
ന്യൂഡല്‍ഹി: വിവാദമായ കണ്ണൂര്‍ മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥി പ്രവേശനം സംബന്ധിച്ച് ആവശ്യമെങ്കില്‍ സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിടുന്ന കാര്യം പരിഗണിക്കുമെന്ന് സുപ്രിംകോടതി. 2016- 17 അധ്യയന വര്‍ഷം പ്രവേശനം നേടിയ വിദ്യാര്‍ഥികളില്‍ നിന്നു വാങ്ങിയ ഫീസ് മടക്കി നല്‍കിയില്ലെങ്കില്‍ കണ്ണൂര്‍ മെഡിക്കല്‍ കോളജ് ഗുരുതര പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ രണ്ടംഗ സുപ്രിംകോടതി ബെഞ്ച് വ്യക്തമാക്കി.
വിദ്യാര്‍ഥികളില്‍നിന്നു വാങ്ങിയ ഫീസിന്റെ ഇരട്ടി തുക മടക്കി നല്‍കണം. വാങ്ങിയ തുക അറിയാന്‍ വിദ്യാര്‍ഥികള്‍ക്കു പറയാനുള്ളത് കേള്‍ക്കുമെന്നും രണ്ടംഗബെഞ്ച് അറിയിച്ചു. വിദ്യാര്‍ഥികളില്‍ നിന്ന് 40 ലക്ഷം രൂപ വരെ കോളജ് മാനേജ്മെന്റ് വാങ്ങിയതായി പ്രവേശന മേല്‍നോട്ട കമ്മിറ്റി കോടതിയെ അറിയിച്ചു. കോളജിന് പ്രവേശന അനുമതി നല്കിയ ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ (എം.സി.ഐ) നല്കിയ ഹരജിയാണ് സുപ്രിംകോടതി മുന്‍പാകെയുള്ളത്. കേസ് ബുധനാഴ്ച വീണ്ടും പരിഗണിക്കും.
ഇന്നലെ കേസ് പരിഗണിച്ചപ്പോള്‍ 20 ലക്ഷം രൂപ വിദ്യാര്‍ഥികളുടെ ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിച്ചതായി കോളജിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന് മുകുള്‍ റോഹ്തഗി കോടതിയെ അറിയിച്ചു. എന്നാല്‍ വിദ്യാര്‍ഥികളില്‍ നിന്ന് 30 മുതല്‍ 40 ലക്ഷം വരെ കോളജ് ഫീസ് ഇനത്തില്‍ വാങ്ങിയിട്ടുണ്ടെന്നു പ്രവേശന മേല്‍നോട്ട കമ്മിറ്റി കോടതിയില്‍ വാദിച്ചു. വാദം മാനേജ്മെന്റ് ശക്തമായി നിഷേധിച്ചതോടെ ഇടപെട്ട ജസ്റ്റിസ് അരുണ്‍മിശ്ര, നല്കിയ പണത്തിന്റെ രേഖകള്‍ ഹാജരാക്കിയാല്‍ പരിശോധിക്കാമെന്ന് അറിയിച്ചു. ഇതിനുപിന്നാലെയാണ് കൂടുതല്‍ പണം വാങ്ങിയിട്ടുണ്ടെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ വേണമെങ്കില്‍ സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിടുമെന്ന് ബെഞ്ച് വ്യക്തമാക്കിയത്.