2018 November 17 Saturday
ജീവിച്ചതല്ല ജീവിതം, നാം ഓര്‍മയില്‍ വയ്ക്കുന്നതാണ്, പറഞ്ഞു കേള്‍പ്പിക്കാന്‍ വേണ്ടി നാം ഓര്‍മ്മയില്‍ വയ്ക്കുന്നതാണു ജീവിതം

കനയ്യയ്ക്ക് വിമാനത്തിലും കൈയേറ്റം

മുംബൈ: ജെ.എന്‍.യു വിദ്യാര്‍ഥി യൂനിയന്‍ അധ്യക്ഷന്‍ കനയ്യ കുമാറിനെതിരേ വിമാനത്തിലും കൈയേറ്റം. മുംബൈയില്‍ നിന്നും പൂനയിലേക്കുള്ള യാത്രാമധ്യേയാണ് സംഭവം. ബി.ജെ പി ക്കാരനായ മനാസ് ദേഖയെന്ന സഹയാത്രികനാണ് കനയ്യയുടെ കഴുത്തിന് ഞെക്കി അപായപ്പെടുത്താന്‍ ശ്രമിച്ചത്.

കനയ്യകുമാര്‍ തന്നെയാണ് ഇക്കാര്യം പുറത്ത് വിട്ടത്. മുംബൈയില്‍ വച്ച് തനിക്ക് വധശ്രമം നേരിടേണ്ടി വന്നെന്നാണ് കനയ്യ കുമാര്‍ തന്റെ ട്വിറ്ററിലൂടെ വെളിപ്പെടുത്തിയത്. സംഭവത്തില്‍ പരാതി പെട്ടിട്ടും വിമാന അധികൃതര്‍ നടപടി സ്വീകരിക്കാന്‍ കൂട്ടാക്കിയില്ലെന്നും കനയ്യ പറഞ്ഞു. പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കാനാണ് കനയ്യ മുംബൈയിലെത്തിയത്. ഇവിടെ നിന്നും പൂനയിലേക്ക് പോകവെ ജറ്റ് എയര്‍ലൈന്‍സ് വിമാനത്തില്‍ കയറിയ ഉടനെയാണ് സംഭവമുണ്ടായത്. അക്രമിയെ വിമാന ജീവനക്കാരും മറ്റു യാത്രക്കാരും ചേര്‍ന്ന് പിടിച്ചു മാറ്റുകയായിരുന്നു. എന്നാല്‍ മനാസ്‌ദേഖ സംഭവം നിഷേധിച്ചിട്ടുണ്ട്. ഇത് കനയ്യയുടെ പബ്ലിസിറ്റി സ്റ്റണ്ടാണെന്നാണ് ഐ.ടി ജീവനക്കാരനായ ഇയാളുടെ പ്രതികരണം. സംഭവത്തെ തുടര്‍ന്ന് കനയ്യ കുമാറിനെയും അക്രമിയെയും വിമാനത്തില്‍നിന്നും ഇറക്കിവിട്ടു.ഇതോടെ പൂനെയിലേക്കുള്ള കനയ്യയുടെ യാത്ര മുടങ്ങി. ഇന്നലെ രാവിലെ പത്ത് മണിയോടെയാണ് സംഭവം.കനയ്യയ്ക്ക് സംഘപരിവാര്‍ സംഘടനകളില്‍ നിന്നും വധഭീഷണിയുണ്ട്. അടുത്തിടെ കനയ്യ കുമാറിനെയും ഉമര്‍ ഖാലിദിനെയും കൊല്ലുമെന്ന ഭീഷണക്കത്തും പുറത്ത് വന്നിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് ഔദ്യോഗിക വിശദീകരണം ഇതുവരെ പുറത്ത് വന്നിട്ടില്ല. ജെറ്റ് എയര്‍വെയ്‌സിലെ ജീവനക്കാര്‍ തന്നെ സഹായിക്കുന്ന നിലപാട് എടുത്തില്ലെന്നും തര്‍ക്കം ഉണ്ടായപ്പോള്‍ രണ്ടുപേരെയും വിമാനത്തില്‍നിന്ന് ഇറക്കിവിടുകയായിരുന്നെന്നും കനയ്യ കുമാര്‍ ആരോപിച്ചു.
പിന്തുണയുമായി ഉദ്ധവ്

മുംബൈ: കനയ്യയ്ക്ക് പിന്തുണയുമായി ഉദ്ധവ് താക്കറെ.കേന്ദ്രസര്‍ക്കാരും ബി.ജെ.പി നേതൃത്വവും കനയ്യകുമാറിനെ രാജ്യദ്രോഹിയായി മുദ്രകുത്തുന്നതിനെ കുറ്റപ്പെടുത്തിയാണ് ശിവസേനാ നേതാവ് ഉദ്ധവ് താക്കറെ രംഗത്തെത്തിയത്. കനയ്യകുമാറിനെ സൃഷ്ടിച്ചത് ബി.ജെ.പി സര്‍ക്കാരാണെന്നും അതേസര്‍ക്കാര്‍ തന്നെ കനയ്യയെ ദേശദ്രോഹിയായി ചിത്രീകരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. രാജ്യത്തെ യുവജനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ തീരുമാനമെടുക്കുമ്പോള്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തണമെന്ന ഉപദേശവും ഉദ്ധവ് കേന്ദ്രത്തിന് നല്‍കുന്നുണ്ട്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.