2018 November 14 Wednesday
ഒരു കടമ നിര്‍വഹിച്ചുകഴിഞ്ഞാലുള്ള പ്രതിഫലം മറ്റൊന്ന് നിറവേറ്റാനുള്ള ശക്തിയാണ്.

കരകയറാന്‍ കൈകോര്‍ത്ത്..

കാസര്‍കോട്: മഹാപ്രളയം ദുരന്തം വിതച്ച കേരളത്തെ പുനഃസൃഷ്ടിക്കാന്‍ ദുരിതാശ്വാസ സമാഹരണത്തിനായി മഹായജ്ഞം നടത്തും. 13,15 തിയതികളിലായി രണ്ടുവീതം താലൂക്കുകളിലായാണ് മഹായജ്ഞം നടത്തുക. ഇതുസംബന്ധിച്ച് മന്ത്രി ഇ. ചന്ദ്രശേഖരന്റെ സാന്നിധ്യത്തില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേര്‍ന്നു.
13ന് രാവിലെ വെള്ളരിക്കുണ്ട് താലൂക്കിലും ഉച്ചക്കുശേഷം കാസര്‍കോട് താലൂക്കിലും 15ന് രാവിലെ ഹോസ്ദുര്‍ഗ് താലുക്ക്, ഉച്ചകഴിഞ്ഞ് മഞ്ചേശ്വരം താലൂക്ക് എന്നിങ്ങനെയാണു ദുരന്തനിവാരണ ധനസമാഹരണം നടക്കുന്നതെന്ന് ജില്ലാ കലക്ടര്‍ ഡോ. ഡി. സജിത് ബാബു പറഞ്ഞു. രാവിലെ 10.30 മുതല്‍ ഒരു മണിവരെയും ഉച്ചകഴിഞ്ഞ് രണ്ടുമുതല്‍ തീരുന്നതുവരെയുമാണ് സമാഹരണം നടക്കുന്നത്.
തുക ചെക്കായോ ഡി.ഡിയായോ മാത്രം കൊണ്ടുവരണമെന്നും കൈപ്പറ്റു രശീതി ഉറപ്പുവരുത്തണമെന്നും കലക്ടര്‍ പറഞ്ഞു. മഹാപ്രളയം ദുരന്തം വിതച്ച നാടിന്റെ പുനഃസൃഷ്ടിക്ക് ഓരോരുത്തരുടെയും പങ്കാളിത്തം അനിവാര്യമാണെന്നു റവന്യു വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍ പറഞ്ഞു. യോഗത്തില്‍ മംഗല്‍പാടി പഞ്ചായത്ത് നല്‍കിയ രണ്ടുലക്ഷം രൂപയുടെയും ഗള്‍ഫ് സൗഹൃദ കൂട്ടായ്മയുടെ ഒരു ലക്ഷം രൂപയുടെയും ചെക്ക് മന്ത്രി ഏറ്റുവാങ്ങി.
എം.എല്‍.എമാരായ എന്‍.എ നെല്ലിക്കുന്ന്, കെ. കുഞ്ഞിരാമന്‍, പി.ബി അബ്ദുല്‍ റസാഖ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍, ജില്ലാ പൊലിസ് മേധാവി ഡോ. എ ശ്രീനിവാസ്, നീലേശ്വരം നഗരസഭാ ചെയര്‍മാന്‍ പ്രൊഫ. കെ.പി ജയരാജന്‍ സംസാരിച്ചു. കാസര്‍കോട് നഗരസഭാ ചെയര്‍പേഴ്‌സന്‍ ബീഫാത്തിമ ഇബ്രാഹിം, എ.ഡി.എം എന്‍. ദേവിദാസ്, ആര്‍.ഡി.ഒമാരായ അബ്ദു സമദ്, സി. ബിജു സംബന്ധിച്ചു.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.