2020 July 10 Friday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

കനിവുള്ളവര്‍ കാണണം ബീവാത്തുമ്മയെ

അഫ്‌സല്‍ യൂസഫ്

കയ്പ്പമംഗലം : ‘ വെള്ളമിറക്കാതെ ഉണ്ടാക്കിയതാ, എല്ലാം പോയി, ഇനി എന്തിനാ ജീവിക്കുന്നത്?’ നഞ്ഞു കുതിര്‍ന്ന അരി പായില്‍ ഉണക്കാനിട്ട് കാവലിരിക്കുന്ന ബീവാത്തുമ്മയുടെ ചോദ്യം ആരുടെയും കരളലിയിക്കുന്നതാണ്. മധുരമ്പിള്ളി കമ്മായി റോഡ് വൈപ്പിന്‍കാട്ടില്‍ അസ്സയിനാര്‍ ഭാര്യ ബീവാത്തുമ്മക്ക് സമ്പാദ്യമെന്ന് പറയാന്‍ കാര്യമായൊന്നുമില്ല.
എന്നാല്‍ ഉറുമ്പ് ശേഖരിക്കും പോലെ കൂട്ടിവെച്ച് ഉണ്ടാക്കിയതൊക്കെയും മഹാപ്രളയം കൊണ്ട് പോയിരിക്കുന്നു. എഴുപത്തിരണ്ടുകാരിയായ ഈ വയോധികക്ക് മുന്‍പില്‍ ജീവിതം ഇന്നൊരു വലിയ ചോദ്യചിഹ്നമാണ്. പതിനഞ്ചു വര്‍ഷം മുന്‍പ് ഭര്‍ത്താവ് അസ്സയിനാര്‍ മരണപ്പെട്ടതിന് ശേഷം വിധിയോട് സമാധാനിച്ച് ആശ്രയ പദ്ധതിയില്‍ കിട്ടിയ ചെറിയ കൂരയില്‍ പ്രായത്തിന്റെ അവശതകള്‍ ഒന്നും വകവെക്കാതെ കഴിഞ്ഞു പോരവേയാണ് പ്രളയജലം ബീവാത്തുമ്മയുടെ കൊച്ചു വീട്ടിലേക്ക് ഇരച്ചു കയറിയത്.
പ്രളയത്തില്‍ ഏറ്റവും കൂടുതല്‍ നാശനഷ്ടം ഉണ്ടായ എടത്തിരുത്തിയിലെ മധുരമ്പിള്ളിയില്‍ കാനാലിനോട് ചേര്‍ന്നാണ് ബീവാത്തുമ്മയുടെ വീട്. ഏഴ് കോഴികള്‍,പഴയ ഒരു തകരപ്പെട്ടി,ഫാന്‍, അലമാര ,എമര്‍ജന്‍സി ,ചെറിയ കട്ടില്‍ ആകെയുണ്ടായിരുന്ന സമ്പാദ്യങ്ങളത്രയും വെള്ളത്തില്‍ മുങ്ങി ഉപയോഗിക്കാന്‍ കഴിയാത്ത വിധം നശിച്ചിരിക്കുന്നു.
വെള്ളം കയറിയപ്പോള്‍ അടുത്ത വീടിന്റെ മുകളിലെ നിലയില്‍ അഭയം തേടി. കൂട്ടിന് ആശ്രയമായ രണ്ട് ആടുകളും പൂച്ചയും മാത്രം. രണ്ട് ദിവസമാണ് ഭക്ഷണവും വെള്ളവുമില്ലാതെ ഇവരിവിടെ കഴിഞ്ഞു കൂടിയത്. ബോട്ടില്‍ രക്ഷാപ്രവര്‍ത്തകരെത്തിയാണ് എടത്തിരുത്തി സെന്റ് ആന്‍സ് സ്‌കൂളിലെ ക്യാമ്പില്‍ ഇവരെ എത്തിക്കുന്നത്. ബഹളത്തിനിടെ കൈവിട്ടു പോയ പൂച്ചയെയും തേടി വെള്ളം ഇറങ്ങിയ ഉടനെ ബീവാത്തുമ്മ തിരിച്ചെത്തി.
ഏഴ് മുട്ടക്കോഴികള്‍ ചത്തുപോയെങ്കിലും പ്രളയത്തില്‍ പെട്ടുപോകാതെ ആശ്രയമായ പൂച്ചയെ തിരിച്ചു കിട്ടി. ദുരിതാശ്വാസ ക്യാമ്പുകളില്‍ സഹായങ്ങള്‍ വലിയ രീതിയില്‍ വിതരണം നടക്കുമ്പോളും എഴുപത്തിരണ്ടുകാരിയായ ഈ വയോധിക നന്നഞ്ഞു കുതിര്‍ന്ന അരിയും ഗോതമ്പും ഉണക്കാനിട്ട് കാവലിരിക്കുന്നു.
യാതൊരു സഹായങ്ങളും ഈ ചെറിയ കൂരയില്‍ എത്തിയിട്ടില്ല. എല്ലാം നഷ്ടപ്പെട്ടിട്ടും പതറാതെ നില്‍ക്കുന്ന ബീവാത്തുമ്മയെ പോലെയുള്ളവരെ കരുണയുള്ള കണ്ണുകള്‍ കാണാതെ പോകരുത്.

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News