2018 November 17 Saturday
ജീവിച്ചതല്ല ജീവിതം, നാം ഓര്‍മയില്‍ വയ്ക്കുന്നതാണ്, പറഞ്ഞു കേള്‍പ്പിക്കാന്‍ വേണ്ടി നാം ഓര്‍മ്മയില്‍ വയ്ക്കുന്നതാണു ജീവിതം

കമ്മിഷന്‍ മൂക്ക് ചെത്തുമോ: പി.സി

ഈരാറ്റുപേട്ട: ജലന്ധര്‍ ബിഷപ്പിനെതിരേ ലൈംഗിക പീഡനാരോപണമുന്നയിച്ച കന്യാസ്ത്രീയെ വീണ്ടും അധിക്ഷേപിച്ച് പി.സി ജോര്‍ജ് എം.എല്‍.എ.
സംഭവത്തില്‍ ഇര കന്യാസ്ത്രീയാണോ ബിഷപ്പാണോയെന്ന് സംശയമുണ്ടെന്ന് വാര്‍ത്താസമ്മേളനത്തില്‍ ജോര്‍ജ് പറഞ്ഞു. ചില അപഥ സഞ്ചാരികളായ സ്ത്രീകള്‍ക്ക് അനുകൂലമായ നിയമങ്ങള്‍ മുതലെടുക്കാന്‍ ശ്രമം നടക്കുകയാണ്. ഇതിനെതിരേ പ്രതികരിക്കേണ്ടത് പൊതുപ്രവര്‍ത്തകനെന്ന നിലയില്‍ തന്റെ കടമയാണ്.
പരാതിയുണ്ടെങ്കില്‍ സമരം നടത്താതെ ഹൈക്കോടതിയില്‍ ഹരജി നല്‍കണമായിരുന്നു. സഭയെ അവഹേളിക്കുന്നവരുടെ പിന്തുണയോടെയാണ് ഇപ്പോഴത്തെ സമരം. കന്യാസ്ത്രീയുടെ കുടുംബത്തിന് കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടെയുണ്ടായ സാമ്പത്തിക ഉയര്‍ച്ചയെക്കുറിച്ച് അന്വേഷിക്കണം. കന്യാസ്ത്രീയുടെ കുടുംബം സ്വന്തം നാട്ടില്‍ വലിയ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തി. ഇതിന് എവിടെ നിന്നാണ് പണം ലഭിച്ചതെന്നും ജോര്‍ജ് ചോദിച്ചു.
കന്യാസ്ത്രീ നിയമ പരിരക്ഷയാണ് തേടുന്നതെങ്കില്‍ താന്‍ പിന്തുണക്കും. എന്നാല്‍, മാന്യമായി ജീവിക്കുന്ന വൈദിക സമൂഹത്തെ അപമാനിക്കാന്‍ അനുവദിക്കില്ല. താനിതുവരെ ബിഷപ്പിനെ കണ്ടിട്ടില്ലെന്നും ബിഷപ്പ് തെറ്റ് ചെയ്യാനുള്ള സാധ്യതയുണ്ടെന്നു കരുതുന്നുവെന്നും ജോര്‍ജ് പറഞ്ഞു. ദേശീയ വനിത കമ്മിഷന്‍ തന്റെ മൂക്ക് ചെത്തുമോയെന്നും ജോര്‍ജ് ചോദിച്ചു.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.