2018 November 14 Wednesday
ഒരു കടമ നിര്‍വഹിച്ചുകഴിഞ്ഞാലുള്ള പ്രതിഫലം മറ്റൊന്ന് നിറവേറ്റാനുള്ള ശക്തിയാണ്.

കരാര്‍ ഡോക്ടര്‍ക്ക് ജോലി നിഷേധിച്ചു; കുളക്കട സി.എച്ച്.സിയില്‍ സംഘര്‍ഷം

കൊട്ടാരക്കര: കുളക്കട കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ കരാറടിസ്ഥാനത്തില്‍ സേവനമനുഷ്ഠിച്ചു വരുന്ന ഡോക്ടര്‍ക്ക് ചീഫ് മെഡിക്കല്‍ ഓഫിസറുടെ ചുമതല വഹിക്കുന്ന വനിതാ ഡോക്ടര്‍ ജോലി നിഷേധിച്ചു. ഇതേ തുടര്‍ന്ന് രോഗികളും നാട്ടുകാരും സംഘടിച്ചത് സംഘര്‍ഷത്തിനു കാരണമായി.
പൊലിസെത്തിയാണു സംഘര്‍ഷം ലഘൂകരിച്ചത്. കരാറടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന ഡോ. മഹേഷ് ഇന്നലെ രാവിലെ പത്തോടെ പരിശോധനാമുറിയില്‍ രോഗികളെ പരിശോധിച്ചുകൊണ്ടിരിക്കുമ്പോഴാണു സംഭവങ്ങളുടെ തുടക്കം.
ചീഫ് മെഡിക്കല്‍ ഓഫിസറുടെ ചുമതലയുള്ള ഡോ. നിഷ ഡോ. മഹേഷിനോടു പുറത്തുപോകാനും ജോലിയില്‍നിന്നു ടെര്‍മിനേറ്റു ചെയ്തതായും അറിയിക്കുകയായിരുന്നു. എന്നാല്‍ തനിക്കു രേഖാമൂലം ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് ഡോ. മഹേഷും വ്യക്തമാക്കി.
നിര്‍ബന്ധമായി ഇറക്കിവിടാനുള്ള ശ്രമം രോഗികള്‍ എതിര്‍ത്തു. വിവരമറിഞ്ഞു നാട്ടുകാരും പൊതുപ്രവര്‍ത്തകരും സംഘടിച്ചെത്തി. ഇവര്‍ മഹേഷിനായി പ്രത്യേക ഇരിപ്പിടമൊരുക്കുകയും ചെയ്തു. ഇതും ചീഫ് മെഡിക്കല്‍ ഓഫിസര്‍ അനവദിച്ചില്ല. വിവരമറിഞ്ഞ് പുത്തൂരില്‍നിന്ന് പൊലിസെത്തി ഇരുവിഭാഗവുമായി ചര്‍ച്ച നടത്തി.
ജില്ലാ മെഡിക്കല്‍ ഓഫിസര്‍ നേരിട്ടെത്തി അന്വേഷണം നടത്തി തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന ഉറപ്പിന്‍മേലാണു നാട്ടുകാര്‍ പിരിഞ്ഞത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.