2019 July 23 Tuesday
നിങ്ങളുടെ അമ്മയോട് സംസാരത്തില്‍ മൂര്‍ച്ചയുള്ള വാക്കുകള്‍ ഉപയോഗിക്കരുത്. നിങ്ങളെ സംസാരിക്കാന്‍ പഠിപ്പിച്ചത് ആ അമ്മയാണെന്ന് മറക്കരുത്.

കരിപ്പൂര്‍: ആഹ്ലാദം പങ്കുവച്ചു പ്രവാസ ലോകവും

നിസാര്‍ കലയത്ത്

ജിദ്ദ: വലിയ വിമാനങ്ങള്‍ക്ക് കരിപ്പൂരില്‍ നിന്നു സര്‍വീസ് പുനരാരംഭിക്കാന്‍ സഊദി എയര്‍ ലൈന്‍സിനു ഡി.ജി.സി.എ അനുമതി നല്‍കിയ സന്തോഷത്തില്‍ ഗള്‍ഫ് പ്രവാസികള്‍.

പ്രവാസി സംഘടനകളടക്കമുള്ള വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ നീണ്ട പോരാട്ടങ്ങള്‍ക്ക് ശേഷമാണ് കോഡ് ഇ വിഭാഗത്തില്‍പ്പെട്ട വിമാനങ്ങള്‍ കരിപ്പൂരില്‍ ഇറങ്ങാന്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ അനുമതി നല്‍കിയത്.

മൂന്നു വര്‍ഷത്തോളമായി തങ്ങള്‍ നേരിട്ടു കൊണ്ടിരിക്കുന്ന യാത്രാദുരിതത്തിന് അറുതിയാവുന്ന സന്തോഷത്തിലാണ് പ്രത്യേകിച്ച് സഊദിയിലെ മലബാറില്‍ നിന്നുള്ള പ്രവാസികള്‍.

2015 ല്‍ റണ്‍വേ അറ്റകുറ്റപ്പണികള്‍ക്കായി കരിപ്പൂര്‍ എയര്‍ പോര്‍ട്ടില്‍ വലിയ വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തുമ്പോള്‍ അത് തങ്ങള്‍ക്ക് ഇത്രയും വലിയ ദുരിതം വിതക്കുമെന്നു കരുതിയിരുന്നില്ലെന്ന് സഊദിയിലെ വിവിധ പ്രവാസി സംഘടനകള്‍ അഭിപ്രായപ്പെട്ടു.

ഇന്ത്യന്‍ ചരിത്രത്തില്‍ ആദ്യമായിരിക്കും ഒരു അന്താരാഷ്ട്ര വിമാനത്താവളം നീണ്ട മൂന്ന് വര്‍ഷകാലം റണ്‍വേ റീകാര്‍പെറ്റിംഗിനും അറ്റകുറ്റപ്പണികള്‍ക്കുമായി മൂന്ന് വര്‍ഷത്തേക്ക് വലിയ വിമാനങ്ങളുടെ സര്‍വിസ് നിര്‍ത്തിയത്.

അതും ഇന്ത്യയില്‍ തന്നെ വളരെ ലാഭകരമായി പ്രവര്‍ത്തിക്കുന്ന വിമാനത്താവളങ്ങളില്‍ ആറാം സ്ഥാനത്തായിരുന്നു കരിപ്പൂര്‍.

തുടര്‍ന്ന് വലിയ വിമാന സര്‍വിസുകള്‍ നടത്തിയിരുന്ന സഊദി, എമിറേറ്റ്‌സ് എയര്‍ലൈന്‍സ് തുടങ്ങിയവ പിന്‍വാങ്ങിയതോടെ പ്രവാസികള്‍ക്ക് വലിയ തിരിച്ചടിയായി.

ഇതേ തുടര്‍ന്ന് വര്‍ഷങ്ങളായി നടന്നു വന്നിരുന്ന കരിപ്പൂരിലെ ഹജ്ജ് ക്യാമ്പ് നെടുമ്പാശ്ശേരിയിലേക്ക് മാറ്റിയിരുന്നു.

അധികൃതരുടെ അവഗണന മൂലം കരിപ്പൂരിന്റെ പ്രതാപത്തിന്് മങ്ങലേറ്റതോടെ നിരവധി കുടുംബങ്ങളുടെ ഉപജീവന മാര്‍ഗവും മുടങ്ങി .

വിദേശ രാജ്യങ്ങളിലേക്കുള്ള കയറ്റുമതിയെയും നാമമാത്രമായി. വലിയ വിമാന സര്‍വീസുകള്‍ നിറുത്തി വെച്ചത് മുതല്‍ ഏറെ യാത്രാക്ലേശം സഹിച്ചതു സഊദിയിലെ മലബാറില്‍ നിന്നുള്ള പ്രവാസികളായിരുന്നു.

ജിദ്ദയില്‍ നിന്നും റിയാദില്‍ നിന്നും നേരിട്ട് കരിപ്പൂരിലേക്ക് യാത്ര ചെയ്തിരുന്നവര്‍ ഇക്കാലയളവില്‍ കൊച്ചിയിലേക്കു പറന്നു അവിടെ നിന്നും റോഡ് മാര്‍ഗം യാത്ര ചെയ്‌തോ മറ്റു വിമാനത്താവളങ്ങള്‍ വഴി ചുറ്റിത്തിരിഞ്ഞു മാത്രം കരിപ്പൂരില്‍ വന്നിറങ്ങിയോ ആയിരുന്നു വീടണഞ്ഞിരുന്നത്.

രണ്ടു മാര്‍ഗങ്ങളായാലും നീണ്ട യാത്രക്ക് മാത്രമായി മണിക്കൂറുകളുടെ നഷ്ടം. കുറഞ്ഞ അവധിയില്‍ നാട്ടിലേക്കു പോകുന്നവര്‍ക്കായിരുന്നു ഇതുമൂലം കൂടുതല്‍ നഷ്ടം. മരണപ്പെടുന്നവരുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോവുന്നതിനുമുണ്ടായിരുന്നു ഒട്ടനവധി ബുദ്ധിമുട്ടുകള്‍.

അതേ സമയം റണ്‍വേ റീ കാര്‍പെറ്റിംഗ് വര്‍ക്കുകള്‍ പൂര്‍ത്തിയായെങ്കിലും സാങ്കേതിക തടസ്സങ്ങള്‍ നിരത്തിയതാണ് വലിയ വിമാനങ്ങളുടെ സര്‍വീസ് പുനഃസ്ഥാപിക്കാന്‍ വൈകിയത്.

ഏതായാലും സഊദിയില്‍ നിന്നുയര്‍ന്ന ശക്തമായ എതിര്‍പ്പും പ്രതിഷേധവും ലക്ഷ്യം കണ്ട സന്തോഷത്തിലാണ് സഊദിയിലെ മലയാളി സമൂഹവും.


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.