2019 February 20 Wednesday
യുക്തിയും ശാന്തമായി തീരുമാനമെടുക്കാനുള്ള കഴിവുമാണ് ഒരു നേതാവിനുവേണ്ട വിശിഷ്ടഗുണങ്ങള്‍ -കോര്‍ണിലിയസ് ടാസിറ്റസ്‌

കരിപ്പൂര്‍: വിജയത്തില്‍ എം.ഡി.എഫിന് വലിയ പങ്ക്

കോഴിക്കോട്: കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ ഇറങ്ങിത്തുടങ്ങുമ്പോള്‍ അതു മലബാര്‍ ഡെവലപ്‌മെന്റ് ഫോറത്തിന്റെയും വിജയം കൂടിയാണ്. ജനപ്രതിനിധികള്‍ ഉള്‍പ്പെടെ ഒട്ടേറെ വ്യക്തികളുടെയും സംഘടനകളുടെയും തീവ്രമായ ശ്രമം ഇതിനു പിന്നിലുണ്ടെങ്കിലും ഏറ്റവും മുന്നില്‍നിന്ന് സമരം നയിച്ചത് മലബാര്‍ ഡെവലപ്‌മെന്റ് ഫോറം ആയിരുന്നു. കെ.എം ബഷീര്‍ എന്ന മുന്‍പ്രവാസിയുടെ നേതൃത്വത്തിലൂടെ എം.ഡി.എഫ് കഴിഞ്ഞ മൂന്നു വര്‍ഷത്തിലേറെയായി കരിപ്പൂരിന്റെ നഷ്ടപ്രതാപം വീണ്ടെടുക്കാനുള്ള തീവ്രശ്രമത്തിലായിരുന്നു.
നാമമാത്ര പ്രക്ഷോഭമായിരുന്നില്ല ഇവര്‍ സംഘടിപ്പിച്ചത്. നിരന്തര സമരമായിരുന്നു, പ്രക്ഷോഭ പരമ്പരയായിരുന്നു. കോഴിക്കോട്ടും കരിപ്പൂരും മാത്രമല്ല, തിരുവനന്തപുരത്തും ഡല്‍ഹിയിലും വരെ എത്തി ഇവര്‍. രാഷ്ട്രീയ-മത നിലപാടുകളില്‍ ഉറച്ചുനിന്നുകൊണ്ട് തന്നെ അവരെല്ലാം എം.ഡി.എഫിന്റെ കൊടിക്കീഴില്‍ കെ.എം ബഷീറിന്റെ കരങ്ങള്‍ക്ക് ശക്തിയായി നിലനിന്നു.
പ്രക്ഷോഭം മാത്രമായിരുന്നില്ല, ഉദ്യോഗസ്ഥരെയും രാഷ്ട്രീയ നേതാക്കളെയും കണ്ടു. ജനപ്രതിനിധികളെ നിരന്തരം കര്‍മരംഗത്തിറക്കി. 2016 ല്‍ ആദ്യ സത്യഗ്രഹ സമരത്തില്‍ അവരുയര്‍ത്തിയ മുദ്രാവാക്യങ്ങള്‍ ഓരോന്നായി പ്രാവര്‍ത്തികമാവുകയാണ്. റണ്‍വേ റീ കാര്‍പ്പറ്റിങ് പൂര്‍ത്തിയായി. വലിയ വിമാനങ്ങള്‍ കരിപ്പൂരില്‍ സര്‍വിസ് നടത്തുക എന്ന രണ്ടാമത്തെ ആവശ്യവും നടന്നുകഴിഞ്ഞു. മൂന്നാമത്തേതും ഏറ്റവും പ്രധാനപ്പെട്ടതുമായ ആവശ്യം സ്വാഭാവികമായും ഹജ്ജ് എംബാര്‍ക്കേഷന്‍ കരിപ്പൂരില്‍ തിരിച്ചുകൊണ്ടുവരിക എന്നതായിരുന്നു. അതും അംഗീകാരമായിക്കഴിഞ്ഞു.
മലബാര്‍ ഡെവലപ്‌മെന്റ് ഫോറം ഇന്നു കരിപ്പൂര്‍ വിജയദിനമായി ആഘോഷിച്ചു കഴിഞ്ഞു. പ്രവര്‍ത്തകര്‍ കേരളത്തിനകത്തുനിന്നും വിദേശത്തു നിന്നുമൊക്കെ ഈ ആഘോഷപരിപാടികളില്‍ പങ്കെടുക്കാന്‍ കരിപ്പൂരില്‍ എത്തി. ടി.പി.എം ഹാഷിറലി, അസ്‌റത്ത്, ഷിലൂജാസ്, അബ്ദുറഹിമാന്‍ എടക്കുനി തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള ഈ കൂട്ടായ്മക്ക് എല്ലാ രാഷ്ട്രീയ മത സാമൂഹ്യ സാംസ്‌കാരിക സംഘടനകളെയും നേതാക്കളെയും എം.ഡി.എഫ് വേദികളില്‍ അണിനിരത്താനായി എന്നതും ശുഭസൂചകമായി.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.