2018 November 20 Tuesday
ജനങ്ങളേ, നിങ്ങള്‍ക്ക് നിങ്ങളുടെ നാഥനിങ്കലില്‍നിന്നുള്ള തത്വോപദേശങ്ങളും ശമനവും മാര്‍ഗദര്‍ശനവും സത്യവിശ്വാസികള്‍ക്ക് കാരുണ്യവും വന്നെത്തിയിരിക്കുന്നു

കന്യാസ്ത്രീയുടെ പരാതിയില്‍ എന്ത് നടപടി സ്വീകരിച്ചു: സര്‍ക്കാരിനോട് ഹൈക്കോടതി

കൊച്ചി: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരേ കന്യാസ്ത്രീ നല്‍കിയ ലൈംഗിക പീഡന പരാതിയില്‍ എന്തു നടപടി സ്വീകരിച്ചുവെന്നു വ്യക്തമാക്കണമെന്നു സര്‍ക്കാരിനു ഹൈക്കോടതി നിര്‍ദേശം നല്‍കി.
ഫ്രാങ്കോ മുളയ്ക്കലിനെതിരേ ഓഗസ്റ്റ് 13നു സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ചതു സംബന്ധിച്ച മൊഴി നല്‍കിയിട്ടുണ്ടെന്നു അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞിരുന്നു. ഇതിനു ശേഷം കേസിനു എന്തു സംഭവിച്ചുവെന്നു കോടതി ആരാഞ്ഞു. കേസില്‍ സാക്ഷികളായ കന്യാസ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോയെന്നും കോടതി സര്‍ക്കാരിനോട് ആരാഞ്ഞു. കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ടു ഇതുവരെയുള്ള വിശദാംശങ്ങള്‍ 13നു കോടതിയില്‍ ബോധിപ്പിക്കണമെന്നു കോടതി നിര്‍ദേശം നല്‍കി.
ചീഫ് ജസ്റ്റിസ് ഋഷികേശ് റോയി, ജസ്റ്റിസ് എ.കെ ജയശങ്കര്‍ നമ്പ്യാര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് കേസ് പരിഗണിച്ചത്. തൃശൂര്‍ സ്വദേശി ജോര്‍ജ് വട്ടുകുളം അഡ്വ. ജോസഫ് റോണി ജോസ് മുഖേന സമര്‍പ്പിച്ച ഹരജിയാണ് കോടതി പരിഗണിച്ചത്. ബിഷപ്പ് നിയമത്തിനു അതീതനല്ലേയെന്നും ഒരു പൗരനും നിയമത്തിനു മുകളിലല്ലെന്നും ആര്‍ക്കും തെറ്റിദ്ധാരണ വേണ്ടെന്നും കോടതി വാക്കാല്‍ പരാമര്‍ശിച്ചു.
വിശദാംശങ്ങള്‍ ബോധിപ്പിക്കാന്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ സുമന്‍ ചക്രവര്‍ത്തി രണ്ടു ദിവസം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് കേസ് 13ന് പരിഗണിക്കുന്നതിലേക്ക് മാറ്റിയത്.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.