2019 May 27 Monday
ഒരാളുടെ മഹത്വം അളക്കുന്നത് അയാള്‍ തനിക്ക് താഴ്ന്നവരോട് എങ്ങനെ ഇടപെടുന്നു എന്നു നോക്കിയാണ് -ജെ.കെ റൗളിങ്‌

കരിപ്പൂരില്‍ നിന്ന് അധിക സര്‍വിസുമായി കമ്പനികള്‍

അശ്‌റഫ് കൊണ്ടോട്ടി#

 

എയര്‍ഇന്ത്യ റിപ്പോര്‍ട്ട് ഡി.ജി.സി.എക്ക് തിങ്കളാഴ്ച സമര്‍പ്പിക്കും

കൊണ്ടോട്ടി: ഗള്‍ഫ് നാടുകളിലേക്കുള്ള യാത്രക്കാരുടെ എണ്ണം വര്‍ധിച്ചതോടെ കൂടുതല്‍ സര്‍വിസുകളുമായി വിമാന കമ്പനികള്‍ കരിപ്പൂരിലേക്ക്. ഫെബ്രുവരി ഒന്നുമുതല്‍ ഫ്‌ളൈ ദുബൈ കമ്പനി ദുബൈയിലേക്ക് സര്‍വിസ് ആരംഭിക്കുന്നതിനു പിറകെയാണ് ജിദ്ദയിലേക്കുള്ള അധിക സര്‍വിസുമായി സഊദി എയര്‍ലൈന്‍സും മുന്നോട്ടുവന്നിരിക്കുന്നത്.
ഇതിന്റെ ഭാഗമായി ഫെബ്രുവരി അഞ്ചുമുതല്‍ ജിദ്ദയിലേക്ക് രണ്ട് അധിക സര്‍വിസുകള്‍ സഊദി എയര്‍ലൈന്‍സ് ഷെഡ്യൂള്‍ ചെയ്തു.ചൊവ്വ, വ്യാഴം ദിവസങ്ങളിലായിരിക്കും ഈ അധിക സര്‍വിസുകള്‍. ഇതോടെ ജിദ്ദയിലേക്ക് മാത്രം സഊദി എയര്‍ലൈന്‍സിന്റെ സര്‍വിസുകള്‍ ഏഴായി വര്‍ധിക്കും. വ്യാഴാഴ്ച രണ്ട് വിമാനങ്ങളായിരിക്കും ജിദ്ദയിലേക്ക് കരിപ്പൂരില്‍ നിന്ന് പറക്കുക.

നിലവില്‍ സഊദി എയര്‍ലൈന്‍സ് അഞ്ച് സര്‍വിസുകള്‍ ജിദ്ദയിലേക്കും രണ്ട് സര്‍വിസുകള്‍ റിയാദിലേക്കുമായി നടത്തുന്നുണ്ട്. ഇതിനു പുറമെയാണ് രണ്ടു സര്‍വിസുകള്‍ കൂടി വര്‍ധിപ്പിക്കുന്നത്. കഴിഞ്ഞ ഡിസംബര്‍ അഞ്ച് മുതലാണ് കരിപ്പൂര്‍-സഊദി സെക്ടറിലേക്ക് വലിയ വിമാന സര്‍വിസുകള്‍ സഊദി എയര്‍ലൈന്‍സ് ആരംഭിച്ചത്.
എയര്‍ഇന്ത്യ സഊദിയിലേക്ക് സര്‍വിസ് ആരംഭിക്കുന്നതിന്റെ മുന്നോടിയായി എയര്‍പോര്‍ട്ട് അതോറിറ്റിയും എയര്‍ഇന്ത്യയും നടത്തിയ പഠന റിപ്പോര്‍ട്ട് ഡി.ജി.സി.എക്ക് തിങ്കളാഴ്ച സമര്‍പ്പിക്കും. ഫെബ്രുവരിയില്‍ അനുകൂലമായ നിലപാടുണ്ടാകുമെന്നാണ് സൂചന. ബോയിങ് 747-400, ബോയിങ് 777-300 ഇ.ആര്‍, ശ്രേണിയില്‍ പെട്ട വലിയ വിമാനങ്ങളാണ് സര്‍വിസിനെത്തിക്കുന്നത്.
പതിവ് യാത്രക്കാര്‍ക്കു പുറമെ ഹജ്ജ്, ഉംറ തീര്‍ഥാടകരെ കൂടി മുന്നില്‍ കണ്ടാണ് സഊദി സെക്ടര്‍ സജീവമാക്കുന്നത്.
കരിപ്പൂര്‍-ദുബൈ സെക്ടറില്‍ ആഴ്ചയില്‍ മൂന്ന് സര്‍വിസുകളാണ് ഫ്‌ളൈ ദുബൈ നടത്തുക.
ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളില്‍ പുലര്‍ച്ചെ 3.05ന് കരിപ്പൂരില്‍ നിന്ന് പുറപ്പെടുന്ന വിമാനം പ്രാദേശിക സമയം 6.05ന് ദുബൈയിലെത്തും.
തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ പ്രാദേശിക സമയം രാവിലെ 8.20ന് ദുബൈയില്‍ നിന്ന് പുറപ്പെടുന്ന വിമാനം ഉച്ചക്ക് 1.45ന് കരിപ്പൂരിലെത്തും.

 

ഹജ്ജ് സര്‍വിസ് ടെന്‍ഡറില്‍
സഊദിയും എയര്‍ഇന്ത്യയും

കൊണ്ടോട്ടി: കേരളത്തിലെ ഹജ്ജ് സര്‍വിസുകള്‍ക്ക് സഊദി എയര്‍ലൈന്‍സും എയര്‍ഇന്ത്യയും. കരിപ്പൂര്‍, നെടുമ്പാശ്ശേരി വിമാനത്താവളങ്ങളില്‍ നിന്നാണ് ഈ വര്‍ഷത്തെ ഹജ്ജ് സര്‍വിസുകള്‍.
രണ്ടിടങ്ങളിലും സര്‍വിസിന് ഇരുവിമാന കമ്പനികളും ടെന്‍ഡര്‍ നല്‍കിയിട്ടുണ്ട്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.