2020 February 19 Wednesday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

കത്തുന്ന സൂര്യന് കീഴേ തളര്‍ന്ന കൗമാരം; ഉദിച്ചത് ചെറു മിന്നലാട്ടങ്ങള്‍ മാത്രം

യു.എച്ച് സിദ്ദീഖ്

തേഞ്ഞിപ്പലം: ബാലാവകാശ കമ്മിഷന്‍ കണ്ടിരുന്നോ കത്തുന്ന സൂര്യന് കീഴേ ഓടിത്തളര്‍ന്ന കായിക കൗമാരങ്ങളെ. കുട്ടികളുടെ അവകാശങ്ങള്‍ക്കായി രംഗത്തുള്ള ബാലാവകാശ കമ്മിഷന്‍ ഇനിയെങ്കിലും സ്‌കൂള്‍ കായിക മേളകളിലെ തെറ്റായ പ്രവണതകളിലേക്ക് കണ്ണു തുറക്കണം. പകല്‍ പത്തിനും മൂന്നിനും ഇടയില്‍ കുട്ടികളെ നിരത്തിലോ മൈതാനങ്ങളിലോ ഇറക്കി പ്രദര്‍ശിപ്പിക്കരുതെന്ന നിര്‍ദേശം നിലനില്‍ക്കുന്നു. വജ്രജൂബിലിയുടെ നിറവില്‍ കൗമാര കായിക മാമാങ്കത്തിന് കൊടിയിറങ്ങിയിരിക്കുന്നു. പൊരി വെയിലത്തായിരുന്നു ട്രാക്കിലും ഫീല്‍ഡിലും കായിക മാമാങ്കം അരങ്ങേറിയത്. പുലര്‍ച്ചെ ആറ് മുതല്‍ പത്ത് വരെയും വൈകിട്ട് നാല് മുതല്‍ രാത്രി എട്ടു വരെയും കായിക മത്സരങ്ങള്‍ നടത്തി കുരുന്നു പ്രതിഭകളെ സംരക്ഷിക്കാന്‍ ഇനിയെങ്കിലും അധികൃതര്‍ മുന്നോട്ടു  വരുമെന്ന് പ്രതീക്ഷിക്കാം.

ഇനി മീറ്റിലെ പ്രകടനങ്ങളിലൂടെ സഞ്ചരിക്കാം. പാലക്കാട് മൂന്നു വര്‍ഷത്തിന് ശേഷം എറണാകുളത്തിന്റെ അപ്രമാദിത്വത്തിന് തടയിട്ട് കിരീടം തിരിച്ചു പിടിച്ചു. കാര്യമായ നേട്ടങ്ങളും പുതിയ താരോദയങ്ങളും ഇല്ലാതെയാണ് 60 ാമത് സംസ്ഥാന സ്‌കൂള്‍ കായികോത്സവം സമാപിച്ചത്. ഒറ്റപ്പെട്ട ചില മിന്നലാട്ടങ്ങളല്ലാതെ പുത്തന്‍ താരോദയങ്ങള്‍ ഉദിച്ചുയര്‍ന്നില്ല. കോതമംഗലം മാര്‍ ബേസില്‍ പതിവ് പോലെ ചാംപ്യന്‍ പട്ടം നിലനിര്‍ത്തി. മേളയിലെ രാജാക്കന്‍മാരായിരുന്ന പല സ്‌കൂളുകളും പ്രകടനത്തില്‍ പിന്നാക്കം പോയി. സ്പ്രിന്റില്‍ പുതിയ റെക്കോര്‍ഡുകളൊന്നും പിറന്നില്ല. കല്ലടി സ്‌കൂളിലെ സി ബബിതയുടെ ഡബിള്‍ റെക്കോര്‍ഡ് പ്രകടനം മാത്രമാണ് എടുത്തു പറയാനുള്ളത്. ജൂനിയര്‍ വിഭാഗം സ്്പ്രിന്റ് റിലേയില്‍ മാത്രമായിരുന്നു കാര്യമായ പ്രകടനം നടന്നത്. 28 വര്‍ഷം നിലനിന്ന റെക്കോര്‍ഡ് മറികടന്ന കോഴിക്കോടിന്റെ സ്പ്രിന്റര്‍മാര്‍ മികച്ച പ്രകടനം പുറത്തെടുത്തു. പുതിയ ട്രാക്കും പുതിയ മൈതാനവും കീഴടക്കാന്‍ അപൂര്‍വം ചില താരങ്ങള്‍ക്ക് മാത്രമാണ് സാധിച്ചത്.

വജ്രജൂബിലി മേളയില്‍ പാലക്കാടിന് കിരീടം സമ്മാനിച്ച മിന്നുന്ന പ്രകടനവുമായി കല്ലടി സ്‌കൂള്‍ ട്രാക്കിലേക്കും ഫീല്‍ഡിലേക്കും തിരിച്ചെത്തി. മലപ്പുറം ഐഡിയല്‍ സ്‌കൂളും നേട്ടങ്ങളുടെ നെറുകയിലേക്ക് ഓടിക്കയറി. ഇല്ലായ്മകളുടെ നടുവില്‍ നിന്നെത്തിയ നാട്ടിക സ്‌പോര്‍ട്‌സ് അക്കാദമിയും മികവ് പുലര്‍ത്തി. തിരുവനന്തപുരം സായിയും പാലക്കാട് മുണ്ടൂര്‍ സ്‌കൂളും ഏറെ കാലങ്ങള്‍ക്ക് ശേഷം തിരിച്ചു വരവറിയിച്ചു. മികച്ച താരങ്ങളെല്ലാം പടിയിറങ്ങിയതോടെ ഏറെക്കാലം ട്രാക്കിലും ഫീല്‍ഡിലും അത്യുന്നതങ്ങളില്‍ വിരാചിച്ച പറളി സ്‌കൂളിന് തേഞ്ഞിപ്പലത്ത് തിരിച്ചടി നേരിടേണ്ടി വന്നു. മാതിരപ്പള്ളി പിന്നാക്കം പോയപ്പോള്‍ മേഴ്‌സിക്കുട്ടന്‍ അക്കാദമിക്കും കാര്യമായ നേട്ടങ്ങളില്ലാതെയാണ് മീറ്റ് കടന്നു പോയത്. വിരലിലെണ്ണാവുന്നവര്‍ മാത്രമാണ് ഇത്തവണ മേളയുടെ താരങ്ങളായത്.

സ്‌കൂള്‍ ട്രാക്കിലെ അവസാന പോരാട്ടത്തിനിറങ്ങിയ സി ബബിതയുടെയും ബിബിന്‍ ജോര്‍ജും അഭിനന്ദനം അര്‍ഹിക്കുന്നു. അബിത മേരി മാനുവല്‍, അപര്‍ണ റോയ്, ജിഷ്ണ, ഗായത്രി ശിവകുമാര്‍ തുടങ്ങിയ താരങ്ങളും പ്രകടനത്തില്‍ മികവ് പുലര്‍ത്തി. പത്തനംതിട്ടയുടെ അനന്തു വിജയനാണ് എടുത്തു പറയേണ്ട മറ്റൊരു താരം. ഇല്ലായ്മകളുടെ നടുവില്‍ നിന്നാണ് അനന്തു ട്രാക്കിലെ മിന്നുന്ന താരമായത്. ഉഷ സ്‌കൂളിലെ എല്‍ഗ തോമസ് സബ് ജൂനിയര്‍ വിഭാഗത്തില്‍ പ്രതീക്ഷ ഉണര്‍ത്തുന്ന പ്രകടനമാണ് നടത്തിയത്. എന്നാല്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ പുത്തന്‍താരോദയങ്ങളില്ല.

പെണ്‍കുട്ടികളുടെ ഹൈജംപ് പോള്‍വോള്‍ട്ട് പിറ്റില്‍ കണ്ട ത്രസിപ്പിക്കുന്ന പോരാട്ടങ്ങള്‍ മാത്രം മതി പ്രതീക്ഷകള്‍ അസ്തമിച്ചിട്ടില്ലെന്ന് തെളിയിക്കാന്‍. ജിഷ്ണയും ഗായത്രിയും ഏറ്റുമുട്ടിയ പോരാട്ടം എടുത്ത് പറയേണ്ടത് തന്നെയാണ്. ജൂനിയര്‍ വിഭാഗം ഹൈജംപില്‍ 1.70 മീറ്റര്‍ ചാടിയായിരുന്നു ജിഷ്ണയുടെ സുവര്‍ണ നേട്ടം. എന്നാല്‍, സീനിയര്‍ വിഭാഗത്തില്‍ സ്വര്‍ണം നേടിയ കെ.എ റുബീന ചാടിയത് 1.64 മീറ്റര്‍ മാത്രം. മറ്റൊരു ത്രസിപ്പിക്കുന്നതും മികച്ചതുമായ പോരാട്ടം നടന്നത്  സീനിയര്‍ പെണ്‍കുട്ടികളുടെ 1500 മീറ്ററില്‍. ഒളിംപ്യന്‍ പി.ടി ഉഷയുടെ ശിഷ്യ അബിത മേരി മാനുവലും രാമചന്ദ്രന്‍ മാഷിന്റെ ശിഷ്യ കല്ലടിയുടെ ബബിതയും തമ്മിലെ ഇഞ്ചോടിഞ്ച് പോരാട്ടം ആവേശം വിതയ്ക്കുന്നതായി.
 നിരവധി താരങ്ങളാണ് സ്‌കൂള്‍ മീറ്റില്‍ നിന്നും വിടപറയുന്നത്. പാലക്കാട്ടെ കുട്ടികളെ സര്‍വിസസ് താരങ്ങളായി നാളെകളിലും രാജ്യത്തെ ട്രാക്കുകളില്‍ കാണാം. ഇതിന് മുന്‍പ് സ്‌കൂള്‍ മീറ്റിന്റെ ട്രാക്കില്‍ നിന്നും പോയ പാലക്കാട്ടെ കുട്ടികളെ എയര്‍ഫോഴ്‌സ്, നേവി, ആര്‍മി താരങ്ങളായി ശോഭിക്കുന്നു.

എന്നാല്‍, ചാംപ്യന്‍ സ്‌കൂളുകളായ മാര്‍ ബേസിലിലെയും സെന്റ് ജോര്‍ജിലെയും താരങ്ങള്‍ സ്‌കൂള്‍ കളിക്കളം വിട്ടാല്‍ എങ്ങോട്ടു പോകുന്നു എന്നത് കാലങ്ങളായി ഉയരുന്ന ചോദ്യമാണ്. മിന്നുന്ന പ്രകടവുമായി സ്‌കൂള്‍ ട്രാക്കിനോട് വിടപറയുന്ന ബിബിന്‍ ജോര്‍ജ് ട്രാക്കില്‍ തന്നെ ഉണ്ടാവുമെന്ന് പ്രതീക്ഷിക്കാം


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.