2019 April 19 Friday
ഒരാളുടെ ഉപദ്രവത്തില്‍ നിന്നും അവന്റെ അയല്‍വാസി നിര്‍ഭയനായില്ലെങ്കില്‍ അവന്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ല -മുഹമ്മദ് നബി (സ)

കന്യാസ്ത്രീയുടെ മരണം: പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് മാത്രം കണക്കിലെടുത്ത് അന്വേഷണം അവസാനിപ്പിക്കരുതെന്ന് നാട്ടുകാര്‍

കൊല്ലം: പത്തനാപുരം താബോര്‍ ദയറാ കോണ്‍വെന്റിലെ കന്യാസ്ത്രീ സൂസന്‍ മാത്യു(54)വിന്റെ മരണം വിവാദമായതോടെ മുങ്ങിമരണമെന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി കേസ് തള്ളിക്കളയരുതെന്ന ആവശ്യവുമായി നാട്ടുകാര്‍ രംഗത്തെത്തി.
ക്രിസ്ത്യന്‍ സഭയുടെ കീഴിലുള്ള മിക്ക മഠങ്ങളിലും ഇത്തരത്തില്‍ അസ്വാഭാവിക മരണങ്ങള്‍ നടക്കുന്നതിനാല്‍ കാര്യക്ഷമമായ അന്വേഷണം വേണമെന്ന ആവശ്യമാണ് ഉയര്‍ന്നിട്ടുള്ളത്.
അതേസമയം പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ മുങ്ങിമരണമെന്ന് പറയുമ്പോഴും നിരവധി സംശയങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. കിണറ്റില്‍ കമിഴ്ന്നുകിടന്ന നിലയിലായിരുന്നു മൃതദേഹം.
ഞരമ്പ് പൂര്‍ണമായും മുറിയുന്ന തരത്തില്‍ ആഴത്തിലുള്ളതായിരുന്നു കൈയിലെ മുറിവ്. ഇത്രയും ആഴത്തില്‍ മുറിവേറ്റ കന്യാസ്ത്രീ എങ്ങനെ കിണറ്റിന് അടുത്തെത്തി എടുത്തു ചാടിയെന്നത് സംശയത്തിന് ഇട നല്‍കുന്നുണ്ട്.
കിണറിന് കൈവരിയുള്ളതിനാല്‍ മുകളിലേക്ക് ഇത്രയേറെ മുറിവുമായി കയറുക പ്രയാസകരമാണ്. ഹോസ്റ്റലില്‍നിന്ന് നൂറു മീറ്റര്‍ അകലെയുള്ള കിണറ്റിനടുത്തേക്കുള്ള വഴിയില്‍ മണ്‍തിട്ടകളും കുഴികളും ഏറെയുണ്ട്. അതിരാവിലേയോ രാത്രിയോ ആകാം സിസ്റ്റര്‍ മരിക്കാന്‍ ഇടയെന്നാണ് കരുതുന്നത്.
അതുകൊണ്ട് തന്നെ കിണറ്റിനടത്ത് ഇരുട്ടില്‍ ഒറ്റക്ക് ഒരാള്‍ക്ക് എത്താന്‍ പ്രയാസവുമാണ്. എന്നിട്ടും എങ്ങനെ കന്യാസ്ത്രീ കിണറ്റിനടുത്തെത്തി എന്നതിനും പൊലിസിന് ഉത്തരം കണ്ടെത്തേണ്ടിവരും.
ശനിയാഴ്ച രാത്രിയിലും പതിവുപോലെ സുഹൃത്തുക്കളോട് ഇവര്‍ സംസാരിച്ചിരുന്നതായും പറയുന്നു. അസുഖമാണെന്ന് പറഞ്ഞതിനാല്‍ ഞായറാഴ്ച പുലര്‍ച്ചെ പള്ളിയില്‍ പോകാനായി മറ്റുള്ളവര്‍ വിളിച്ചിരുന്നില്ല. അതിനാല്‍ ഇവര്‍ മുറിയിലുണ്ടായിരുന്നോ എന്നും അറിവില്ല.
പ്രാര്‍ഥനക്കുശേഷം മടങ്ങിയെത്തിയപ്പോഴും കാണാത്തതിനെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ഓള്‍ഡ് ഏജ് ഹോമിന്റെ പിന്നിലെ കിണറ്റില്‍ മൃതദേഹം കാണുന്നത്.
സൂസന്‍ മാത്യു താമസിച്ചിരുന്ന മുറിയിലും ഭിത്തികളിലും കിണര്‍ വരെയുള്ള വഴികളിലും കിണറ്റിന്റെ സമീപത്തെ കെട്ടിടത്തിലും തൂണുകളിലും രക്തക്കറയുണ്ട്. ഇതില്‍ പലതും വിരല്‍ കൊണ്ട് സ്പര്‍ശിച്ചവയാണ്. മുടി മുറിച്ച നിലയിലായതും സംശയം വര്‍ധിപ്പിക്കുന്നു.
വെള്ളിയാഴ്ച സ്‌കൂളിലെത്തിയ ഇവര്‍ ശാരീരികാസ്വസ്ഥതകള്‍ കാരണം അവധിയെടുത്തിരുന്നു. അതിന് ശേഷം ആശുപത്രിയിലും പോയി. പൊലിസിനോട് കന്യാസ്ത്രീയുടെ മരണം ആത്മഹത്യയെന്ന് പറയുമ്പോഴും വ്യക്തമായ വിശദീകരണം നല്‍കാന്‍ മാനേജ്മന്റെ് ഇതുവരെ തയാറായിട്ടില്ല.
അന്‍പതോളം കന്യാസ്ത്രീകളാണു മഠത്തിലുള്ളത്. സിസ്റ്റര്‍ മുറിയില്‍ തനിച്ചായിരുന്നു കഴിഞ്ഞിരുന്നത്. മഠത്തിലെ നിരവധി കന്യാസ്ത്രീകള്‍ സംഭവ ദിവസം അവിടെ ഇല്ലായിരുന്നതും സംശയത്തിന് ഇടനല്‍കുന്നു.
സിസ്റ്റര്‍ ആരോഗ്യപ്രശ്‌നങ്ങളാല്‍ മാനസിക വിഷമത്തിലായിരുന്നെന്നു സഹോദരി അറിയിച്ചതും സംശയത്തിന് കാരണമായിട്ടുണ്ട്. നാട്ടുകാര്‍ നിരവധി സംശയങ്ങള്‍ ചൂണ്ടിക്കാട്ടുമ്പോഴും കുടുംബത്തിന് സൂസന്‍ മാത്യുവിന്റെ മരണത്തില്‍ ദുരൂഹതയൊന്നും കാണാനാകുന്നില്ലെന്നതിന് പിന്നില്‍ സഭയുടെ ഇടപെടലാണെന്നാണ് ആക്ഷേപം.

പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ മുങ്ങിമരണമെന്ന് സ്ഥിരീകരണം

കൊല്ലം: കോണ്‍വെന്റിലെ കിണറ്റില്‍ കന്യാസ്ത്രീ മരിച്ചനിലയില്‍ കാണപ്പെട്ട സംഭവത്തില്‍ ദുരൂഹത നിലനില്‍ക്കുന്നതിനിടെ, പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ മുങ്ങിമരണമെന്ന് സ്ഥിരീകരണം. പത്തനാപുരം താബോര്‍ ദയറാ കോണ്‍വെന്റിലെ കന്യാസ്ത്രീ സൂസന്‍ മാത്യു(54)വിന്റെ മൃതദേഹമാണ് കിണറ്റില്‍ കണ്ടെത്തിയിരുന്നത്. കൈത്തണ്ടയിലെ മുറിവിലൂടെ രക്തം ഏറെ വാര്‍ന്നുവെങ്കിലും മരണം സംഭവിച്ചത് വെള്ളം ശ്വാസനാളത്തില്‍ ചെന്നതിനെ തുടര്‍ന്നായിരുന്നുവെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. കൂടാതെ അന്നനാളത്തില്‍നിന്നു നാഫ്തലിന്‍ ഗുളികയും കണ്ടെത്തി.
ശരീരത്തില്‍ മറ്റു മുറിവുകളോ പാടുകളോ ചുറ്റും പിടിവലി നടന്നതായ ലക്ഷണമോ കണ്ടെത്തിയിട്ടില്ല. കൊച്ചിയിലെ ലാബില്‍നിന്നു ആന്തരികാവയവങ്ങളുടെ രാസപരിശോധനക്ക് ശേഷം മാത്രമേ മരണകാരണം അന്തിമമായി രേഖപ്പെടുത്തുകയുള്ളു.
കന്യാസ്ത്രീ ആത്മഹത്യക്കായി ആദ്യം ഇടതു കൈത്തണ്ട മുറിക്കുകയും പിന്നീട് വലതു കൈത്തണ്ടയിലും മുറിവ് ഉണ്ടാക്കിയെന്നാണ് നിഗമനം. ഈ മുറിവിലൂടെ രക്തം ഏറെ വാര്‍ന്നു പോയിട്ടുണ്ടെന്നും അതിനുശേഷം കിണറ്റിലേക്ക് ചാടിയെന്നുമാണ് പൊലിസിന്റെ വിലയിരുത്തല്‍. പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തിയ നാഫ്തലിന്‍ ഗുളിക വേദന അറിയാതിരിക്കാന്‍ കഴിച്ചതാകാമെന്നാണ് പൊലിസ് പറയുന്നത്. ഇന്നലെ രാവിലെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലായിരുന്നു പോസ്റ്റ്‌മോര്‍ട്ടം.
എന്നാല്‍, പ്രാഥമിക നിഗമനങ്ങള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പൊലിസ്.
സൂസന്‍ മാത്യുവിന്റെ ഫോണ്‍കോള്‍ വിവരങ്ങള്‍ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. ഇതില്‍ നിരവധി തവണ വിളിച്ച ഒരു നമ്പര്‍ പൊലിസിന്റെ ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ഈ നമ്പറിന്റെ ഉടമക്ക് കന്യാസ്ത്രീയുമായി എന്തെങ്കിലും ബന്ധം ഉണ്ടോയെന്ന കാര്യവും അന്വേഷിക്കുന്നുണ്ട്.
പുനലൂര്‍ ഡിവൈ.എസ്.പി എം. അനില്‍കുമാറിന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷണം. കൊല്ലം കിഴക്കേക്കല്ലട കൊടുവിള സ്വദേശിനിയും 25 വര്‍ഷമായി പത്തനാപുരം സെന്റ് സ്റ്റീഫന്‍സ് സ്‌കൂളിലെ അധ്യാപികയുമായിരുന്നു സൂസന്‍ മാത്യു.
ഞായറാഴ്ച രാവിലെ ഒന്‍പതരയോടെയാണ് മൃതദേഹം കിണറ്റില്‍ കണ്ടത്. കോണ്‍വെന്റിനോട് ചേര്‍ന്ന കിണറിന് സമീപത്ത് രക്തപ്പാടുകള്‍ കണ്ട ജീവനക്കാര്‍ കിണറ്റില്‍ നോക്കിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.