2019 April 24 Wednesday
പരാജയം ഒരു കുറ്റമേയല്ല. എന്നാല്‍, പരാജയത്തില്‍ നിന്നു പാഠം പഠിക്കാതിരിക്കല്‍ ഒരു കുറ്റം തന്നെയാണ് -വാള്‍ട്ടര്‍ റിസ്റ്റണ്‍

കരിപ്പൂരില്‍നിന്നു ജിദ്ദയിലേക്കു വീണ്ടും നേരിട്ടു പറക്കാം

അശ്‌റഫ് കൊണ്ടോട്ടി

കൊണ്ടോട്ടി: മലബാറിലെ പ്രവാസികള്‍ക്കും ഹജ്ജ്, ഉംറ തീര്‍ത്ഥാടകര്‍ക്കും മൂന്നുവര്‍ഷത്തെ കാത്തിരിപ്പിനുശേഷം ഇനി സ്വന്തം മണ്ണില്‍ നിന്നു ജിദ്ദയിലേയ്ക്കു നേരിട്ട് പറക്കാം. കരിപ്പൂരില്‍നിന്നു ജിദ്ദയിലേയ്ക്കു സഊദി എയര്‍ലെന്‍സിന് ഡി.ജി.സി.എയുടെ ആദ്യ അനുമതി ലഭിച്ചുകഴിഞ്ഞു.തൊട്ടുപിറകെ എയര്‍ഇന്ത്യയും അനുമതി സമ്പാദിക്കും. അതോടെ 2015 ഏപ്രിലിനു മുമ്പുള്ള നല്ലകാലത്തേയ്ക്കു കരിപ്പൂര്‍ തിരിച്ചെത്തും.
നേരത്തേ സഊദി എയര്‍ലെന്‍സ്, എയര്‍ഇന്ത്യ എന്നിവ ജിദ്ദ, റിയാദ് മേഖലയിലേയ്ക്കും എമിറേറ്റ്‌സ് എയര്‍ ദുബൈയിലേയ്ക്കും സര്‍വിസ് നടത്തിയിരുന്നു. 2015 ഏപ്രില്‍ 30 നാണ് റണ്‍വേ റീ-കാര്‍പ്പറ്റിങ്ങിന്റെ പേരിലാണു വലിയ വിമാനങ്ങള്‍ നിര്‍ത്തലാക്കിയത്. ഇപ്പോള്‍ എയര്‍ഇന്ത്യ എക്‌സ്പ്രസ്സിന്റെ ചെറിയ വിമാനങ്ങള്‍ ജിദ്ദ ഒഴികെയുള്ളയിടങ്ങളിലേയ്ക്കു സര്‍വിസ് നടത്തുന്നുണ്ട്. ജിദ്ദയിലേയ്ക്കുള്ള വ്യോമപാത ദീര്‍ഘമേറിയതിനാല്‍ വലിയ വിമാനങ്ങള്‍ നിര്‍ബന്ധമാണ്. ഇതോടെ, മലബാറിലെ ഹജ്ജ്, ഉംറ,തീര്‍ത്ഥാടകരും ജിദ്ദയിലേയ്ക്കുള്ള പ്രവാസികളിലും നെടുമ്പാശ്ശേരിയെയാണ് ആശ്രയിക്കുന്നത്.
ജിദ്ദയിലേയ്ക്കുള്ള യാത്രയുടെ കണക്ഷന്‍ വിമാനങ്ങളില്‍ കയറിയാല്‍ മണിക്കൂറുകളോളം മറ്റൊരു വിമാനത്താവളത്തില്‍ കാത്തിരിക്കേണ്ടിവരുമെങ്കിലും ആ മാര്‍ഗം ആശ്രയിക്കുന്നവരും കുറവല്ല. ഇതു പ്രായമായ തീര്‍ത്ഥാടകര്‍ക്കു ബുദ്ധിമുട്ടാണ്.
കരിപ്പൂരില്‍ നിന്ന് സഊദി എയര്‍ലെന്‍സ് ദിവസവും രണ്ടു സര്‍വിസും എയര്‍ഇന്ത്യ ഒരു സര്‍വിസുമാണു നടത്തിയിരുന്നത്. ഇതു പുനരാരംഭിക്കുന്നതോടെ മലബാറിലെ 11.5 ലക്ഷം യാത്രക്കാര്‍ക്കു ഗുണമാകും. സെപ്തംബര്‍ രണ്ടാംവാരത്തോടെ സര്‍വിസ് തുടങ്ങാനാണു സഊദിയുടെ ശ്രമം.

 

 

 

 

 

 

 

 

 

 

 

 

 

 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.