2019 June 19 Wednesday
നമ്മളിലുള്ള നന്മയാണു നമ്മുടെ നീതിബോധം -തിരുവള്ളുവര്‍

കനിവില്ലാതെ കര്‍ക്കിടകം

 

ഇടമലയാര്‍: താഴ്ന്ന പ്രദേശങ്ങള്‍ മുഴുവനും വെള്ളത്തിലായി


കാലടി(കൊച്ചി) : ഇടമലയാര്‍ ഡാം തുറന്നതോടെ കഴിഞ്ഞ രാത്രിയോടെ കാലടി, മലയാറ്റൂര്‍ ,കാഞ്ഞൂര്‍, ശ്രീ മൂലനഗരം, തുറവൂര്‍ ഗ്രാമപഞ്ചായത്തുകളിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. ചെങ്ങല്‍ തോട്, കൈതത്തോട്, ഊമന്‍ തോട്, മുക്കടായ് തോട് ,പള്ളുപ്പെട്ട എന്നീ തോടുകളില്‍ നിന്ന് പുഴയിലേക്കുള്ള ഒഴുക്ക് നിലച്ചു. പല തോടുകളും കരകവിഞ്ഞ് പറമ്പുകളിലേക്കും വീടുകളിലേക്കും കൃഷിയിടങ്ങളിലേക്കും വെള്ളം കയറി. മേക്കാലടിയില്‍ ടാജ് ക്രഷറിലേക്ക് വെള്ളം കയറി ലക്ഷക്കണക്കിന് രൂപയുടെ യന്ത്ര സാമഗ്രികള്‍ നശിച്ചു. ചെങ്ങല്‍ വട്ടത്തറയിലും, തുറവുങ്കരയിലും ജനവാസ മേഖലയില്‍ വെള്ളം കയറി. നിരവധി കുടുംബങ്ങളെ ഇവിടെ നിന്നും മാറ്റി പാര്‍പ്പിച്ചു.
മലയാറ്റൂരില്‍ ചമ്മിനി കോളനിയിലും പന്തയ്ക്കല്‍ പാടശേഖരം, ഗോതമ്പ് റോഡ് എന്നീ പ്രദേശങ്ങളിലും വെള്ളം കയറി. കാലടിയില്‍ ശിവരാത്രി മണപ്പുറം പൂര്‍ണമായും മുങ്ങി. പുഴയിലെ വെള്ളത്തിന്റെ ഒഴുക്ക് ശക്തമായി തുടരുകയാണ്. ശ്രീശങ്കരാ പാലത്തില്‍ പുഴ കാണാന്‍ കാഴ്ചക്കാരെത്തുന്നത് മൂലം ഗതാഗത തടസം അനുഭവപ്പെട്ടു. ഇത് കാരണം കാഴ്ചക്കാരെ പൊലിസ് തടഞ്ഞു.
ഉച്ചക്ക് ശേഷം എം.സി റോഡിന് കുറുകെ ഒഴുകുന്ന ഉടുമ്പുഴ തോട് നിറഞ്ഞൊഴുകി. അത് കൊണ്ട് തോടുകളുടെ സമീപത്തുള്ള താഴ്ന്ന പ്രദേശങ്ങള്‍ മുഴുവന്‍ വെള്ളത്തിലായി. കാലടി ഗ്രാമപഞ്ചായത്തില്‍ മാണിക്കമംഗലത്ത് എന്‍.എസ്.എസ് സ്‌കൂളിലേക്ക് 20 കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു. മറ്റൂര്‍ ഗവ. സ്‌കൂളില്‍ ക്യാംപ് തുറന്നു.കൈപ്പട്ടൂര്‍ ഗവ.സ്‌കൂളും ക്യാംപിനായി ഒരുക്കിയിട്ടുണ്ട്.
കാഞ്ഞൂര്‍ ഗ്രാമ പഞ്ചായത്തില്‍ മൂന്ന് റിലീഫ് സെന്ററുകളാണ് തുറന്നിട്ടുള്ളത്.തുറവുങ്കര, ചെങ്ങല്‍, വട്ടത്തറ, എയര്‍ പോര്‍ട്ട് പരിസരം എന്നിവിടങ്ങളില്‍ നിന്നായി നൂറിലധികം കുടുംബങ്ങളെയാണ് മാറ്റി പാര്‍പ്പിച്ചിട്ടുള്ളത്. ചെങ്ങല്‍ തോട് എതിര്‍ ദിശയിലേക്ക് ഒഴുകിയത് മൂലം ചെങ്ങല്‍ വട്ടത്തറയില്‍ ഉച്ചയോടെ നിരവധി വീടുകള്‍ വെള്ളത്തിലായി. ഇവിടത്തെ താമസക്കാരെ ഫയര്‍ഫോഴ്‌സ് എത്തി ഒഴിപ്പിച്ചു. ചെങ്ങല്‍ ഭഗവതി ക്ഷേത്രത്തിന് സമീപത്ത് കൂടി തുറവുങ്കര റോഡും തോടിന് കുറുകെയുള്ള പാലവും വെള്ളത്തിനടിയിലായി. എയര്‍പോര്‍ട്ടിനായി സ്ഥലം ഏറ്റെടുത്തതിന് ശേഷം ചെങ്ങല്‍ തോട്ടിലൂടെയുള്ള വെള്ളം പോകുന്ന വഴി വിമാനത്താവളമധികൃതര്‍ അടച്ച് കെട്ടിയതിനെ തുടര്‍ന്ന് എതിര്‍ ദിശയിലേക്ക് ഒഴുകിയ വെള്ളം ഒഴുകിപ്പോകാന്‍ ഇടമില്ലാതെ റണ്‍വേയോട് ചേര്‍ന്ന് വിമാനത്താവളത്തിന്റെ അതിര്‍ത്തിയില്‍ പൊങ്ങി.
വിമാനത്താവളത്തിന് സമീപമുള്ള കോസ്റ്റ്ഗാര്‍ഡ് എന്‍ക്ലേവിന്റെ മുന്‍ഭാഗവും വെള്ളത്തില്‍ മുങ്ങി . ഡാം തുറക്കുമെന്നുള്ള അറിയിപ്പ് അധികൃതര്‍ നല്‍കിയെങ്കിലും എവിടെയെല്ലാം വെള്ളം കയറുമെന്നുള്ള വിവരം ജനങ്ങള്‍ക്ക് നല്‍കിയിരുന്നില്ല. 2013ല്‍ ഇടമലയാര്‍ ഡാം തുറന്നപ്പോള്‍ വെള്ളം കയറിയ പ്രദേശങ്ങളില്‍ പോലും ഇത്തവണ വെള്ളം കയറില്ലെന്നാണ് അധികൃതര്‍ അറിയിച്ചിരുന്നത്. എന്നാല്‍ അവരുടെ പ്രതീക്ഷകള്‍ തെറ്റിച്ചാണ് കാര്യങ്ങള്‍ നടന്നത്. വെള്ളം കയറി തുടങ്ങിയതിന് ശേഷമാണ് ഫയര്‍ഫോഴ്‌സിന്റെയും പൊലിസിന്റെയും നേതൃത്വത്തില്‍ ആളുകളെ ഒഴിപ്പിച്ചത്.

 

മണ്ണിടിച്ചിലില്‍ കുതിരാനിലെ ഇരട്ട തുരങ്കപാത അടഞ്ഞു

തൃശൂര്‍: തൃശൂര്‍-പാലക്കാട് ദേശീയ പാതയിലെ കുതിരാന്‍ ഇരട്ട തുരങ്കമുഖം മണ്ണിടിച്ചിലിനെ തുടര്‍ന്ന് അടഞ്ഞു. ബുധനാഴ്ച തുടങ്ങിയ മണ്ണിടിച്ചില്‍ ഇന്നലെ വൈകിയും തുടരുകയാണ്. തുരങ്കത്തിന്റെ മുകള്‍ ഭാഗത്ത്‌നിന്ന് മുപ്പത് അടിയോളം ദൂരത്തില്‍ മണ്ണും പാറക്കല്ലുകളും ഊര്‍ന്ന് വരികയായിരുന്നു.
തുരങ്കങ്ങളുടെ സംരക്ഷണത്തിന്‌വേണ്ടി ഹോട്ട് ട്രീറ്റ് പ്രകാരം സുരക്ഷാ കവചം നിര്‍മിച്ചിരുന്നെങ്കിലും അവയെല്ലാം തകര്‍ന്നു വീണു. കോണ്‍ക്രീറ്റ് തകര്‍ന്നു വീഴുന്ന സമയത്ത് മൂന്ന് തൊഴിലാളികള്‍ സമീപത്തുണ്ടായിരുന്നെങ്കിലും അത്ഭുതകരമായി രക്ഷപ്പെട്ടു.
തുരങ്കത്തിന്റെ ഉള്ളിലെ ജോലിക്കായി സ്ഥാപിച്ച കൂറ്റന്‍ ജനറേറ്ററും മണ്ണിടിച്ചിലില്‍ തകര്‍ന്നു. തുരങ്കത്തിന് വേണ്ടി എന്‍.എച്ച് അതോറിറ്റി വനംവകുപ്പില്‍നിന്ന് ഏറ്റെടുത്ത സ്ഥലത്തിന് അപ്പുറത്തും മണ്ണിടിച്ചിലുണ്ടായതോടെ നിര്‍മാണ പ്രവൃത്തികള്‍ നടത്താന്‍ വീണ്ടും വനം വകുപ്പിന്റെ അനുമതി തേടേണ്ട അവസ്ഥയാണ്.
തുരങ്കത്തിന്റെ മുന്‍ഭാഗത്ത് നൂറ് മീറ്ററോളം ദൂരത്തില്‍ മണ്ണും പാറക്കഷണങ്ങളും എത്തിയിട്ടുണ്ട്. ബുധനാഴ്ച ഒന്നാം തുരങ്കത്തിന്റെ മുകള്‍ഭാഗത്ത് മാത്രമാണ് മണ്ണിടിച്ചില്‍ ഉണ്ടായതെങ്കിലും വ്യാഴാഴ്ച ഇരു തുരങ്കങ്ങളുടെ മുന്നിലേക്കും വ്യാപിക്കുകയായിരുന്നു.
മണ്ണ് ഇടിഞ്ഞ് കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഇനി വന്‍മരങ്ങളും തുരങ്ക പാതയില്‍ നിലംപൊത്താന്‍ സാധ്യതയുണ്ട്.

 

കണ്ണൂരില്‍ അഞ്ഞൂറോളം പേര്‍ ദുരിതാശ്വാസ ക്യാംപില്‍

കണ്ണൂര്‍: ജില്ലയില്‍ കനത്ത മഴ തുടരുന്നു.കണ്ണൂര്‍ ജില്ലയിലെ മലയോര മേഖലയിലാണ് കനത്ത മഴ തുടരുന്നത്. ഇരിട്ടി, തളിപ്പറമ്പ് താലൂക്കുകളിലായി 9 ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നു. അഞ്ഞൂറോളം പേര്‍ ദുരിതാശ്വാസ ക്യാംപിലുണ്ട്. ഒരു കോടിയിലേറെ രൂപയുടെ കൃഷി നാശം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മലയോര വില്ലേജുകളായ എരിവേശ്ശി, ഉളിക്കല്‍, കേളകം, അയ്യങ്കുന്ന് എന്നിവിടങ്ങളിലാണ് കൂടുതല്‍ നാശനഷ്ടം ഉണ്ടായത്. കേളകം വില്ലേജിലെ ശാന്തിഗിരിയിലുണ്ടായ ഉരുള്‍പൊട്ടലില്‍ ശാന്തിഗിരി-വെണ്ടേക്കുംചാല്‍ റോഡ് തകര്‍ന്നു. കേളകം – കൊട്ടിയൂര്‍ മലയോര ഹൈവേയില്‍ വെള്ളം കയറി.
കണ്ണൂര്‍-വയനാട് റോഡ് തകര്‍ന്നതിനാല്‍ വഴിയില്‍ കുടുങ്ങിയ യാത്രക്കാര്‍ക്ക് കുടിവെള്ളവും ഭക്ഷണവും കണ്ണൂര്‍ ജില്ലാ ഭരണകൂടം എത്തിച്ചിരുന്നു. ബംഗളൂരുവില്‍ നിന്ന് കണ്ണൂര്‍ ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്ക് പുറപ്പെട്ട ബസ് യാത്രക്കാരാണ് വയനാട് തലപ്പുഴ ഭാഗത്ത് കുടുങ്ങിയത്. റോഡില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ബസ് ഗതാഗതം തടസ്സപ്പെടുകയായിരുന്നു.

 

നെഹ്‌റുട്രോഫി വള്ളംകളി മാറ്റി

ആലപ്പുഴ: കാലവര്‍ഷം കനത്ത പശ്ചാത്തലത്തില്‍ ശനിയാഴ്ച നടക്കേണ്ട നെഹ്‌റുട്രോഫി വള്ളംകളി മാറ്റിവയ്ക്കാന്‍ എന്‍.ടി.ബി.ആര്‍ സൊസൈറ്റി ഭരണസമിതിയോഗം തീരുമാനിച്ചതായി ധനമന്ത്രി ഡോ. തോമസ് ഐസക് അറിയിച്ചു. മുഖ്യാതിഥിയായി പങ്കെടുക്കുന്ന സച്ചിന്‍ തെണ്ടുല്‍ക്കറിന്റെ സൗകര്യം കൂടി പരിഗണിച്ചാകും പുതിയ തിയതി. ഈമാസം 18 മുതല്‍ 21 വരെയുള്ള ദിവസങ്ങളില്‍ ഏതെങ്കിലും തിയതിയില്‍ വള്ളംകളി നടത്താനാണ് തീരുമാനമെന്ന് അദ്ദേഹം പറഞ്ഞു.
ടിക്കറ്റ് ഓണ്‍ലൈന്‍ വഴിയും നേരിട്ടും വാങ്ങിയവര്‍ക്ക് പുതിയ തിയതിയില്‍ കളി കാണാന്‍ ഇതേ ടിക്കറ്റ് ഉപയോഗിക്കാം.
ചാംപ്യന്‍സ് ബോട്ട് ലീഗിന് ഈ വര്‍ഷം തുടക്കം കുറിക്കുന്നതിനാല്‍ കര്‍ശന അച്ചടക്കം പാലിച്ചാകും മത്സരം. നിയമവിരുദ്ധമായ ഏതു പ്രവൃത്തിയും വിഡിയോ സഹായത്തോടെ അച്ചടക്കസമിതി പരിശോധിച്ച് നടപടിയെടുക്കും.

 

മലപ്പുറത്ത് വ്യാപകമായ ഉരുള്‍പൊട്ടല്‍


മലപ്പുറം: മൂന്നു ദിവസമായി തുടരുന്ന കനത്ത മഴയില്‍ മലപ്പുറത്തെ മലയോരമേഖല വെള്ളത്തിനടിയിലായി. നിലമ്പൂരിനടുത്ത് ആഢ്യന്‍പാറക്കു സമീപം മലവെള്ളപ്പാച്ചിലില്‍ നഷ്ടമായത് അഞ്ചുജീവനുകള്‍. കാളികാവിലും ചോക്കാടും ഉരുള്‍പൊട്ടലില്‍ കിലോമീറ്ററുകളോളം മണ്ണിടിച്ചിലുണ്ടായി. പാറക്കെട്ടുകള്‍ ഉതിര്‍ന്നു വീണു. ഈ പ്രദേങ്ങളില്‍ ആള്‍താമസമില്ല. കാളികാവ് പ്രദേശത്ത് അന്‍പതോളം കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. നിരവധി വീടുകളില്‍ വെള്ളംകയറി.
അരീക്കോട് പഞ്ചായത്തിലെ പൂങ്കുടി, ഊര്‍ങ്ങാട്ടിരിയിലെ തെരട്ടമ്മല്‍,മൂര്‍ക്കനാട്, മൈത്ര എന്നീ പ്രദേശങ്ങളില്‍ വെള്ളംകയറി. മുപ്പതോളം വീടുകള്‍ വെള്ളത്തിനടിയിലായി. ഇവരെ മാറ്റിപ്പാര്‍പ്പിച്ചു.പ്രദേശത്ത് ചുറ്റിലും വെള്ളം നിറഞ്ഞതോടെ 130 വീടുകള്‍ വെള്ളപ്പൊക്ക ഭീഷണിയിലാണ്. ഊര്‍ങ്ങാട്ടിരി ആദിവാസി ഏരിയ ഉരുള്‍പൊട്ടല്‍ ഭീതിയിലാണ്. ചൊവ്വാഴ്ച രാത്രി തുടങ്ങിയ മഴ രണ്ടു ദിവസമായി തുടര്‍ന്നതോടെ ചാലിയാര്‍ പുഴ കരകവിഞ്ഞൊഴുകുകയായിരുന്നു. തിമിര്‍ത്തു പെയ്ത മഴയില്‍ ചാലിയാറും പോഷക നദികളും ഗതിമാറി ഒഴുകിയതോടെ റോഡുകളും താഴ്ന്ന പ്രദേശങ്ങളും വെള്ളത്തില്‍ മുങ്ങി.
നിലമ്പൂര്‍ എരുമമുണ്ടക്കടുത്ത് ചെട്ടിയംപാറയിലുണ്ടായ ഉരുള്‍പൊട്ടല്‍ ഇല്ലാതാക്കിയത് ഒരു കുടുംബത്തിന്റെ പ്രതീക്ഷകളെയാണ്. ബുധനാഴ്ച്ച രാത്രി പത്ത് മണിയോടെ ചാലിയാര്‍ പഞ്ചായത്തിലെ നാലാം വാര്‍ഡിലുള്ള ചെട്ടിയാംപാറയിലുണ്ടായ ഉരുള്‍പൊട്ടലില്‍ പറമ്പാടന്‍ കുഞ്ഞി, മരുമകള്‍ ഗീത, ഗീതയുടെ മക്കളായ നവനീത്, നിവേദ്, കുഞ്ഞിയുടെ സഹോദരി പുത്രന്‍ മിഥുന്‍(16) എന്നിവരാണ് മരിച്ചത്. അപകടത്തില്‍പെട്ട കുഞ്ഞിയുടെ മകന്‍ സുബ്രഹ്മണ്യനെ ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഇന്നലെ വൈകിട്ട് നേവിയുടെ ഹെലികോപ്ടര്‍ ഇവിടെ തിരച്ചില്‍ നടത്തിയിരുന്നു.
ബുധനാഴ്ച രാത്രി പത്ത് മണിയോടെയുണ്ടായ അതിശക്തമായ ഉരുള്‍പൊട്ടലിലാണ് ഇവരുടെ വീടും പുരയിടവും മണ്ണിനടിയില്‍പ്പെട്ടത്. തറവാട്ടുവീട്ടില്‍ ഉറങ്ങിക്കിടക്കുന്നവരാണ് അപകടത്തില്‍പ്പെട്ടത്. ഈ സമയം സുബ്രഹ്മണ്യന്‍ സമീപത്തുള്ള സ്വന്തം വീട്ടിലായിരുന്നു. ശബ്ദം കേട്ട സുബ്രഹ്മണ്യന്‍ ടോര്‍ച്ചുമായി തറവാട് വീട്ടിലേക്ക് പോയതായി പറയുന്നു. പിന്നീട് സുബ്രഹ്മണ്യനെക്കുറിച്ച് വിവരമൊന്നുമില്ല. ഉരുള്‍പൊട്ടലില്‍ സുബ്രഹ്മണ്യന്റെ വീടും തറവാട് വീടും വലിയ പെരകന്‍, ചെറിയ ചെമ്പന്‍ എന്നിവരുടെ വീടുകളും പൂര്‍ണമായും തകര്‍ന്നു. വീടിരുന്ന സ്ഥാനം പോലും തിരിച്ചറിയാനാകുന്നില്ല. വീടിന്റെ 500 മീറ്റര്‍ മുകളിലാണ് ഉരുള്‍പൊട്ടിയത്. മണ്ണും കല്ലുകളും ഏതാണ്ട് മുക്കാല്‍ കിലോമീറ്ററോളം ദൂരം താഴേക്ക് ഒഴുകിയെത്തി.
രാത്രിയാണ് ഉരുള്‍പൊട്ടി അപകടമുണ്ടായതെങ്കിലും കനത്ത മഴയെത്തുടര്‍ന്ന് വ്യാഴാഴ്ച രാവിലെയാണ് കാണാതായവര്‍ക്കായുള്ള തിരച്ചില്‍ തുടങ്ങിയത്. പൊലിസും അഗ്നിസുരക്ഷാ സേനയും എത്തുന്നതിന് മുന്‍പ് തന്നെ നാട്ടുകാര്‍ മൃതദേഹങ്ങള്‍ കണ്ടെടുത്തിരുന്നു. കുഞ്ഞിയുടെ മൃതദേഹമാണ് ആദ്യം കിട്ടിയത്. 500 മീറ്റര്‍ താഴെ നിന്നാണ് മിഥുന്റെ മൃതദേഹം ലഭിച്ചത്. ഗീതയുടെയും രണ്ടുമക്കളുടെയും മൃതദേഹം വീടിരുന്നതിന് സമീപം ചേര്‍ന്ന് കിടക്കുന്ന നിലയിലാണ് കണ്ടെത്തിയത്. കൈകളും മറ്റും പുറത്ത് കണ്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹങ്ങള്‍ നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. പെരിന്തല്‍മണ്ണ ഡി.വൈ.എസ്.പി എം.പി മോഹനചന്ദ്രന്‍, എടക്കര സി.ഐ സുനില്‍ പുളിക്കല്‍, ദുരന്ത നിവാരണ സേന ഡെപ്യൂട്ടി കലക്ടര്‍ സി അബ്ദുല്‍ റഷീദ്, നിലമ്പൂര്‍ തഹസില്‍ദാര്‍ഇന്‍ ചാര്‍ജ് എം. മെഹറലി, വനം ഡെപ്യൂട്ടി റെയ്ഞ്ചര്‍ അശോക് കുമാര്‍, നാട്ടുകാര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് രക്ഷാ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍, എം.എല്‍.എമാരായ എം. ഉമ്മര്‍, പി.വി അന്‍വര്‍ തുടങ്ങിയവരും സ്ഥലത്തെത്തിയിരുന്നു.

 

ദേശീയ ദുരന്ത നിവാരണ സേനയെത്തി

കൊണ്ടോട്ടി:കനത്ത മഴയും ഉരുള്‍പൊട്ടലും മൂലം ജനജീവിതം ദുസഹമായ പ്രദേശത്ത് സഹായവുമായി ദേശീയ ദുരന്ത നിവാരണ സേനയെത്തി.തമിഴ്‌നാട്ടിലെ ആര്‍കോണം ക്യാംപില്‍ നിന്നാണ് 117 അംഗ സംഘം ഇന്നലെ കരിപ്പൂര്‍ വഴിയെത്തിയത്.
17 പേര്‍ രണ്ട് ഹെലികോപ്റ്ററിലും 100 പേര്‍ രണ്ട് വിമാനങ്ങളിലുമായാണ് കരിപ്പൂരിലെത്തിയത്. ഇവരില്‍ 15 പേര്‍ വയനാട്ടിലേക്ക് പോയി.ശേഷിക്കുന്നവര്‍ മലപ്പുറം, കോഴിക്കോട് ജില്ലകളിലെ ദുരിത ബാധിത പ്രദേശത്തുണ്ടാകും. അസി.കമാണ്ടന്റ് സാജന്റെ നേതൃത്വത്തിലാണ് സംഘമെത്തിയത്.

 

നീരൊഴുക്ക് നിയന്ത്രണാതീതം; ഇന്ന് രണ്ടാം ഷട്ടര്‍ തുറക്കും


ഷട്ടര്‍ ഉയര്‍ത്തിയത് ആവശ്യമായ ജാഗ്രതാ നിര്‍ദേശം നല്‍കാതെ
തൊടുപുഴ: രണ്ടര പതിറ്റാണ്ടിനുശേഷം ഇടുക്കി അണക്കെട്ട് തുറന്ന് വെള്ളമൊഴുക്കി. നീരൊഴുക്ക് നിയന്ത്രണാതീതമായ സാഹചര്യത്തില്‍ ടെസ്റ്റ് റണ്ണിനായി തുറന്ന ഷട്ടര്‍ അടയ്‌ക്കേണ്ടെന്നാണ് കെ.എസ്.ഇ.ബി തീരുമാനം. ജലനിരപ്പ് 2400 അടിയായ സാഹചര്യത്തില്‍ ഇന്നലെ വൈകിട്ട് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇന്ന് രാവിലെ ആറുമണിയോടെ ഒരു ഷട്ടര്‍കൂടി തുറക്കാനാണ് തീരുമാനം.
ജലനിരപ്പ് 2399.04 അടിയിലെത്തിയ ഇന്നലെ ഉച്ചയ്ക്ക് 12.32 നാണ് ചെറുതോണി അണക്കെട്ടിന്റെ മൂന്നാം നമ്പര്‍ ഷട്ടര്‍ 50 സെ.മീ. തുറന്ന് വെള്ളമൊഴുക്കിയത്. നാല് മണിക്കൂര്‍ കൊണ്ട് 7.2 ലക്ഷം ക്യുബിക് മീറ്റര്‍ വെള്ളം ഒഴുക്കിവിടാനായിരുന്നു തീരുമാനം. എന്നാല്‍ ഒഴുക്കിക്കളയുന്ന വെള്ളത്തിന്റെ പതിന്മടങ്ങ് അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്ന സാഹചര്യത്തിലാണ് നിലപാട് മാറ്റിയത്. 2399.9 അടിയാണ് ഇന്നലെ രാത്രി അണക്കെട്ടിലെ ജലനിരപ്പ്.
ഷട്ടര്‍ ഉയര്‍ത്തുന്നതിന് 12 മണിക്കൂര്‍ മുന്‍പായി ജാഗ്രതാ നിര്‍ദേശം നല്‍കണമെന്നാണ് ചട്ടം. എന്നാല്‍ വെറും ഒന്നരമണിക്കൂര്‍ മുന്‍പ് മാത്രമാണ് ജാഗ്രതാ നിര്‍ദേശം നല്‍കിയത്. ഇന്ന് രാവിലെ ആറുമണിയ്ക്ക് രണ്ടാം റെഡ് അലര്‍ട്ട് നല്‍കും. ഇടുക്കി വൈദ്യുതി പദ്ധതി കമ്മിഷനിങിന് ശേഷം ഇത് മൂന്നാംതവണയാണ് ഷട്ടര്‍ തുറക്കുന്നത്. വൈദ്യുതി മന്ത്രി എം.എം. മണിയുടെ സാന്നിധ്യത്തിലാണ് അണക്കെട്ട് തുറന്നത്.

 

പാലക്കാട്ട് 2,025 പേര്‍ ദുരിതാശ്വാസ ക്യാപുകളില്‍

പാലക്കാട്: കനത്ത മഴയില്‍ പാലക്കാട് നഗരത്തിലടക്കം വെള്ളം കയറിയതോടെ 2,025 പേരെ ദുരിതാശ്വാസ ക്യാപുകളിലേക്ക് മാറ്റി. വീടുകളില്‍ കുടുങ്ങിയ 270 പേരെയാണ് അഗ്‌നിശമന സേന രക്ഷപ്പെടുത്തിയത്. അഞ്ച് ബോട്ടുകളും രക്ഷാപ്രവര്‍ത്തനത്തിന് ഉപയോഗിച്ചു. ഫയര്‍ഫോഴ്‌സിന്റെ 60 അംഗ സംഘമാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്. പാലക്കാട് താലൂക്കില്‍ 20 ഉം മണ്ണാര്‍ക്കാട് താലൂക്കില്‍ ഒരു ക്യാംപുമാണ് പ്രവര്‍ത്തിക്കുന്നത്. കഞ്ചിക്കോടിനടുത്ത കൊട്ടാമുട്ടിയിലും വേലഞ്ചേരിയിലും ശക്തമായ ഉരുള്‍പൊട്ടലുണ്ടായി. കഞ്ചിക്കോട് ചുള്ളമിട ഭാഗങ്ങളില്‍ വീടുകളില്‍ വെള്ളം കയറി.
കഞ്ചിക്കോടിനടത്ത് കൊട്ടൊമുട്ടിയില്‍ മലവെള്ളപ്പാച്ചിലില്‍ ഒരു റെയില്‍വേ ട്രാക്ക് ഒലിച്ചുപോയതിനെത്തുടര്‍ന്ന് ട്രെയിനുകളുടെ വേഗം കുറച്ചാണ് ഓടുന്നത്. പല ട്രെയിനുകളും തിരിച്ച് വിടുകയും റദ്ദാക്കുകയും ചെയ്തു. ഇന്നലെ രാത്രിയോടെയാണ് പാലക്കാട് ഡി .ആര്‍ എമ്മിന്റെ നേതൃത്വത്തിലുള്ള നൂറംഗ സംഘം യുദ്ധകാലാടിസ്ഥാനത്തില്‍ തടസ്സം നീക്കി റെയില്‍ ഗതാഗതം പുനഃസ്ഥാപിച്ചത്. ജില്ലയില്‍ അടിയന്തര ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് മന്ത്രി എ.കെ.ബാലന്‍ ബന്ധപ്പെട്ട വകുപ്പ് മേധാവികള്‍ക്ക് നിര്‍ദേശം നല്‍കി.

 

മഴയ്ക്കുകാരണം ഒഡിഷ തീരത്തെ ന്യൂനമര്‍ദം

തിരുവനന്തപുരം: ഒഡിഷ തീരത്ത് മൂന്നു ദിവസം മുന്‍പ് രൂപംകൊണ്ട ന്യൂനമര്‍ദമാണ് കേരളത്തില്‍ കനത്ത മഴക്ക് കാരണമായതെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം.
ന്യൂനമര്‍ദം ശക്തമായി, കരയിലേക്കു കടന്നതിന്റെ ഫലമായാണ് കേരളത്തിലും ലക്ഷദ്വീപിലും മഴ കൂടിയത്. തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ജില്ലകളിലും തൃശൂരും കാസര്‍കോടും ഇന്നും ശക്തമായ മഴ ലഭിക്കും.
ഇടുക്കി, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍, മലപ്പുറം ജില്ലകളില്‍ നാളെ വരെയും അതിശക്തമായ മഴ ലഭിക്കുമെന്ന് കാലാസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

 

22 ഡാമുകളും തുറന്നു; കനത്ത ജാഗ്രത വേണമെന്ന് സര്‍ക്കാര്‍

തിരുവനന്തപുരം: കാലവര്‍ഷം കനത്തശേഷം ഡാമുകളില്‍ സംഭരണശേഷി നിറഞ്ഞതിനാല്‍ സംസ്ഥാനത്തുള്ള 22 ഡാമുകളുടെ ഷട്ടറുകള്‍ തുറന്നു. ചരിത്രത്തില്‍ ആദ്യമായാണ് ഡാമുകള്‍ മുഴുവന്‍ തുറക്കുന്നത്.
തിരുവനന്തപുരം ജില്ലയില്‍ പേപ്പാറ, അരുവിക്കര, നെയ്യാര്‍, കൊല്ലം ജില്ലയില്‍ തെന്മല, പത്തനംതിട്ട ജില്ലയില്‍ കക്കി, ഇടുക്കി ജില്ലയില്‍ ചെറുതോണി, കല്ലാര്‍കുട്ടി, ലോവര്‍ പെരിയാര്‍, മലങ്കര, എറണാകുളം ജില്ലയില്‍ ഇടമലയാര്‍ ഭൂതത്താന്‍ കെട്ട്, തൃശൂര്‍ ജില്ലയില്‍ പെരിങ്ങല്‍കുത്ത്, ലോവര്‍ ഷോളയാര്‍, പീച്ചി, വാഴിച്ചാല്‍, പാലക്കാട് ജില്ലയില്‍ മലമ്പുഴ, മംഗലം, പോത്തുണ്ടി, കാഞ്ഞിരംപുഴ, ശിരുവാണി, വയനാട് ജില്ലയില്‍ ബാണാസുര സാഗര്‍, കാരാപ്പുഴ, കണ്ണൂര്‍ ജില്ലയില്‍ പഴശ്ശി, കോഴിക്കോട് ജില്ലയില്‍ കക്കയം എന്നീ ഡാമുകളാണ് തുറന്നത്.
ഡാമുകള്‍ക്ക് സമീപം താമസിക്കുന്നവര്‍ കനത്ത ജാഗ്രത പാലിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.
ഡാമുകളുടെ പരിസരത്ത് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നിയോഗിച്ചവര്‍ മാത്രമേ പോകാവൂ. ഡാമുകളില്‍ നിന്നുള്ള വെള്ളം ഒഴുകുന്ന സ്ഥലങ്ങളില്‍നിന്നും ഫോട്ടോ എടുക്കുന്നതും മീന്‍പിടിത്തവും ഒഴിവാക്കണം. ഡാമുകളുടെ ഷട്ടറുകള്‍ തുറക്കുന്നത് കാണാന്‍ വിനോദ സഞ്ചാരികള്‍ ഉള്‍പ്പെടെ എത്തുന്നത് ഒഴിവാക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.

 

ഉരുള്‍പൊട്ടല്‍ കവര്‍ന്നത് ഹസന്‍കുട്ടിയുടെ പ്രിയപ്പെട്ടവരെ

തൊടുപുഴ, അടിമാലി: ഇന്നലെ പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു ഇടുക്കിയിലെ അടിമാലി പുതിയകുന്നേല്‍ ഹസന്‍കുട്ടിയുടെ പ്രിയപ്പെട്ടവരെ ഇല്ലാതാക്കിയ ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും. ദുരന്തത്തില്‍ അടിമാലി പുതിയകുന്നേല്‍ ഹസന്‍കുട്ടിയുടെ ഭാര്യ ഫാത്തിമ, മകന്‍ മുജീബ് , ഭാര്യ ഷെമീന, മക്കളായ നിയ, ദിയ എന്നിവരാണ് മരിച്ചത്. ഗൃഹനാഥന്‍ ഹസന്‍കുട്ടി, ഷെമീനയുടെ ബന്ധു കൊല്ലം കല്ലുവെട്ടിക്കുഴി സൈനുദ്ദീന്‍ എന്നിവര്‍ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്.
ശബ്ദം കേട്ട് സമീപത്ത താമസിക്കുന്ന ബന്ധുക്കളാണ് നാട്ടുകാരെ വിവരമറിയിച്ചത്. ഉടന്‍ തന്നെ സമീപവാസികള്‍ പൊലിസിലും ഫയര്‍ഫോഴ്‌സിലും വിളിച്ചറിയിച്ചു. കോരിച്ചൊരിയുന്ന മഴത്തയാണ് മണ്ണുമാന്തി യന്ത്രങ്ങളുടെ സഹായത്തോടെ രക്ഷാ പ്രവര്‍ത്തനം നടത്തിയത്. ഒരു മണിക്കൂറിനുള്ളില്‍ മണ്ണിനടിയില്‍ കിടന്നിരുന്ന ഹസന്‍കുട്ടിയെ ജീവനോടെ രക്ഷപ്പെടുത്തി. ഫാത്തിമയടക്കമുള്ളവരുടെ മൃതദേഹങ്ങളാണ് കണ്ടെത്താനായത്. രക്ഷപ്പെട്ട സൈനുദ്ദീന്‍ മണ്ണിനടിയില്‍ പെടാത്തത് രക്ഷയായി.
കുരങ്ങാട്ടി ആദിവാസികുടിയില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ മരിച്ച ദമ്പതികളുടെ വീട് തകര്‍ന്നുകിടക്കുന്നത് പുലര്‍ച്ചെ അറ് മണിയോടെ അയല്‍വാസികളായ ബന്ധുക്കളാണ് കണ്ടത്. എപ്പോഴാണ് അപകടം നടന്നതെന്നത് വ്യക്തമല്ല. ഉടന്‍ തന്നെ നാട്ടുകാര്‍ നടത്തിയ തിരച്ചിലിലാണു മോഹനന്‍, ഭാര്യ ശോഭന എന്നിവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കൂലിപ്പണിക്കാരായിരുന്ന ഇവര്‍ക്ക് മക്കളില്ല. കമ്പിളികണ്ടം കുരിശുകുത്തി മലയില്‍ ഉരുള്‍പൊട്ടിയാണ് പന്തപ്പിള്ളില്‍ മാണിയുടെ ഭാര്യ തങ്കമ്മ മരിച്ചത്. പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. ശബ്ദം കേട്ട് മകന്‍ ഓടി മാറി. ഭാര്‍ത്താവ് മാണി പരുക്കുകളോടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. അടിമാലിയില്‍ മരിച്ച അഞ്ചു പേരെയും ടൗണ്‍ പള്ളി ജുമാ മസ്ജിദില്‍ ഖബറടക്കി.തങ്കമ്മയുടെ മൃതദേഹം കമ്പിളിക്കണ്ടം പള്ളിയിലും സംസ്‌കരിച്ചു. മോഹനന്റെയും ശോഭയുടെയും മൃതദേഹങ്ങള്‍ കുരങ്ങാട്ടിയിലെ വീട്ടുവളപ്പില്‍ ഇന്ന് സംസ്‌കരിക്കും.

 

കനത്തമഴ തുടരും; എട്ടു ജില്ലകളില്‍ റെഡ് അലര്‍ട്ട്


കോഴിക്കോട്: സംസ്ഥാനത്ത് കനത്തമഴ ഇന്നും തുടരും. ലക്ഷദ്വീപിനു സമീപം തെക്കുകിഴക്കന്‍ അറബിക്കടലില്‍ 5.8 കി.മി ഉയരത്തിലായി രൂപം കൊണ്ട ചക്രവാത ചുഴിയാണ് മഴക്കു കാരണം. ഇന്നു കനത്ത മഴക്ക് സാധ്യതയുള്ളതിനാല്‍ എട്ടു ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചതായി സംസ്ഥാന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ആലപ്പുഴ, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് റെഡ് അലര്‍ട്ട്. കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, എറണാകുളം, മലപ്പുറം ജില്ലകളില്‍ കൂടുതല്‍ മഴ ലഭിക്കുമെന്നാണ് നിഗമനം. തൃശൂര്‍, തിരുവനന്തപുരം, കൊല്ലം ജില്ലയില്‍ ഒറ്റപ്പെട്ട കനത്ത മഴക്ക് സാധ്യതയുണ്ട്.

 

പേമാരിയില്‍ വയനാട് വെള്ളത്തിനടിയിലായി

കല്‍പ്പറ്റ: രണ്ട് ദിവസങ്ങളില്‍ പെയ്ത റെക്കോര്‍ഡ് മഴ വയനാടിനെ വെള്ളത്തിനടിയിലാക്കി. മഴക്കെടുതിയില്‍ ദമ്പതിമാരടക്കം രണ്ടുപേരാണ് മരിച്ചത്. രണ്ട് ദിവസം കൊണ്ട് 398.71 മില്ലിമീറ്റര്‍ മഴയാണ് വയനാട്ടില്‍ പെയ്തത്. ബാണാസുര സാഗര്‍ അണയുടെ നാല് ഷെട്ടറുകളും 230 സെന്റീമീറ്ററില്‍ നിന്ന് 250 സെന്റീമീറ്ററാക്കി ഉയര്‍ത്തി. ജില്ലയില്‍ 76 ദുരിതാശ്വാസ ക്യാംപുകളിലായി 4148 ആളുകളാണ് കഴിയുന്നത്. കുറിച്യാര്‍മല, സേട്ടുകുന്ന്, മണിക്കുന്ന്മല, ഓടത്തോട്, അമ്പലവയല്‍, മക്കിമല, കല്‍പ്പറ്റ, വൈത്തിരി, വെള്ളമുണ്ട പെരിങ്ങളത്ത്, മംഗലശ്ശേരി മലയിലും മക്കിയാട് പെരിഞ്ചേരിമലയിലും തരിയോട് കാപ്പുംകുന്ന് തുടങ്ങി നിരവധി പ്രദേശങ്ങളിലാണ് ചെറുതും വലുതുമായ ഉരുള്‍പൊട്ടലുകളുണ്ടായത്. പലയിടത്തും അപകട സാധ്യത കണക്കിലെടുത്ത് കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചതിനാലാണ് വലിയ ദുരന്തങ്ങള്‍ ഒഴിവായത്.
തലപ്പുഴക്കടുത്ത് മക്കിമലയിലുണ്ടായ ഉരുള്‍പൊട്ടലില്‍ മംഗലശേരി വീട്ടില്‍ റസാഖ്, ഭാര്യ സീനത്ത് എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച പുലര്‍ച്ചെ മൂന്നോടെയായിരുന്നു മക്കിമലയില്‍ ഉരുള്‍പൊട്ടിയത്. പ്രതികൂല കാലാവസ്ഥ ഇവിടെ രക്ഷാപ്രവര്‍ത്തനം ദുര്‍ഘടമാക്കി. ഉരുള്‍പൊട്ടലിന്റെ ശബ്ദം കേട്ട് റസാഖിന്റെ മൂന്ന് മക്കളും ഓടി പുറത്തിറങ്ങുകയായിരുന്നു. സമീപവാസികള്‍ ഓടിയെത്തുമ്പോഴേക്കും റസാഖിന്റെ വീട് പൂര്‍ണമായും മണ്ണിലകപ്പെട്ടിരുന്നു. റസാഖിന്റെ വീടിന് തൊട്ടടുത്തുള്ള സഹോദരി അസ്മാബിയുടെ വീടും ഉരുള്‍പൊട്ടലില്‍ തകര്‍ന്നു. അസ്മാബിയും മക്കളും ബന്ധുവീടുകളിലായിരുന്നതിനാല്‍ അപകടത്തില്‍പ്പെട്ടില്ല. തലപ്പുഴയിലേക്കുള്ള റോഡില്‍ വെള്ളം കയറിയതും റോഡുകളില്‍ മണ്ണിടിഞ്ഞും മരം വീണും ഗതാഗതം തടസപ്പെട്ടതിനാല്‍ ഫയര്‍ഫോഴ്‌സിനു പോലും സ്ഥലത്തെത്താന്‍ കഴിഞ്ഞില്ല. ജെ.സി.ബി എത്തിച്ച് മണ്ണ് മാറ്റി ഇന്നലെ ഉച്ചയ്ക്ക് 12 ഓടെയാണ് റസാഖിന്റെയും സീനത്തിന്റെയും മൃതദേഹങ്ങള്‍ പുറത്തെടുത്തത്. ജില്ലാ ആശുപത്രിയിലെത്തിച്ച മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം വൈകിട്ട് അഞ്ചോടെ പാറത്തോട്ടം ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.
ബുധനാഴ്ച രാത്രി 12ഓടെയാണ് അയ്യപ്പംകുന്നില്‍ ഉരുള്‍പൊട്ടലുണ്ടായത്. വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണാണ് കോളനിയിലെ ജോര്‍ജിന്റെ ഭാര്യ ലില്ലി(62) മരിച്ചത്. ഉടന്‍തന്നെ വൈത്തിരി പൊലിസ് രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും കാലാവസ്ഥ പ്രതികൂലമായതിനെ തുടര്‍ന്ന് തിരിച്ചില്‍ നിര്‍ത്തിവച്ചു. പിന്നീട് ഇന്നലെ പുലര്‍ച്ചെ ആറോടെ വീണ്ടും തിരച്ചില്‍ നടത്തിയാണ് ലില്ലിയുടെ മൃതദേഹം പുറത്തെടുത്തത്. തുടര്‍ന്ന് വൈത്തിരി താലൂക്ക് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ മൃതദേഹം സ്വദേശമായ വരയാലിലേക്ക് കൊണ്ടുപോയി.
കണിയാമ്പറ്റ ചിത്രമൂലയില്‍ ആളുകളെ രക്ഷിച്ച് കൊണ്ടുവരുന്നതിനിടെ കൊട്ടത്തോണി മറിഞ്ഞ് നാലുപേര്‍ ഒഴുക്കില്‍പ്പെട്ടു. ഇവരെ നാട്ടുകാര്‍ ചേര്‍ന്ന് സാഹസികമായാണ് രക്ഷിച്ചത്. കല്‍പ്പറ്റ-പടിഞ്ഞാറത്തറ-തരുവണ റോഡില്‍ പുതുശ്ശേരിക്കടവില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ഗതാഗതം പൂര്‍ണമായി മുടങ്ങി.

 

കനത്ത മഴ: ആരോഗ്യവകുപ്പിന് ജാഗ്രതാ നിര്‍ദേശം

തിരുവനന്തപുരം: വിവിധ ജില്ലകളില്‍ കനത്ത മഴയും ഉരുള്‍പൊട്ടലും ഉണ്ടായതിനെ തുടര്‍ന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ആരോഗ്യ സാമൂഹ്യനീതി മന്ത്രി കെ.കെ ശൈലജ ജാഗ്രതാ നിര്‍ദേശം നല്‍കി. മഴയെതുടര്‍ന്നുണ്ടാകുന്ന പകര്‍ച്ച വ്യാധികള്‍ക്കെതിരേ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്താനും വേണ്ട മുന്‍കരുതലെടുക്കാനും ആരോഗ്യ വകുപ്പ് ഡയരക്ടര്‍ക്കും മെഡിക്കല്‍ വിദ്യാഭ്യാസ ഡയരക്ടര്‍ക്കും മന്ത്രി നിര്‍ദേശം നല്‍കി. ആശുപത്രികളില്‍ മതിയായ ചികിത്സാ സൗകര്യവും മരുന്നുകളും ലഭ്യമാക്കാനും മന്ത്രി നിര്‍ദേശം നല്‍കി.
ഉരുള്‍പൊട്ടലുണ്ടായ സ്ഥലങ്ങളില്‍ പ്രത്യേക മെഡിക്കല്‍ ടീമിനെ സജ്ജമാക്കിയിട്ടുണ്ട്. എല്ലാ ജില്ലകളിലും ജില്ലാ മെഡിക്കല്‍ ഓഫിസര്‍മാരും ജില്ലാ പ്രോഗ്രാം മാനേജര്‍മാരും മതിയായ സൗകര്യങ്ങളൊരുക്കി വരുന്നു.
ഇടുക്കി ജലസംഭരണിയുടെ ഭാഗമായ ചെറുതോണി അണക്കെട്ടിന്റെ ഒരു ഷട്ടര്‍ ട്രയല്‍ റണ്ണിനായി തുറക്കുന്ന പശ്ചാത്തലത്തില്‍ ചെറുതോണി, തടിയമ്പാട്, ചേലച്ചുവട് എന്നിവിടങ്ങളില്‍ മെഡിക്കല്‍ ടീമിനെ നിയോഗിച്ചിട്ടുണ്ട്. കീരിത്തോട്, ചപ്പാത്ത്, ചെറുതോണി എന്നിവിടങ്ങളില്‍ ആംബുലന്‍സ് സൗകര്യവും ഉറപ്പാക്കിയിട്ടുണ്ട്. വെള്ളം ഒഴുകാന്‍ സാധ്യതയുള്ള അഞ്ച് പഞ്ചായത്തുകളിലും വേണ്ടത്ര മുന്‍കരുതലുകള്‍ ആരോഗ്യ വകുപ്പ് സ്വീകരിച്ചിട്ടുണ്ട്.

 

താമരശ്ശേരി ചുരമിടിഞ്ഞു; 12 മണിക്കൂര്‍ ഗതാഗതം തടസപ്പെട്ടു

താമരശ്ശേരി: കോഴിക്കോട്-കൊല്ലഗല്‍ ദേശീയപാതയില്‍ താമരശ്ശേരി ചുരം റോഡില്‍ മണ്ണിടിഞ്ഞുവീണ് 12 മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. കനത്ത മഴയില്‍ ബുധനാഴ്ച രാത്രി പന്ത്രണ്ടോടെയാണ് മണ്ണിടിഞ്ഞു ഗതാഗതം തടസപ്പെട്ടത്. ഒന്‍പതാം വളവിന് സമീപം ചുരത്തിന് മുകളില്‍നിന്ന് റോഡിലേക്ക് വലിയ പാറക്കല്ലുകളും മണ്ണും മരങ്ങളും വന്നടിയുകയായിരുന്നു. ഇതോടെ ഈവഴിയുള്ള ഗതാഗതം പൂര്‍ണമായും തടസപ്പെട്ടു. റോഡില്‍ കുടുങ്ങിയ രണ്ട് ബസുകളിലും മറ്റു വാഹനങ്ങളിലുമുള്ള യാത്രക്കാരെ പൊലിസും ചുരം സംരക്ഷണ സമിതി പ്രവര്‍ത്തകരും സുരക്ഷിത സ്ഥലത്തേക്ക് മാറ്റി. ഇന്നലെ വൈകിട്ട് നാലുമണിയോടെയാണ് ഗതാഗതം പുനഃസ്ഥാപിക്കാനായത്.
തകരപ്പാടിക്കു സമീപം പിക്കപ്പ് വാനിന് മുകളില്‍ മരം വീണ് ഡ്രൈവര്‍ക്ക് പരുക്കേറ്റു. ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. പിക്കപ്പിന് കേടുപാടുകള്‍ പറ്റി.

 

എസ്.കെ. എസ്. എസ്.എഫ് ദുരിതാശ്വാസ നിധി സമാഹരിക്കും

കോഴിക്കോട്: മഴക്കെടുതിയെ തുടര്‍ന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതിന് ദുരിതാശ്വാസനിധി സമാഹരിക്കാന്‍ എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു.
കാലവര്‍ഷക്കെടുതി മൂലം പ്രയാസമനുഭവിക്കുകയും വലിയ സാമ്പത്തിക നഷ്ടം ഉണ്ടാവുകയും ചെയ്തവരെ നേരിട്ട് സഹായിക്കുന്നതിന് വേണ്ടി സ്വരൂപിക്കുന്ന ഈ പദ്ധതിയിലേക്ക് പരമാവധി സംഭാവന എത്തിക്കാന്‍ പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ അഭ്യര്‍ഥിച്ചു.
പള്ളികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, കച്ചവട സ്ഥാപനങ്ങള്‍, വ്യവസായ വാണിജ്യ മേഖലയിലെ ഉദാരമതികള്‍, പ്രവാസി സഹോദരങ്ങള്‍ തുടങ്ങി എല്ലാ മേഖലയിലുള്ളവരും ഈ പദ്ധതി വിജയിപ്പിക്കാന്‍ രംഗത്തിറങ്ങണമെന്ന് അദ്ദേഹം പറഞ്ഞു. ഇന്ന് പള്ളികളില്‍ ആവശ്യമായ ഉദ്‌ബോധനം നടത്തി സംഭാവന സ്വരൂപിക്കാന്‍ മഹല്ല് ഭാരവാഹികള്‍ സഹകരിക്കണമെന്നും തങ്ങള്‍ അഭ്യര്‍ഥിച്ചു.
ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവനകള്‍ : എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റി , അക്കൗണ്ട് നമ്പര്‍ 67089387974, കഎടഇ ടആകച 0070301, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ആനി ഹാള്‍ റോഡ് ബ്രാഞ്ച് , കോഴിക്കോട് എന്ന അക്കൗണ്ടിലേക്ക് അയക്കണമെന്ന് തങ്ങള്‍ അറിയിച്ചു.

 

മൂലത്തറ റെഗുലേറ്ററിലെ ബണ്ട് വീണ്ടും തകര്‍ന്നു


പാലക്കാട്: ആളിയാറില്‍ നിന്ന് കൂടുതല്‍ വെള്ളം തുറന്നുവിട്ടതിനാല്‍ മൂലത്തറ റെഗുലേറ്ററിലെ വലതുകര കനാലിനു സമീപത്തെ ബണ്ട് വീണ്ടും തകര്‍ന്നു. ഒന്‍പതു വര്‍ഷം മുന്‍പ് ഇതുപോലെ മുന്നറിയിപ്പില്ലാതെ തമിഴ്‌നാട് വെള്ളം തുറന്നുവിട്ടതിനാല്‍ മൂലത്തറ തകര്‍ന്നിരുന്നു. ഇതേതുടര്‍ന്ന് എവിടെ ബണ്ട് കെട്ടി വെള്ളം തടഞ്ഞുവച്ച ഭാഗമാണ് ഇന്നലെ തകര്‍ന്നത്. ഇതു ഡാമിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കു ഭീക്ഷണിയായിട്ടുണ്ട്.
ഇന്നലെ രാത്രി ആളിയാര്‍ ഡാമില്‍ നിന്ന് 5000 ഘനയടി വെള്ളമാണ് തുറന്നുവിട്ടത്. ഇതിനു പുറമെ ആനമല, അമ്പ്രാംപാളയം എന്നിവിടങ്ങളിലെ മഴവെള്ളവും കുത്തിയൊലിച്ചെത്തിയതോടെ മൂലത്തറയില്‍ സംഭരിക്കുന്ന വെള്ളത്തിന്റെ അളവ് കൂടിയത് ബണ്ട് തകരാന്‍ ഇടയാക്കി. ഇതോടെ ചിറ്റൂര്‍ പുഴയില്‍ വെള്ളം കയറി ആറോളം പാലങ്ങള്‍ വെള്ളത്തിനടിയിലായിട്ടുണ്ട്.
യാക്കരപ്പുഴയിലും വെള്ളം കയറി. മൂലത്തറ റെഗുലേറ്ററിന്റെ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ഇടതുകര കനാല്‍ വഴി വെള്ളം തുറക്കാന്‍ കഴിയില്ല. ഇതു കാരണം കമ്പലത്തറ, വെങ്കലക്കയം ഏരിയകളില്‍ വെള്ളം സംഭരിക്കാന്‍ കഴിയില്ല. മീങ്കരയിലും വെള്ളം ശേഖരിക്കാന്‍ കഴിയാത്ത അവസ്ഥയാണ്. ജില്ലയില്‍ എല്ലാ ഡാമുകളും തുറന്നിട്ടും മീങ്കര, ചുള്ളിയാര്‍ ഡാമുകളില്‍ വെള്ളം നിറഞ്ഞിട്ടില്ല.

 

 

സംസ്ഥാനത്തേത് അതീവ ഗുരുതര സാഹചര്യം: മുഖ്യമന്ത്രി


സെക്രട്ടേറിയറ്റില്‍ 24 മണിക്കൂര്‍ നിരീക്ഷണ സെല്‍

നെഹ്‌റു ട്രോഫി വള്ളംകളി മാറ്റിവച്ചു

തിരുവനന്തപുരം: കനത്ത മഴയെ തുടര്‍ന്ന് കേരളത്തില്‍ ഇപ്പോഴുള്ളത് അതീവ ഗുരുതര സാഹചര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത് നേരിടാന്‍ സര്‍ക്കാര്‍ സജ്ജമാണെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അടിയന്തര സാഹചര്യം കണക്കിലെടുത്ത് സെക്രട്ടേറിയറ്റില്‍ അഡീഷനല്‍ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യന്റെ നേതൃത്വത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നിരീക്ഷണ സെല്ലും ജില്ലകളില്‍ കലക്ടര്‍മാരുടെ നേതൃത്വത്തില്‍ സെല്ലുകളും പ്രവര്‍ത്തിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ദുരന്തനിവാരണത്തിന് ആര്‍മി, എയര്‍ഫോഴ്‌സ്, നേവി, കോസ്റ്റ് ഗാര്‍ഡ്, എന്‍.ഡി.ആര്‍.എഫ്, മിലിട്ടറി എന്‍ജിനീയറിങ് സര്‍വിസ് എന്നിവയും രംഗത്തുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, ഇടുക്കി എന്നീ ജില്ലകളില്‍ ആര്‍മിയുടെ ഒരു കമ്പനിയുടെ സേവനം ലഭ്യമാക്കി. രണ്ടു കമ്പനി പാങ്ങോട് മിലിട്ടറി ക്യാംപില്‍ സജ്ജമായി നില്‍ക്കുന്നുണ്ട്. വയനാട്ടില്‍ ഒറ്റപ്പെട്ടുപോയവരെ രക്ഷിക്കുന്നതിന് നാവികസേനയുടെ വിമാനം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ദേശീയ ദുരന്തപ്രതികരണ സേനയുടെ (എന്‍.ഡി.ആര്‍.എഫ്) മൂന്ന് സംഘങ്ങള്‍ ഇപ്പോള്‍ തന്നെ ആലപ്പുഴ, എറണാകുളം, കോഴിക്കോട് ജില്ലകളില്‍ രംഗത്തുണ്ട്. രണ്ട് സംഘങ്ങള്‍ കൂടി എത്തും. ഇതിനുപുറമെ ആറ് എന്‍.ഡി.ആര്‍.എഫ് സംഘങ്ങളെക്കൂടി സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
സൈന്യത്തിന് രക്ഷാപ്രവര്‍ത്തനത്തിന് ആവശ്യമായ യന്ത്രങ്ങളും ഉപകരണങ്ങളും ബംഗളൂരുവില്‍ നിന്ന് അടിയന്തരമായി വിമാനത്തില്‍ കോഴിക്കോട്ടും കൊച്ചിയിലും എത്തിച്ചു. ഇവ റോഡ് മാര്‍ഗം കൂടുതല്‍ കെടുതി നേരിടുന്ന പ്രദേശങ്ങളിലേക്ക് കൊണ്ടുപോയെന്നും മുഖ്യമന്ത്രി പറഞ്ഞു. കക്കി ഡാം തുറക്കേണ്ടിവരുമ്പോള്‍ കുട്ടനാട്ടില്‍ വെള്ളം പൊങ്ങാന്‍ സാധ്യതയുണ്ട്. അതിനാല്‍ നാളെ നടത്താന്‍ നിശ്ചയിച്ചിരുന്ന നെഹ്‌റു ട്രോഫി വള്ളം കളി മാറ്റിവച്ചതായും മുഖ്യമന്ത്രി അറിയിച്ചു. രക്ഷാപ്രവര്‍ത്തനത്തിനും ദുരിതാശ്വാസപ്രവര്‍ത്തനത്തിനും ജനപ്രതിനിധികളെ സജീവമായി പങ്കാളികളാക്കണമെന്ന് ജില്ലാ കലക്ടര്‍മാരോട് നിര്‍ദേശിച്ചിട്ടുണ്ട്.
അണക്കെട്ടുകള്‍ തുറക്കുന്ന സ്ഥലത്തേക്ക് ജനങ്ങള്‍ പ്രവേശിക്കരുത്. ദുരന്തസ്ഥലങ്ങളിലെ ദൃശ്യങ്ങള്‍ പകര്‍ത്താനും ജനങ്ങള്‍ പോകരുതെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.വിനോദസഞ്ചാരികള്‍ ജാഗ്രത പാലിക്കണം. വെള്ളം പൊങ്ങുന്ന സ്ഥലങ്ങളിലേക്ക് പോകരുത്. വെള്ളപ്പൊക്കവും ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും ഉണ്ടാകുന്ന സാഹചര്യത്തില്‍ വാവുബലി ചടങ്ങുകളില്‍ പങ്കെടുക്കുന്നവര്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണം. വെള്ളം കയറിയ സ്ഥലങ്ങളില്‍ വാവുബലിയുടെ ചടങ്ങുകള്‍ നടത്തുമ്പോള്‍ അതീവജാഗ്രത വേണം. അപകടങ്ങള്‍ ഒഴിവാക്കുന്നതിനാവശ്യമായ ക്രമീകരണങ്ങള്‍ നടത്താന്‍ പൊലിസിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ദുരന്തനിവാരണദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ വിവിധ വകുപ്പുകളുടെ ഏകോപനം ഉറപ്പാക്കും. വിവിധ ജില്ലകളില്‍ മന്ത്രിമാര്‍ക്ക് ചുമതല നല്‍കിയിട്ടുമുണ്ട്. ദുരിതാശ്വാസത്തിന് പൊലിസ്, ഫയര്‍ഫോഴ്‌സ് വിഭാഗങ്ങളും സജീവമായി രംഗത്തുണ്ട്.
കാലവര്‍ഷക്കെടുതി വിലയിരുത്താന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ പ്രത്യേകയോഗം ചേര്‍ന്നു. യോഗത്തില്‍ മന്ത്രിമാരായ ഇ. ചന്ദ്രശേഖരന്‍, മാത്യു ടി. തോമസ്, ഡോ. ടി.എം. തോമസ് ഐസക്, ജി. സുധാകരന്‍, ഡി.ജി.പി ലോക്‌നാഥ് ബഹ്‌റ, ചീഫ് സെക്രട്ടറി ടോം ജോസ്, അഡീ. ചീഫ് സെക്രട്ടറി പി.എച്ച്. കുര്യന്‍, ഫയര്‍ ഫോഴ്‌സ് മേധാവി എ. ഹേമചന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

ദുരന്തമുഖം നേരിട്ടുകണ്ട് കേന്ദ്രസംഘം


കോഴിക്കോട്: കാലവര്‍ഷക്കെടുതി വിലയിരുത്താന്‍ എത്തിയ കേന്ദ്രസംഘം ഇന്നലെ ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ കണ്ണപ്പന്‍കുണ്ടും മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ട വയനാട് ചുരവും സന്ദര്‍ശിച്ച് ദുരന്തത്തിന്റെ ആഴം വിലയിരുത്തി. കോഴിക്കോട് എത്തിയ സംഘം ജില്ലയിലെ പ്രളയബാധിത സ്ഥലങ്ങളും സന്ദര്‍ശിച്ചു. ഹൈദരാബാദ് ഡി.ഒ.ഡി ഡയരക്ടര്‍ ഇന്‍ ചാര്‍ജ് ബി.കെ ശ്രീവാസ്തവയുടെ നേതൃത്വത്തിലുള്ള സംഘമാണ് സന്ദര്‍ശനം നടത്തിയത്.
സെന്‍ട്രല്‍ ഇലക്ട്രിസിറ്റി അതോറിറ്റി ഡപ്യൂട്ടി ഡയരക്ടര്‍ നര്‍സി റാം മീണ, ഉപരിതല ഗതാഗത മന്ത്രാലയം റീജണല്‍ ഓഫിസര്‍ വി.വി ശാസ്ത്രി എന്നിവരാണ് സംഘത്തിലുള്ളത്. കേന്ദ്രസംഘത്തിനു മുന്നില്‍ ജില്ലാ കലക്ടര്‍ യു.വി ജോസ് മെയ് മുതല്‍ ജില്ലയിലുണ്ടായ മഴക്കെടുതികള്‍, ഉരുള്‍പൊട്ടല്‍, കടലാക്രമണം, വെള്ളപ്പൊക്കം, കൃഷിനാശം തുടങ്ങിയവ വിശദീകരിച്ചു.
തുടര്‍ന്ന് കട്ടിപ്പാറയില്‍ ഉരുള്‍പൊട്ടി 14 പേര്‍ മരിച്ച കരിഞ്ചോലമല, ഉരുള്‍പ്പൊട്ടലുണ്ടായ കണ്ണപ്പന്‍കുണ്ട്, മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ട വയനാട് ചുരം, കോടഞ്ചേരി, ഇരുമ്പ് കടവ്, ഇരുവഴിഞ്ഞി പുഴ, ആനക്കാം പൊയില്‍, മറിപ്പുഴപ്പാലം, മുക്കം തുടങ്ങിയ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു. കെടുതികള്‍ അതീവ ഗൗരവമുള്ളതാണെന്നും സാമ്പത്തിക സഹായത്തിനാവശ്യമായ റിപ്പോര്‍ട്ട് നല്‍കുമെന്നും സംഘത്തിന് നേതൃത്വം നല്‍കുന്ന ബി.കെ ശ്രീവാസ്തവ പറഞ്ഞു.
എം.എല്‍.എമാരായ പുരുഷന്‍ കടലുണ്ടി, കാരാട്ട് റസാഖ്, ജോര്‍ജ് എം. തോമസ് എന്നിവര്‍ വിവിധയിടങ്ങളില്‍ സംഘവുമായി ചര്‍ച്ച നടത്തി. ദുരന്തനിവാരണ ഡെപ്യൂട്ടി കലക്ടര്‍ എന്‍. റംല, താമരശേരി തഹസില്‍ദാര്‍ മുഹമ്മദ് റഫീഖ്, വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും സംഘത്തെ അനുഗമിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.