2020 August 11 Tuesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

കയറിയും ഇറങ്ങിയുമുള്ള ഇഞ്ചോടിഞ്ച് പോരാട്ടം അഴീക്കോട്, കണ്ണൂര്‍ മണ്ഡലങ്ങളെ മുള്‍മുനയില്‍ നിര്‍ത്തി

വി.കെ പ്രദീപ്
കണ്ണൂര്‍: കണക്കുകള്‍ തെറ്റിച്ച് ഇടതുമുന്നണി ചരിത്ര വിജയം നേടിയ കണ്ണൂരിലും പ്രചാരണ കോലാഹലത്തില്‍ രാഷ്ട്രീയ കേരളത്തിന്റെ ശ്രദ്ധയാകര്‍ഷിച്ച അഴീക്കോടും വോട്ടെണ്ണലില്‍ കണ്ടത് ഇഞ്ചോടിഞ്ച് പോരാട്ടത്തിന്റെ ചൂടും ചൂരും. രാവിലെ എട്ടിനു ചാല ചിന്‍ടെകില്‍ പോസ്റ്റല്‍ വോട്ടെണ്ണി തുടങ്ങിയപ്പോള്‍ 331 വോട്ടിന്റെ ലീഡ് നേടി മുസ്‌ലിം ലീഗിന്റെ കെ.എം ഷാജി മുന്നിലെത്തി. പിന്നീടങ്ങോട്ട് കെ.എം ഷാജിയും സി.പി.എമ്മിലെ നികേഷ് കുമാറും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടത്തിയത്. 331 എന്ന ലീഡില്‍ നിന്ന് 74 ലേക്ക് ലീഡ് താഴ്ന്ന കെ.എം ഷാജിയില്‍ നിന്നു പിന്നീട് നികേഷ് കുമാര്‍ ലീഡ് പിടിച്ചെടുത്തു. ഒന്നാം റൗണ്ട് വോട്ടെണ്ണി കഴിഞ്ഞപ്പോള്‍ 293 വോട്ടിന്റെ ലീഡ് പിടിച്ചെടുത്ത നികേഷ് കുമാര്‍ ലീഡ് നില പതുക്കെ ഉയര്‍ത്തിക്കൊണ്ടിരുന്നു.
അഴീക്കോട് പഞ്ചായത്തിന്റെ വിവിധ മേഖലകളിലെ ബൂത്തുകള്‍ എണ്ണി തുടങ്ങിയതോടെ ഒരു ഘട്ടത്തില്‍ 1506 വരെ ലീഡുയര്‍ന്നു. എന്നാല്‍ വളപട്ടണം പഞ്ചായത്തിലെ ബൂത്തുകള്‍ എണ്ണിത്തുടങ്ങിയതോടെ കെ.എം ഷാജി ലീഡിലേക്കു കയറി. 1506 വോട്ടില്‍ നിന്ന് കുത്തനെ ലീഡ് നില ഇടിഞ്ഞ നികേഷ് കുമാറില്‍ നിന്ന് വളപട്ടണം പഞ്ചായത്ത് എണ്ണി കഴിഞ്ഞപ്പോള്‍ ഷാജി 24 വോട്ടിന്റെ ലീഡ് പിടിച്ചെടുത്തു. പള്ളിക്കുന്ന് പഞ്ചായത്തിലെ ബൂത്തുകള്‍ എണ്ണി തുടങ്ങിയതോടെ 289 വോട്ടിന്റെ ലീഡ് പിടിച്ച ഷാജിയുടെ ലീഡ് നില മാറിയും മറിഞ്ഞുമിരുന്നു. ഈ സമയത്ത് ഇടതുമുന്നണിയുടെ പ്രതീക്ഷ പി.കെ രാഗേഷിന്റെ പ്രകടനത്തിലായിരുന്നു. മണ്ഡലത്തിന്റെ മറ്റു ഭാഗങ്ങളില്‍ നേരിയ വോട്ട് പിടിച്ചിരുന്ന പി.കെ രാഗേഷ് പള്ളിക്കുന്നില്‍ ഷാജിക്ക് വെല്ലുവിളിയായി. പള്ളിക്കുന്നിലെ ബൂത്തുകളില്‍ മാത്രം 1356 വോട്ടു പിടിച്ച രാഗേഷ് ഷാജിയുടെ വോട്ട് നില ഉയരുന്നത് തടഞ്ഞു നിര്‍ത്തി. പള്ളിക്കുന്നിന് ശേഷം പൂഴാതിയിലെ വോട്ടുകള്‍ എണ്ണി തുടങ്ങുമ്പോള്‍ ഷാജിയുടെ ലീഡ് നില 421 ആയിരുന്നു. കണ്ണൂര്‍ കോര്‍പറേഷനില്‍ ഇടതുമുന്നണി വിജയതരംഗം തീര്‍ത്ത പൂഴാതി മേഖലയില്‍ മുന്നേറ്റമുണ്ടാക്കുമെന്ന് ഇടതു നേതാക്കള്‍ കരുതിയെങ്കിലും പതുക്കെ പതുക്കെ ലീഡുയര്‍ത്തിയ ഷാജി 2284 വോട്ടിന് വിജയം കണ്ടു.
കണ്ണൂര്‍ മണ്ഡലത്തിലെ വോട്ടെണ്ണലിലും അനിശ്ചിതത്വമായിരുന്നുണ്ടായിരുന്നത്. യു.ഡി.എഫിന്റെ ഉറച്ച കോട്ടയായ കണ്ണൂരില്‍ കോണ്‍ഗ്രസ് (എസ്)ലെ കടന്നപ്പള്ളി രാമചന്ദ്രനും കോണ്‍ഗ്രസ് (ഐ) യിലെ സതീശന്‍ പാച്ചേനിയും തമ്മില്‍ നടന്ന മത്സരത്തിന്റെ ഉള്‍ച്ചൂട് മുഴുവന്‍ വോട്ടെണ്ണലിലും പ്രകടമായി. പോസ്റ്റല്‍ വോട്ട് എണ്ണിത്തുടങ്ങിയപ്പോള്‍ തന്നെ ഇരുമുന്നണികളും തമ്മില്‍ തര്‍ക്കം ആരംഭിച്ചു. 71 പോസ്റ്റല്‍ വോട്ടുകളില്‍ കവറിനുപുറത്തു പേരെഴുതി ഒപ്പിട്ടത് അംഗീകരിക്കാനാവില്ലെന്ന് യു.ഡി.എഫ് ഏജന്റുമാര്‍ വ്യക്തമാക്കി. അത് പിന്നീട് പരിഗണിക്കാമെന്ന കലക്ടറുടെ ഉറപ്പിലാണ് വോട്ടെണ്ണല്‍ തുടങ്ങിയത്. ബാക്കിയുള്ള പോസ്റ്റല്‍ വോട്ട് എണ്ണിത്തുടങ്ങിയപ്പോള്‍ 65 വോട്ടിന്റെ ലീഡ് കടന്നപ്പള്ളി തുടക്കത്തിലെ പിടിച്ചെടുത്തു. ഇടതുമുന്നണിയുടെ ശക്തി കേന്ദ്രങ്ങളായ ചോലോറ, മുണ്ടേരി മേഖലകളിലൂടെ വോട്ടെണ്ണല്‍ കടന്ന് പോയപ്പോള്‍ കടന്നപ്പള്ളിയുടെ ലീഡ് 2778 വരെയെത്തി. എന്നാല്‍ ഇതിനിടയില്‍ രണ്ടുതവണ 1500 ലേറെ വോട്ടിന്റെ ലീഡ് സതീശന്‍ പാച്ചേനി നേടിയിരുന്നു.
29 ബൂത്തുകള്‍ മാത്രം എണ്ണി തീരാന്‍ ബാക്കിയുള്ളപ്പോള്‍ 829 വോട്ടിന്റെ ലീഡിലേക്കു കടന്നപ്പള്ളി താഴ്ന്നു. ഈസമയത്ത് പോസ്റ്റല്‍ ബാലറ്റുകളുടെ കാര്യത്തില്‍ തീരുമാനമെടുക്കണമെന്ന് ഇടതുമുന്നണി ഏജന്റുമാര്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണറെ ബന്ധപ്പെട്ടു. ഇതോടെ വോട്ടെണ്ണല്‍ നിര്‍ത്തിവച്ചു. ഇതോടെ എണ്ണാന്‍ ബാക്കിയുള്ള ബൂത്തുകളെ കുറിച്ചായി വോട്ടെണ്ണല്‍ കൗണ്ടറില്‍ ചര്‍ച്ച. പോസ്റ്റല്‍ വോട്ടുകള്‍ പരിഗണിക്കാമെന്ന ഉത്തരവെത്തിയതോടെ രാവിലെ 10.30 നു നിര്‍ത്തിവച്ച വോട്ടെണ്ണല്‍ 12.30 പുനരാരംഭിച്ചു. ഇതോടെ കടന്നപ്പള്ളിയുടെ ലീഡ് നില 984 ക്കുയര്‍ന്നു. ഈ സമയം പഴയ കണ്ണൂര്‍ നഗരസഭയുടെ ചിലഭാഗങ്ങളും എടക്കാട് മേഖയുമാണ് എണ്ണാന്‍ ബാക്കിയുണ്ടായിരുന്നത്. ഇവിടെ മാറിയും മറിഞ്ഞുമുള്ള ലീഡ് നില വോട്ടെണ്ണലിനെ ആവേശഭരിതമാക്കി. ആറു ബൂത്തുകള്‍ മാത്രം എണ്ണാന്‍ ബാക്കി നില്‍ക്കെ 984ല്‍ നിന്ന് 670 ലേക്ക് കടന്നപ്പള്ളിയുടെ ലീഡ് താഴ്ന്നു. ഇൗ മേഖലകളില്‍ കോണ്‍ഗ്രസ് വിമതന്‍ സത്താര്‍ വോട്ടുപിടിക്കാത്തത് കോണ്‍ഗ്രസ് കേന്ദ്രങ്ങളില്‍ ആശ്വാസം പരത്തി. എന്നാല്‍ പിന്നീടുളള ബൂത്തുകളില്‍ കടന്നപ്പള്ളി ലീഡ് വിട്ടുകൊടുത്തതേയില്ല. ഒടുവില്‍ 1196 വോട്ടിന്റെ നേരിയ ഭൂരിപക്ഷത്തില്‍ കടന്നപ്പള്ളി വിജയിച്ചു.
പേരാവൂര്‍ മണ്ഡലത്തില്‍ ആദ്യഘട്ടത്തില്‍ ഇടതുമുന്നണിയുടെ ബിനോയ് കുര്യന്‍ പോസ്റ്റല്‍ വോട്ടി എണ്ണിത്തുടങ്ങിയതുമുതല്‍ ലീഡ് നില പിടിച്ചെടുത്തു. എന്നാല്‍ ഇടതു കേന്ദ്രങ്ങളിലെ വോട്ടെണ്ണല്‍ കടന്ന് യു.ഡി.എഫിന്റെ ശക്തി കേന്ദ്രങ്ങളില്‍ എത്തിയപ്പോള്‍ ലീഡ് യു.ഡി.എഫിലെ അഡ്വ.സണ്ണി ജോസഫ് പിടിച്ചെടുത്തു. പിന്നീടങ്ങോട് സണ്ണി ജോസഫ് തിരിഞ്ഞു നോക്കിയില്ല. ഒടുവില്‍ 7989 വോട്ടിന്റെ ഭൂരിപക്ഷത്തിന് സണ്ണി ജോസഫ് വിജയം എത്തിപിടിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.