്മക നിലപാടാണെന്നും കൊണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ എംഎല്‍എ.

ദോഹയില്‍ സന്ദര്‍ശനത്തിനെത്തിയ അദ്ദേഹം ഖത്തര്‍ ഇന്ത്യന്‍ മീഡിയ ഫോറം(ഐ.എം.എഫ്) സംഘടിപ്പിച്ച മീറ്റ് ദ പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു.

ഡല്‍ഹിയില്‍ കാര്യമായ പണികളൊന്നുമില്ലാത്ത ചില കേന്ദ്രമന്ത്രിമാര്‍ കേരളത്തില്‍ ചുറ്റിക്കറങ്ങുകയാണെന്നും പ്രളയ ബാധിതര്‍ക്കുള്‍പ്പെടെ എതെങ്കിലും തരത്തിലുള്ള സഹായമോ പിന്തുണയോ നല്‍കാന്‍ തയാറാകാതെയുള്ള സന്ദര്‍ശന നാടകമാണ് ഇവര്‍ നടത്തിക്കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

ദുരിത ബാധിതരെ സഹായിക്കുകയാണ് ലക്ഷ്യമെങ്കില്‍ പ്രധാനമന്ത്രി നേരിട്ട് ചുമതലപ്പെടുത്തുന്ന ക്യാബിനറ്റ് മന്ത്രി നേരിട്ട് എത്തുകയും ഇരകളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുകയും വേണം.

പ്രദേശത്തെ ജനപ്രതിനിധികളെയും മറ്റു സംവിധാനങ്ങളെയും ഉള്‍പ്പെടുത്തിയുമായിരിക്കണം.

കേന്ദ്രസര്‍ക്കാര്‍ പലപ്പോഴും ചില മന്ത്രിമാരെ ഇങ്ങോട്ട് കെട്ടിയിറക്കുകയും സ്ഥലം എംപിമാരോട് പോലും ആലോചിക്കാതെയുള്ള സന്ദര്‍ശന പരിപാടികളില്‍ കാര്യങ്ങള്‍ അവസാനിപ്പിക്കുകയുമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പ്രളയബാധിത പ്രദേശത്ത് മുഖ്യമന്ത്രി സന്ദര്‍ശിക്കാതിരുന്നത് വളരെ ദുഖകരമായിപ്പോയെന്നും കുട്ടനാട്ടിലെ ജനങ്ങള്‍ തങ്ങളുടെ ഭരണാധികാരിയോട് നേരിട്ട് സങ്കടങ്ങള്‍ ബോധിപ്പിക്കാന്‍ കാത്തിരുന്നെങ്കിലും പിണറായി വിജയന്‍ അവരെ നിരാശപ്പെടുത്തി.

ഹെലികോപ്റ്ററില്‍ സന്ദര്‍ശനം നടത്തുന്നത് കൊണ്ട് വലിയ പ്രയോജനം ഉണ്ടെന്ന് തോന്നുന്നില്ല. പ്രധാന ദുരന്തബാധിത പ്രദേശത്ത് നേരിട്ട് എത്തി ദുരിത ബാധിതരുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കാനും അവ പരിഹരിക്കാനും ഇനിയെങ്കിലും മുഖ്യമന്ത്രി തയ്യാറാകണം.

പ്രളയത്തിന്റെ ആദ്യഘട്ടത്തില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വളരെ മന്ദഗതിയിലാണ് പുരോഗമിച്ചത്. മന്ത്രിമാര്‍ പോലും പ്രളയ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനോ ഇരകളുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കാനോ തയ്യാറായില്ല. മാധ്യമങ്ങള്‍ ഉള്‍പ്പെടെ വിമര്‍ശനം ഉന്നയിച്ചതോടെയാണ് സ്ഥലം എം.എല്‍.എയായ ജി സുധാകരന്‍ കുട്ടനാട്ടിലും അമ്പലപ്പുഴയിലെ സന്ദര്‍ശനം നടത്തിയത്.

ഭരണ തലത്തില്‍ ഏകോപനമില്ലാത്തതും ഭരണത്തലവനായ മുഖ്യമന്ത്രി അമേരിക്കയില്‍ പോയതിനാല്‍ സംസ്ഥാനത്തിന് നാഥനില്ലാതായതുമാണ് ഇതിന് കാരണമായത്.

ഇത്തരം സന്ദര്‍ഭങ്ങളില്‍ മുഖ്യമന്ത്രി ഇന്‍ചാര്‍ജിനെ നിയമിക്കുക എന്നതാണ് സംസ്ഥാനത്തെ കീഴ്‌വഴക്കം. ഇത് ലംഘിക്കപ്പെട്ടതാണ് തുടക്കത്തില്‍ പാളിച്ചക്ക് ഇടയാക്കിയെതന്നും മുരളീധരന്‍ പറഞ്ഞു.

പ്രവാസികള്‍ക്ക് പ്രോക്‌സി വോട്ടിന് അവസം നല്‍കാനുള്ള നിയമത്തിന് ലോകസഭ അംഗീകാരം നല്‍കിയത്  സ്വാഗതാര്‍ഹമാണ്. ന്യൂനതകള്‍ ഉണ്ടെങ്കിലും ആദ്യഘട്ടം എന്ന നിലിയില്‍ ഇതിനെ ക്രിയാത്മകമായാണ് തങ്ങള്‍ കാണുന്നത്.

ന്യൂനതകള്‍ ഭാവിയില്‍ പരിഹരിക്കാന്‍ കഴിയും. യു.പി.എ സര്‍ക്കാരാണ് പ്രവാസികള്‍ക്ക് വോട്ട് ചെയ്യാന്‍ അവസരം നല്‍കണമെന്ന ആശയവുമായി നിയമനിര്‍മാണത്തിന് ആരംഭം കുറിച്ചത്. വിദേശ രാജ്യങ്ങളിലെ എംബസികളില്‍ പ്രവാസികള്‍ക്ക് വോട്ട് രേഖപ്പെടുത്താന്‍ അവസരം നല്‍കുന്നതായിരുന്നു ആ ബില്ല്.

എന്നാല്‍ അതില്‍ ഭേദഗതി വരുത്തി പ്രോക്‌സി വോട്ടിന് അവസരം എന്ന ബില്ലാണ്  ഈ സര്‍ക്കാര്‍ കൊണ്ട് വന്നത്. എന്ത് തന്നെയായാലും തീരുമാനം സ്വാഗതാര്‍ഹമായതിനാലാണ് പ്രതിപക്ഷം ബില്ലുമായി സഹകരിച്ചത്. കേരളത്തിലെ പല മണ്ഡലങ്ങളിലെയും വിജയം മാറ്റിമറിക്കാനുള്ള ശക്തി പ്രാവാസികള്‍ക്ക് ഉണ്ട്.

തെരഞ്ഞെടുപ്പ് പ്രചാരണം നാട്ടില്‍ നടക്കുന്നതിന് ഒപ്പം ഗള്‍ഫ് രാജ്യങ്ങളിലും മറ്റും  സജീവമാകാന്‍ പുതിയ തീരുമാനം കാരണമാകും.

പ്രവാസികള്‍ക്ക് തങ്ങളുടെ ആവശ്യങ്ങള്‍ നേരിട്ട് ബോധിപ്പിച്ച് അവ നേടിയെടുക്കാനും സമ്മര്‍ദ്ദ ശക്തിയാവാനും ഇനി കഴിയുമെന്നും മുരളീധരന്‍ വിശദീകരിച്ചു.

മീറ്റ് ദ പ്രസില്‍ കെ.പി.സി.സി സെക്രട്ടറി അഡ്വ. കെ പ്രവീണ്‍കുമാറും പങ്കെുടത്തു. ഐഎംഎഫ് പ്രസിഡണ്ട് അശ്‌റഫ് തൂണേരി അധ്യക്ഷത വഹിച്ചു. ട്രഷറര്‍ ശഫീഖ് അറക്കല്‍ നന്ദി പറഞ്ഞു.


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.