2019 June 24 Monday
ഭരിച്ചതുകൊണ്ടായില്ല ഭരണം ഉണ്ടെന്നു ജനങ്ങള്‍ക്ക് ബോധ്യപ്പെടുമ്പോഴേ ഏതൊരു ഗവണ്‍മെന്റും അര്‍ഥവത്താകുന്നുള്ളൂ -കാറല്‍ മാക്‌സ്‌

കന്യാസ്ത്രീയുടെ മൃതദേഹം കിണറ്റില്‍; കൊലപാതകമെന്ന് സംശയം

 

  • സമീപത്ത് വലിച്ചിഴച്ച പാടുകളും രക്തക്കറയും
  • ഇരുകൈത്തണ്ടകളും ബ്ലേഡുകൊണ്ട് മുറിച്ച നിലയില്‍

 

കൊല്ലം: കുമ്പസാര രഹസ്യം ചോര്‍ത്തിയുള്ള പീഡനത്തില്‍ ഉഴലുന്ന മലങ്കര ഓര്‍ത്തഡോക്‌സ് സഭക്ക് തലവേദനയായി കോണ്‍വെന്റിലെ കിണറ്റില്‍ കന്യാസ്ത്രീയുടെ മൃതദേഹം കണ്ടെത്തി. സഭയുടെ പത്തനാപുരം മൗണ്ട് താബോര്‍ ദയറാ കോണ്‍വെന്റിലെ അന്തേവാസിയും കൊടുവിള സ്വദേശിനിയുമായ സിസ്റ്റര്‍ കിഴക്കേ കല്ലട സി.ഇ സൂസന്‍ മാത്യു(54)വിന്റെ മൃതദേഹമാണ് ഇരു കൈത്തണ്ടകളും ബ്ലേഡ് ഉപയോഗിച്ച് മുറിച്ച നിലയില്‍ ഇന്നലെ രാവിലെ ഒന്‍പതരയോടെ കോണ്‍വെന്റിലെ കിണറ്റില്‍ കണ്ടെത്തിയത്.
പത്തനാപുരം സെന്റ് സ്റ്റീഫന്‍സ് സ്‌കൂളിലെ അധ്യാപികയായിരുന്നു. കന്യാസ്ത്രീകള്‍ക്കു നേരെ നിരന്തരം പീഡന വാര്‍ത്തകള്‍ ദുരൂഹത ഉയര്‍ത്തുന്ന സാഹചര്യത്തിലാണ് സൂസമ്മയുടെ ദുരൂഹമരണവും സംഭവിച്ചിരിക്കുന്നത്. ഞായറാഴ്ച പ്രാര്‍ഥനക്ക് പോകാതിരുന്ന സൂസനെ മുറിയില്‍ കാണാത്തതിനെ തുടര്‍ന്ന് കോണ്‍വെന്റിലെ ജീവനക്കാര്‍ നടത്തിയ തിരച്ചിലില്‍ കോണ്‍വെന്റിനോട് ചേര്‍ന്ന കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. വിവരമറിഞ്ഞ് പൊലിസും ഫയര്‍ഫോഴ്‌സും എത്തുകയും പരിശോധനയില്‍ മൃതദേഹം സിസ്റ്റര്‍ സൂസന്റേതാണെന്ന് സ്ഥിരീകരിക്കുകയുമായിരുന്നു.
അന്വേഷണ സംഘം കിണറിന്റെ സമീപത്ത് നടത്തിയ പരിശോധനയില്‍ കിണറിന്റെ തൂണിലും സമീപത്തും രക്തപ്പാടുകള്‍ കണ്ടെത്തിയിട്ടുണ്ട്. സിസ്റ്ററുടെ മുറിയില്‍നിന്ന് കിണറ്റിലേക്കുള്ള വഴിയിലും രക്തപ്പാടുകളും വലിച്ചിഴച്ച പാടുകളും കണ്ടെത്തിയത് ദുരൂഹത വര്‍ധിപ്പിക്കുന്നു.
രാവിലെ പള്ളിയിലെ പ്രാര്‍ഥനക്ക് വിളിച്ചപ്പോള്‍ സിസ്റ്റര്‍ സൂസന്‍ വരാന്‍ തയാറായില്ലെന്നും പ്രാര്‍ഥന കഴിഞ്ഞ് തിരിച്ചെത്തിയപ്പോള്‍ സൂസമ്മയെ കോണ്‍വെന്റില്‍ കണ്ടില്ലെന്നുമാണ് കോണ്‍വെന്റ് ജീവനക്കാരുടെ മൊഴി. ആര്‍.ഡി.ഒയുടെ സാന്നിധ്യത്തില്‍ മൃതദേഹം പുറത്തെടുത്താല്‍ മതിയെന്ന നാട്ടുകാരുടെ ആവശ്യത്തെതുടര്‍ന്ന് ഉച്ചയോടുകൂടി പുറത്തെടുത്ത മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷമേ മരണ കാരണം വ്യക്തമാകുകയുള്ളൂവെന്ന് പൊലിസ് അറിയിച്ചു. ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. പുനലൂര്‍ ഡിവൈ.എസ്.പി എം. അനില്‍കുമാറിന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.