2018 September 21 Friday
പതിനായിരം ബന്ധുക്കള്‍ക്ക് പകരം നില്‍ക്കാന്‍ ഒരേയൊരു ആത്മാര്‍ഥ സുഹൃത്ത് മതി.
യൂറിപ്പിഡിസ്

‘കനിവോടെ കൊല്ലം’ കേരളത്തിന്റെ പുനര്‍സൃഷ്ടിക്ക് കൈയയച്ച് സംഭാവന ചെയ്യണം: മേഴ്‌സിക്കുട്ടിയമ്മ

 

കൊല്ലം: പ്രളയത്തില്‍ തകര്‍ന്ന കേരളത്തിന്റെ പുനര്‍സൃഷ്ടിക്കായി ഓരോരുത്തരും കൈയയച്ച് സംഭാവന നല്‍കണമെന്ന് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ അഭ്യര്‍ഥിച്ചു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ജില്ലാതല ധനസമാഹര യജ്ഞമായ കനിവോടെ കൊല്ലത്തിന്റെ ആലോചനാ യോഗം ടി.എം. വര്‍ഗീസ് ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
കേരളത്തെ ദീര്‍ഘകാലാടിസ്ഥാനത്തില്‍ പുനര്‍സൃഷ്ടിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുകയാണ്. ഇതിന് എല്ലാ മേഖലകളിലുമുള്ളവര്‍ ഒരേ മനസോടെ പിന്തുണ നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മന്ത്രിമാരില്‍ തുടങ്ങി വാര്‍ഡ് തലംവരെ നീളുന്ന പ്രവര്‍ത്തനത്തിലൂടെ പരമാവധി ധനസമാഹരണമാണ് ഉദ്ദേശിക്കുന്നത്.
ഇതിനായി മുന്നിട്ടിറങ്ങാന്‍ ജനപ്രതിനിധികള്‍ ഒന്നടങ്കമുണ്ടാകും. ഉദ്യോഗസ്ഥരുടെ പങ്കാളിത്തവും കൂടിയാകുമ്പോള്‍ ധനസമാഹരണം കൂടുതല്‍ വേഗത്തിലാകും.
സമസ്ത മേഖലകളില്‍നിന്നും ഉദാരമായ സഹായം ഉണ്ടാകുമെന്ന് ഉറപ്പാണ്. എല്ലാ പഞ്ചായത്തുകളും വരുംദിവസങ്ങളില്‍ യോഗം ചേര്‍ന്ന് സമാഹരണ മാര്‍ഗങ്ങള്‍ക്ക് രൂപം നല്‍കണം.
സഹകരണ ബാങ്ക് പ്രസിഡന്റുമാരുടെ പങ്കാളിത്തം ഉറപ്പാക്കി പ്രവര്‍ത്തനങ്ങള്‍ ക്രോഡീകരിക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു.
നാടിന്റെ പുനര്‍സൃഷ്ടിക്കായാണ് ധനസമാഹരണം നടത്തുന്നതെന്ന് എല്ലാവരും തിരിച്ചറിയണമെന്ന് മന്ത്രി കെ. രാജു പറഞ്ഞു. തദ്ദേശ സ്ഥാപനങ്ങളുടെ പങ്കാളിത്തം ഇക്കാര്യത്തില്‍ സുപ്രധാനമാണ്.
എല്ലാ മേഖലകളിലേയും നഷ്ടം നികത്താന്‍ സര്‍ക്കാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളോട് സഹകരിക്കേണ്ടത് കടമയാണെന്ന് ഓരോരത്തരും തിരിച്ചറിയണം അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എം.പി. മാരായ എന്‍.കെ. പ്രേമചന്ദ്രന്‍, കൊടിക്കുന്നില്‍ സുരേഷ്, കെ. സോമപ്രസാദ്, എം.എല്‍.എമാരായ എം. മുകേഷ്, എം. നൗഷാദ്, ജി.എസ്. ജയലാല്‍, കോവൂര്‍ കുഞ്ഞുമോന്‍, ആര്‍. രാമചന്ദ്രന്‍, എന്‍. വിജയന്‍പിള്ള, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. രാധാമണി, ജില്ലാ കലക്ടര്‍ ഡോ. എസ്. കാര്‍ത്തികയേന്‍, സബ് കലക്ടര്‍ ഡോ. എസ്. ചിത്ര, എ.ഡി.എം ബി. ശശികുമാര്‍, ദാരിദ്ര്യലഘൂകരണ വിഭാഗം പ്രൊജക്ട് ഡയരക്ടര്‍ എ. ലാസര്‍, പഞ്ചായത്ത് ഡെപ്യൂട്ടി ഡയരക്ടര്‍ എന്‍. മനുഭായി, ജില്ലാബ്ലോക്ക്ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, മറ്റു ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ പങ്കെടുത്തു. ചടങ്ങില്‍ വിവിധ സ്ഥാപനങ്ങളും സംഘടനകളും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയ സംഭാവന മന്ത്രിമാര്‍ സ്വീകരിച്ചു.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.