2019 December 08 Sunday
ഇന്ത്യയും സഊദിയും 2020 ലെ ഹജ്ജ് കരാർ ഒപ്പ് വെച്ചു

കപ്പല്‍ പൊളിക്കേണ്ട

കണ്ണൂര്‍: പരിസ്ഥിതി മലിനീകരണം ഉയര്‍ന്ന അഴീക്കല്‍ കപ്പല്‍പൊളി കേന്ദ്രത്തിനു കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ നോട്ടിസ്. വിശദമായ പഠനം പൂര്‍ത്തിയാക്കുന്നതുവരെ കപ്പല്‍ പൊളിക്കുന്നത് നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ടാണ് നോട്ടിസ് അയച്ചിരിക്കുന്നത്.
കോടതി ഉത്തരവ് നിലനില്‍ക്കെ അഴീക്കലില്‍ എത്തിച്ച രണ്ട് കപ്പലുകള്‍ വെള്ളത്തില്‍ നിന്നു തന്നെ പൊളിച്ചു നീക്കുന്നത് നേരത്തെ വിവാദമായിരുന്നു. ആക്ഷന്‍കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇതിനെതിരേ രംഗത്തു വന്നെങ്കിലും കപ്പല്‍പൊളി തുടരുകയായിരുന്നു. ഇതിനിടെയാണ് ഇക്കഴിഞ്ഞ അഞ്ചാം തിയതി കേന്ദ്രപരിസ്ഥിതി മന്ത്രാലയത്തിന്റെ പ്രത്യേകസംഘം അഴീക്കല്‍ സില്‍ക്കില്‍ പരിശോധനയ്‌ക്കെത്തിയത്. കപ്പല്‍പൊളിശാലയിലെ വെള്ളം, മണ്ണ് ഉള്‍പ്പെടെയുള്ളവയുടെ സാംപിള്‍ പരിശോധനയ്ക്കായി സംഘം കൊണ്ടുപോയി.
പരിശോധനയ്ക്കു ശേഷമുള്ള പ്രാധമിക റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. കപ്പല്‍പൊളിക്കുന്നത് പരിസ്ഥിതി മലിനീകരണം ഉയര്‍ത്തുന്നതായും ഉടന്‍ നിര്‍ത്തിവയ്ക്കണമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു. പരിശോധനയുടെ വിശദ റിപോര്‍ട്ടിനു ശേഷമായിരിക്കും മറ്റു നടപടി.
എന്നാല്‍ ഉത്തരവ് എത്തിയിട്ടും കപ്പല്‍പൊളി തുടരുന്നതറിഞ്ഞ് ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വളപട്ടണം പൊലിസിലെത്തി ഉത്തരവിന്റെ കോപ്പി സഹിതം പരാതി നല്‍കി. വൈകുന്നേരത്തോടെ വളപട്ടണം എസ്.ഐയുടെ നേതൃത്വത്തില്‍ അഴീക്കലിലെത്തി കപ്പല്‍പൊളി നിര്‍ത്താന്‍ ആവശ്യപ്പെടുകയായിരുന്നു.
കേന്ദ്ര സംഘം പരിശോനയ്‌ക്കെത്തുന്ന വിവരം സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് മനപൂര്‍വം മറച്ചുവച്ചതായി ആക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ എം.കെ മനോഹരന്‍ പറഞ്ഞു. പ്രധാന പരാതിക്കാരന്‍ എന്ന നിലയില്‍ സംഘം എത്തുന്നതിന്റെ അറിയിപ്പ് ലഭിക്കേണ്ടതാണ്. ഇതു വസ്തുതകള്‍ മറച്ചുവയ്ക്കാനും അനുകൂല റിപോര്‍ട്ട് നേടാനുമാണെന്ന് അദ്ദേഹം ആരോപിച്ചു.
കൊച്ചിയില്‍ പുതുതായി ആരംഭിച്ച ഹരിത ട്രിബ്യൂണല്‍ ബെഞ്ച് മുമ്പാകെ അഴീക്കലിന്റെ പ്രശ്‌നം ഉന്നയിക്കുമെന്നും അദ്ദേഹം പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News