2018 December 10 Monday
അവസാനം നമ്മള്‍ ശത്രുവിന്റെ വാക്കുകളല്ല ഓര്‍മിക്കുന്നത്. പക്ഷേ, നമ്മുടെ സുഹൃത്തുക്കളുടെ മൗനമാണ്

കരിപ്പൂരിന്റെ ആഹ്ലാദത്തിലേക്ക് വലിയ വിമാനം പറന്നിറങ്ങി

#അശ്‌റഫ് കൊണ്ടോട്ടി

കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തിന്റെ റണ്‍വേയില്‍ വലിയ വിമാന സര്‍വിസുകള്‍ക്കു തുടക്കമിട്ട് ആദ്യ വിമാനം പറന്നിറങ്ങി. മൂന്നര വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ പറന്നെത്തിയ സഊദി എയര്‍ലൈന്‍സിലെ യാത്രക്കാര്‍ക്ക് സ്‌നേഹോഷ്മള സ്വീകരണമാണു നല്‍കിയത്.
ജിദ്ദയില്‍നിന്ന് പുലര്‍ച്ചെ 3.10ന് 210 യാത്രക്കാരുമായി പുറപ്പെട്ട എസ് വി 746 വിമാനം രാവിലെ 11.04 നു പറന്നിറങ്ങി. റണ്‍വേ റീ കാര്‍പറ്റിങിനു ശേഷം കിഴക്കു ഭാഗത്ത് ലാന്‍ഡിങ് നടത്തിയ വിമാനത്തെ എയര്‍പോര്‍ട്ട് അതോറിറ്റി വാട്ടര്‍ സല്യൂട്ട് നല്‍കി സ്വീകരിച്ചു.
പൂക്കളും സമ്മാനവും നല്‍കിയാണ് വിമാനത്താവള എംപ്ലോയീസ് യൂനിയനും വിമാന കമ്പനിയും സ്വീകരിച്ചത്. രാഷ്ട്രീയ, സാംസ്‌കാരിക സംഘടനകളും പങ്കെടുത്തു.
വിമാനം പിന്നീട് 30 എസ് വി 747 ആയി ഉച്ചക്ക് 1.19 ന് ജിദ്ദയിലേക്കു പറന്നു. ഉംറ തീര്‍ഥാടകരടക്കം ആദ്യ വിമാനത്തില്‍ 276 പേരാണ് ഉണ്ടായിരുന്നത്. നാലര ടണ്‍ കാര്‍ഗോയും കൊണ്ടുപോയി. ആദ്യ യാത്രക്കാരന്‍ തോട്ടശ്ശേരിയറ മുജീബ് റഹ്മാന് പി.കെ കുഞ്ഞാലിക്കുട്ടി എം.പി ബോര്‍ഡിങ് പാസ് നല്‍കി.
ആദ്യ വിമാനം പി.കെ കുഞ്ഞാലിക്കുട്ടി ഫഌഗ് ഓഫ് ചെയ്തു. എം.പിമാരായ ഇ.ടി മുഹമ്മദ് ബഷീര്‍, പി.വി അബ്ദുല്‍ വഹാബ്, എം.കെ രാഘവന്‍, എം.എല്‍.എമാരായ ടി.വി ഇബ്രാഹീം, പി. അബ്ദുല്‍ ഹമീദ് മാസ്റ്റര്‍, സഊദി അംബാസഡര്‍ ഡോ.സൗദ് മുഹമ്മദ് അല്‍സാത്തി, പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, ജില്ലാപഞ്ചായത്ത് മെമ്പര്‍ സറീന ഹസീബ്, കൊണ്ടോട്ടി നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ.സി ഷീബ, വിമാനത്താവള ഉപദേശക സമിതി അംഗം കെ.മുഹമ്മദുണ്ണി ഹാജി, സഊദി കെ.എം.സി.സി നാഷനല്‍ കമ്മിറ്റി പ്രസിഡന്റ് പി.കെ മുഹമ്മദ് കുട്ടി, എം.ഡി.എഫ് പ്രസിഡന്റ് കെ.എം ബഷീര്‍, ഹസന്‍ തിക്കോടി, അശ്‌റഫ് വേങ്ങാട്, സി.കെ ഷാക്കിര്‍, മുജീബ് പൂക്കോട്ടൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
തിങ്കള്‍, ബുധന്‍, വ്യാഴം, ശനി ദിവസങ്ങളില്‍ ജിദ്ദയിലേക്കും ചൊവ്വ, വെള്ളി, ഞായര്‍ ദിവസങ്ങളില്‍ റിയാദിലേക്കുമായിരിക്കും സഊദി എയര്‍ലൈന്‍സ് സര്‍വിസ്. പുതിയ വേനല്‍ ഷെഡ്യൂളില്‍ സര്‍വിസ് വര്‍ധിപ്പിക്കും.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.