2019 April 24 Wednesday
പരാജയം ഒരു കുറ്റമേയല്ല. എന്നാല്‍, പരാജയത്തില്‍ നിന്നു പാഠം പഠിക്കാതിരിക്കല്‍ ഒരു കുറ്റം തന്നെയാണ് -വാള്‍ട്ടര്‍ റിസ്റ്റണ്‍

കനോലി കനാല്‍ തെളിയുന്നു

 

ഒന്നാം ഘട്ടം അവസാനിക്കുന്ന ഇന്ന് ഫിസിക്കല്‍ എജുക്കേഷന്‍ കോളജ് വിദ്യാര്‍ഥികളടക്കം നൂറുകണക്കിനാളുകള്‍ അണിചേരും
കോഴിക്കോട്: ജില്ലാ ഭരണകൂടത്തിന്റെയും കോര്‍പറേഷന്റെയും സഹകരണത്തോടെ നിറവ് വേങ്ങേരിയുടെ നേതൃത്വത്തില്‍ തുടങ്ങിയ ഓപറേഷന്‍ കനോലിക്കനാല്‍ ഇന്ന് 15-ാം ദിവസത്തിലേയ്ക്ക്. ഇതുവരെ കനാലില്‍ നിന്നും ഇരുവശങ്ങളില്‍ നിന്നുമായി വാരിക്കൂട്ടിയത് 2,500 ചാക്ക് മാലിന്യങ്ങള്‍.
പ്രളയകാലത്തും നിപാകാലത്തും ജില്ല ഒരുമിച്ചപോലെ കനോലിക്കനാല്‍ മാലിന്യമുക്തമാക്കല്‍ യജ്ഞത്തിലേക്കും നാടൊന്നായി ഒഴുകിയെത്തുകയാണ്. ഇന്നലെ രാവിലെ മുതല്‍ ഉച്ചവരെ കോഴിക്കോട്ടെ മാധ്യമപ്രവര്‍ത്തകരും ശുചീകരണ യജ്ഞത്തില്‍ പങ്കാളികളായി. ഒന്നാം ഘട്ടം അവസാനിക്കുന്ന ഇന്ന് ഫിസിക്കല്‍ എജുക്കേഷന്‍ കോളജ് വിദ്യാര്‍ഥികളടക്കം നൂറുകണക്കിനാളുകള്‍ അണിചേരുമെന്ന് നിറവ് കോഓര്‍ഡിനേറ്റര്‍ ബാബു പറമ്പത്ത് പറഞ്ഞു.
28ന് ഇത്തരമൊരു യജ്ഞം തുടങ്ങുമ്പോള്‍ ഇതുപോലൊരു കൂട്ടായ്മയുണ്ടാകുമെന്ന് കരുതിയതേയില്ല. കേരളത്തിലെവിടെയെങ്കിലും ഈരീതിയില്‍ ഒരു കനാല്‍മാലിന്യമുക്തമാക്കാന്‍ 15 ദിവസം തുടര്‍ച്ചയായി പ്രവര്‍ത്തനം നടന്നിട്ടുണ്ടാവില്ല. ഇത് ശുചീകരണ യജ്ഞത്തിന്റെ പുതിയ മാതൃകയാണെന്ന് പ്രൊഫ.ടി.ശോഭീന്ദ്രന്‍ പറഞ്ഞു.
യാതൊരു ദാക്ഷിണ്യവുമില്ലാതെയാണ് ഒരു വിഭാഗം ജനത കനാലിനോട് പെരുമാറുന്നത്.
കൈയില്‍ കിട്ടുന്നത് മുഴുവന്‍ കനാലിലേക്ക് എറിയുക, കോഴിവേസ്റ്റ് ലോഡുകണക്കിന് കൊണ്ടുവന്ന് ഇരുട്ടിന്റെ മറവില്‍ തട്ടിപ്പോവുക, ഏറ്റവും സങ്കടകരമായിതോന്നിയത് കനാലിന്റെ അരികിലായി കാട് നീക്കിയപ്പോള്‍ കണ്ട സാനിറ്ററി നാപ്കിന്‍സാണ്. ഒന്നോ രണ്ടോ എന്നുകരുതി എടുത്തു തുടങ്ങിയപ്പോള്‍ അന്‍പതോളം ചാക്കിലായിരുന്നുവെന്ന് ബാബു പറമ്പത്ത് പറഞ്ഞു.
ആശുപത്രികളാണ് ഇതിന് പിന്നില്‍. ക്രിമിനല്‍ കുറ്റമാണിത്. ഇവര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്ന് ജില്ലാകലക്ടറോട് ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്നത്തെ മെഗാ ക്ലീനിങോടെ മാലിന്യം ഏതാണ്ട് നീക്കിക്കഴിയും. ഇനിയങ്ങോട്ട് എട്ട് സോണുകളായി തിരിച്ച് കനോലിക്കനാലിനെ സംരക്ഷിക്കല്‍ യജ്ഞമാണ്. എട്ട് സോണുകളിലും കനാലിനെ വിഭജിക്കുന്ന ബോര്‍ഡുകള്‍വരും.
എട്ട് സോണുകളായിരിക്കുമ്പോള്‍ അതാതിടങ്ങളിലെ കൗണ്‍സലര്‍മാര്‍ക്കാവും അതിന്റെ ചുമതല . അവരുടെ നേതൃത്വത്തില്‍ റസിഡന്‍സ് അസോസിയേഷനുകളും പൊതുപ്രവര്‍ത്തകരുമെല്ലാം ഓരോസോണിലേയും കമ്മിറ്റികളില്‍ പങ്കാളികളാവും. ഒന്നേകാല്‍ കിലോമീറ്ററോളം വരും ഒരു സോണിന്. ഇനിയങ്ങോട്ടുള്ള കാലം അതവര്‍ പരിപാലിക്കും. അതൊരു മത്സരംപോലെ മുന്നോട്ടുപോകും. ഇതുസംബന്ധിച്ചുള്ള അവലോകനത്തിനായി കനാലിന്റെ ഇരുവശങ്ങളിലുമുള്ള കൗണ്‍സിലര്‍മാരുടെ യോഗം 12ന് കോര്‍പറേഷനില്‍ ചേരുന്നുണ്ട്. മാത്രമല്ല ഈ ഭാഗങ്ങളിലെ വെള്ളം അടുത്ത ദിവസം തന്നെ സി.ഡബ്ല്യു.ആര്‍.ഡി.എം ടീം പരിശോധിക്കും. എന്നിട്ട് അതാതിടങ്ങളിലെ വെള്ളത്തിന് സംഭവിച്ച മാറ്റങ്ങള്‍ നിരീക്ഷിക്കും. അപ്പോള്‍ എന്തൊക്കെ രീതിയിലുള്ള മാലിന്യങ്ങളാണ് ഒഴുക്കിവിടുന്നതെന്ന് കണ്ടെത്താനാവും.
അതനുസരിച്ചുള്ള നടപടികള്‍ ഇത് ചെയ്തവര്‍ക്കെതിരേ ഉണ്ടാവുമെന്നും ബാബു പറഞ്ഞു. ഇന്നലെ ശുചീകരണാനന്തരം ചേര്‍ന്ന അവലോകന യോഗത്തില്‍ ആരോഗ്യസ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.വി.ബാബുരാജ്, പത്രപ്രവര്‍ത്തകയൂനിയന്‍ സംസ്ഥാന പ്രസിഡന്റ് കമാല്‍വരദൂര്‍, പ്രൊഫ.ടി.ശോഭീന്ദ്രന്‍, ഫോട്ടോഗ്രഫര്‍ പി.മുതസ്തഫ സംസാരിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.