2018 September 24 Monday
ആത്മാവിനെ ആയുധങ്ങള്‍ മുറിവേല്‍പ്പിക്കുന്നില്ല അഗ്നി ദഹിപ്പിക്കുന്നില്ല. ജലം നനയ്ക്കുന്നില്ല. കാറ്റ് ഉണക്കുന്നുമില്ല.
-ഭഗവത്ഗീത

കരിപ്പൂരിനോടുള്ള അവഗണന ജനകീയ മുന്നേറ്റത്തില്‍ പരാജയപ്പെടും: പി.കെ കുഞ്ഞാലിക്കുട്ടി

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തിനെതിരായ ഗൂഡനീക്കങ്ങള്‍ ജനകീയ മുന്നേറ്റങ്ങള്‍ക്കു മുന്നില്‍ പരാജയപ്പെടുമെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി. വിമാനത്താവളം നേരിടുന്ന വിഷയങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് എം.കെ രാഘവന്‍ എം.പിയുടെ നേതൃത്വത്തില്‍ കോഴിക്കോട് കിഡ്‌സണ്‍ കോര്‍ണറില്‍ ആരംഭിച്ച ഏകദിന ഉപവാസസമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലക്ഷക്കണക്കിനു പ്രവാസികളുടെ ആശ്രയമായ വിമാനത്താവളത്തെ അവഗണനയുടെ പട്ടികയിലേക്കു തള്ളിവിടാന്‍ തയാറല്ല. മേല്‍നോട്ട സമിതി യോഗം ചേര്‍ന്നപ്പോള്‍ വലിയ വിമാനങ്ങള്‍ ഇറങ്ങുന്നതിന് എന്താണു തടസമെന്ന് പരിശോധിച്ചിരുന്നു. സുരക്ഷാ പ്രശ്‌നങ്ങളില്ലെന്നും വൈറ്റ് ബോഡി എയര്‍ക്രാഫ്റ്റുകള്‍ ഇറക്കാവുന്നതാണന്നും ഉദ്യോഗസ്ഥരും സ്ഥിരീകരിച്ചിട്ടുണ്ട്. കൂടാതെ വിമാനങ്ങള്‍ ഇറക്കാമെന്ന് എയര്‍ലൈന്‍സും ഉറപ്പുതന്നിട്ടുണ്ട്. തടസമായി ഉന്നയിക്കുന്നത് സ്ഥലമേറ്റടുപ്പാണ്. എന്നാല്‍ വിമാനങ്ങള്‍ ഇറക്കുന്നതുമായി ഇതിനു ബന്ധമില്ല. ഭാവിയിലേക്കുള്ള വികസനത്തിനും പുതിയ ടെര്‍മിനലിനും വേണ്ടിയാണിത്. വിഷയം പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ കൂടികാഴ്ചക്കു ശ്രമമാരംഭിച്ചിട്ടുണ്ട്. ഈ മാസം 18ന് സിവില്‍ ഏവിയേഷന്‍ വകുപ്പ് മന്ത്രിയെ നേരില്‍ കണ്ട് വിഷയം അവതരിപ്പിക്കുമെന്നും കുഞ്ഞാലിക്കുട്ടി എം.പി പറഞ്ഞു.
യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് നജീബ് കാന്തപുരം, കെ.പി.സി.സി നിര്‍വാഹക സമിതി അംഗം അഡ്വ. പി.എം നിയാസ്, കേരള കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ജോണ്‍ പൂതക്കുഴി, സ്വാതന്ത്ര്യസമര സേനാനി പി. വാസു, ജില്ലാ പഞ്ചായത്ത് പ്രതിപക്ഷ നേതാവ് പുന്നക്കല്‍ അഹമ്മദ്, അഡ്വ. എം. രാജന്‍, സാജിദ് നടുവണ്ണൂര്‍, സത്യന്‍ കടിയങ്ങാട്, ഇഖ്ബാല്‍ പൊക്കുന്ന്, എന്‍.വി ബാബുരാജ്, വീരാന്‍കുട്ടി, ജി. നാരായണന്‍കുട്ടി, പി. ദാമോദരന്‍, സൂപ്പി നരിക്കാട്ടേരി, പി. ഉഷാദേവി, സി.വി ബാലകൃഷ്ണന്‍ പ്രസംഗിച്ചു.
എം.കെ രാഘവന്‍ എം.പിയുടെ 24 മണിക്കൂര്‍ ഉപവാസ സമരം ഇന്ന് രാവിലെ 10ന് അവസാനിക്കും. സമാപന യോഗം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.